ഐ.എം.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. നിര്യാതനായി
മൃതസംസ്കാരം 23/12/2025 (ചൊവാഴ്ച) വൈകുന്നേരം 3 മണിക്ക് ഐ.എം.എസ്. ധ്യാനഭവനിൽ...

ജോസ് മാർട്ടിൻ
ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ തുടര്ന്ന് കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതസംസ്കാരം 23/12/2025 (ചൊവാഴ്ച) വൈകുന്നേരം 3 മണിക്ക് ഐ.എം.എസ്. ധ്യാനഭവനിൽ അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
പൊതുദർശനം അച്ചന്റെ പള്ളിത്തോട് വീട്ടിലും പള്ളിത്തോട് പള്ളിയിലും അച്ചന് സ്ഥാപിച്ച മാനസിക ആരോഗ്യ കേന്ദ്രങ്ങളായ മരിയ സദനിലും മരിയ ഭവനിലും മരിധാമിലും ധ്യാനഭവനിലും നടത്തുന്നതാണ്.
ഏകദേശം നാല്പത് വർഷക്കാലം ആലപ്പുഴയിലെ തീരദേശ ഗ്രാമമായ പുന്നപ്രയിലെ ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വന്ന പ്രശാന്ത് അച്ചൻ 1954 -ൽ ആലപ്പുഴയിലെ പള്ളിത്തോട്ടിൽ അറുകുലശ്ശേരിൽ റെയ്നോൾഡ് (ഉമ്മച്ചൻ ) ന്റെയും എർണ്ണമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം. ഉത്തർപ്രദേശിലെ വാരണാസിയിലെ ഐ.എം.എസ്. സന്യാസ സമൂഹത്തിൽ ചേരുകയും, 1981 ഡിസംബർ 28 -ന് പൗരോഹിത്യം സ്വീകരിക്കുകയും, 1989 ജൂൺ 13-ന് പുന്നപ്ര ഐ.എം.എസ്. ധ്യാനകേന്ദ്രത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു.
തന്റെ ശുശ്രൂഷകളിലൂടെ ആയിരങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കുന്നതോടൊപ്പം ആലപ്പുഴയിലെ വിവിധ ആത്മീയ സാമൂഹ്യ സാംസ്കാരിക, പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു പ്രശാന്ത് അച്ചൻ. സമൂഹം എന്നും അകറ്റി നിർത്തുന്ന ജയിൽ വിമോചിതരായ കുറ്റവാളികളുടേയും ലൈംഗികത തൊഴിലാളികളുടെ പുനരധിവാസത്തിനായി ആലപ്പുഴ രൂപതയുടെ ജയിൽ മിനിസ്ട്രിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.



