ഒബ്‌ളൈറ്റ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് രജത ജൂബിലി ആഘോഷിച്ചു
ഒബ്‌ളൈറ്റ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് രജത ജൂബിലി ആഘോഷിച്ചു
സി.സ്റ്റെല്ല ബെഞ്ചമിൻ
തിരുവനന്തപുരം: ഒബ്‌ളൈറ്റ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് എന്ന കോൺഗ്രിഗേഷൻ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷങ്ങൾ പൂർത്തിയായതിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ടുള്ള ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം നേതൃത്വം നൽകി. നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ, പുനലൂർ രൂപത ബിഷപ്പ് ഡോ. സിൽവെസ്റ്റർ പൊന്നുമുത്തൻ, നെയ്യാറ്റിൻകര വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്, മോൺ. റൂഫസ് പയസ് ലീൻ തുടങ്ങിയവർ സഹകാർമ്മികരായി.
വചന പ്രഘോഷണത്തിൽ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം,
ഒബ്‌ളൈറ്റ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സഭാ സ്ഥാപകയായ വാഴ്ത്തപ്പെട്ട തെരേസാ കസീനിയ്ക്ക് ദൈവത്തോട് ഉണ്ടായിരുന്ന പരിപൂർണ്ണ ആശ്രയവും വിധേയത്വവും ശിശു സഹജമായ നിഷ്ക്കളങ്കതയോടു കൂടിയുള്ള ജീവിത ശൈലിയും, ക്രിസ്തുനാഥന്റെ വേദനിക്കുന്ന ഹൃദയം തെരേസാ കസീനിയ്ക്ക് ദർശിക്കുവാനിടയാക്കിയെന്നും അതുകൊണ്ടുതന്നെ, പുരോഹിതരുടെ വിശ്വസ്തതയില്ലാത്ത ജീവിതം യേശു നാഥന്റെ ഹൃദയത്തെ കുത്തി മുറിവേൽപ്പിക്കുന്ന ഒരു മുള്ളായി രൂപാന്തരപ്പെടുന്നു എന്ന് മനസിലാക്കിയ തെരേസാ കസീനി, തന്റെ ജീവിതം മുഴുവൻ പുരോഹിതരുടെ പാപപരിഹാരത്തിനായി കാഴ്ച്ചവെച്ചുവെന്നത് ഒബ്‌ളൈറ്റ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സഭാഅംഗങ്ങൾക്ക് നിരന്തരം തീക്ഷ്ണത പകരണമെന്ന് ഓർമ്മിപ്പിക്കുകയും, തെരേസാ കസീനിയുടെ ജീവിതത്തെ അനുകരിക്കുന്നതിന് എല്ലാപേർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
25 വർഷങ്ങളായി തിരുവനന്തപുരം, കൊല്ലം, നെയ്യാറ്റിൻകര, പുനലൂർ എന്നീ രൂപതകൾക്ക് നൽകിവരുന്ന സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നുവെന്നും രജത ജൂബിലിയുടെ ആശംസകൾ നേരുന്നുവെന്നും അഭിവന്ദ്യ പിതാക്കന്മാർ പറഞ്ഞു.
ഒബ്‌ളൈറ്റ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കോൺഗ്രിഗേഷന്റെ മദർ ജനറൽ മദർ ആർക്കാഞ്ചല, സി.ഗബ്രിയേല, സി.ജോയ്‌സ്, സി.എവ്‌ലിനാ എന്നിവർ ഇറ്റലിയിൽ നിന്നും രജത ജൂബിലി സമാപന ആഘോഷങ്ങളിൽ പങ്കുചേരാൻ എത്തിയിരുന്നു.
തിരുവനന്തപുരം, കൊല്ലം, നെയ്യാറ്റിൻകര, പുനലൂർ എന്നീ രൂപതകളിൽ നിന്ന് നിരവധി വൈദീകരും സന്യാസിനികളും വൈദിക വിദ്യാർത്ഥികളും രജത ജൂബിലി സമാപന ആഘോഷങ്ങളിൽ പങ്കുചേർന്നു.
ഒബ്‌ലൈറ്റ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കോൺഗ്രിഗേഷന്റെ ആസ്‌പിരന്റ്സ്
മദർ തെരേസാ കസീനിയുടെ ജീവിതത്തെ ആധാരമാക്കി അവതരിപ്പിച്ച നാടകം, ലിറ്റിൽ ഫ്രണ്ട്‌സ് അവതരിപ്പിച്ച മോഹിനിയാട്ടം, കെ.സി.വൈ.എം. അവതരിപ്പിച്ച മാർഗം കളി, തുടങ്ങിയ കലാപരിപാടികളോടെയാണ് രജത ജൂബിലി ആഘോഷങ്ങൾക്ക് വിരാമമായത്.