World

ഏഴ് ‘ഒബ്ളേറ്റ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രട്ട് ഹാർട്ട് ഓഫ് ജീസസ്’ സഹോദരിമാർ നിത്യവ്രത വാഗ്ദാനം ചെയ്തു

ഏഴ് 'ഒബ്ളേറ്റ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രട്ട് ഹാർട്ട് ഓഫ് ജീസസ്' സഹോദരിമാർ നിത്യവ്രത വാഗ്ദാനം ചെയ്തു

സി. സുജിത സേവ്യർ

റോം: ഒബ്ളേറ്റ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രട്ട് ഹാർട്ട് ഓഫ് ജീസസ്  (തിരുഹൃദയ സമർപ്പിത സഹോദരിമാർ) എന്ന സന്ന്യാസ സഭയിലെ ഏഴ് സഹോദരിമാർ റോമിലെ ജനറലേറ്റ്  ഹൗസിലെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന കപ്പേളയിൽ വച്ച് മെയ്‌ അഞ്ചാം തീയതി നിത്യവ്രതവാഗ്ദാനം ചെയ്തു. മോസ്റ്റ്‌. റവ. മദർ ജനറൽ അർക്കാഞ്ചല മർത്തിനോയുടെ കരങ്ങളിൽ സുവിശേഷോപദേശങ്ങളായ അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ വ്രതത്രയങ്ങൾ ജീവിതാന്ത്യം വരെ പാലിച്ചുകൊള്ളാമെന്നു ഏഴുസഹോദരിമാർ  വാഗ്ദാനം ചെയ്തു.

അഭിവന്ദ്യ ബിഷപ്പ് എമിരത്തുസ് മാരിയോ പാച്ചിയെല്ലോ യുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേയായിരുന്നു നിത്യവ്രതവാഗ്ദാനം.  അൻപതോളം വൈദീകരും ഇരുപതോളം വൈദീക വിദ്യാർഥികളും നൂറോളം സന്യസ്തരും മുന്നൂറില്പരം അല്മായരും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.

“ഗോതമ്പുമണി നിലത്തുവീണു അഴിയുന്നില്ലെങ്കിൽ അത്,  അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും” എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷഭാഗത്തെ അടിസ്ഥാനമാക്കി ബിഷപ്പ് വചനസന്ദേശം നൽകി. ‘ഒബ്ളേറ്റ്’ അഥവാ ‘സമർപ്പിത’ വ്രതവാഗ്ദാനത്തിലൂടെ ദൈവത്തിനു മാത്രം സ്വന്തമാണെന്നും, യേശു, മനുഷ്യാവതാരം മുതൽ തിരുവോസ്തിരൂപനായതുവരെ തന്റെ പിതാവിന്റെ ഹിതത്തിനു തന്നെത്തന്നെ സമർപ്പിച്ചതുപോലെ ഓരോ ഒബ്ളേറ്റും തങ്ങളുടെ നിത്യവ്രതവാഗ്ദാനം വഴി, അതായത് ജീവിതത്തിന്റെ   സമ്പൂർണ സമർപ്പണത്തിലൂടെ, അവിടുത്തേക്കും വൈദീകർക്കും വേണ്ടി സ്നേഹത്തിന്റെ ഓസ്തിയായി മാറുവാൻ, ‘ദിവ്യകാരുണ്യ സ്ത്രീ’ യായി മാറുവാൻ വിളിക്കപ്പെട്ടവരാണെന്ന് ബിഷപ്പ് നിത്യവ്രതവാഗ്ദാനം ചെയ്യുവാനെത്തിയ സഹോദരിമാരെ ഓർമ്മിപ്പിച്ചു. സഭാസ്ഥാപകയായ വാഴ്ത്തപ്പെട്ട മദർ മരിയ തെരേസ കസീനിയിലൂടെ ദൈവം നൽകിയ  സിദ്ധിക്കനുസരിച്ചു ജീവിച്ചികൊണ്ടു, ജീവിതത്തിലുണ്ടാകുന്ന പ്രലോഭനങ്ങളും വെല്ലുവിളികളും, ഗുണമേന്മയുള്ള ഗോതമ്പുമണികളായി വളരുവാനുള്ള അവസരങ്ങളായി ജീവിതം വിശുദ്ധമാക്കണമെന്ന് എല്ലാവരോടും ആഹ്വാനം ചെയ്തു.

നിത്യവ്രതവാഗ്ദാനം ചെയ്തസഹോദരിമാർ:

1) തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ സെന്റ് മൈക്കിൾസ് ചർച്ച് – പുതുകുറിച്ചിയിലെ ശ്രീമാൻ അഗസ്റ്റിൻ -ശ്രീമതി ക്ലെമൻസി ദമ്പതികളുടെ ആറുമക്കളിൽ ഏറ്റവും ഇളയ മകൾ സി. മേരിപ്രിയ അഗസ്റ്റിൻ.

2) ഹോളി സ്പിരിറ്റ്‌ ചർച്ച് -മാമ്പള്ളിയിലെ പരേതനായ ശ്രീമാൻ ക്ളീറ്റസ് – ശ്രീമതി ഷേർളി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്ത മകളായ സി. മേരി നിഷ ക്ളീറ്റസ്.

3) സെന്റ് തോമസ് ചർച്ച് – പൂന്തുറയിലെ ശ്രീമാൻ ജോസഫിന്റെയും ശ്രീമതി അലക്സ് ലില്ലിയുടെയും മൂന്നു മക്കളിൽ മൂത്തമകളായ സി. മേരി അലോഷ്യ ലില്ലി.

4) സെന്റ് തോമസ് ചർച്ച് – പൂന്തുറ ഇടവകയിലെ തന്നെ ശ്രീമാൻ സൂസയ്യ  – ശ്രീമതി ഫ്ലോറൻസ് ദമ്പതികളുടെ അഞ്ച് മക്കളിൽ രണ്ടാമത്തെ മകളായ സി. മേരി ഷൈനി സൂസയ്യ.

5) ഫാത്തിമ മാതാ ചർച്ച് അടിമലത്തുറയിലെ ശ്രീമാൻ പീറ്റർ -ശ്രീമതി സെലിൻ ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമത്തെ മകളായ സി. മേരി പുഷ്പം പീറ്റർ (മൂത്ത മകൾ സി. പുഷ്പലീല പയസ് വർക്കേഴ്സ് ഓഫ് സെന്റ് ജോസഫ്  എന്ന സന്ന്യാസസഭയിലെ അംഗമാണ് ).

6) സെന്റ് തോമസ് ചർച്ച് വലിയവേളിയിലെ ശ്രീമാൻ ആന്റണി – ശ്രീമതി റേയ്ച്ചൽ ആന്റണി ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമത്തെ മകളായ സി. മേരി ഡെൻസി റേയ്ച്ചൽ.

7) കൊല്ലം ലത്തീൻ രൂപതയിലെ സെന്റ് ജോസഫ്‌സ് ചർച്ച് – പെരുമൺ മുണ്ടക്കലിലെ ശ്രീമാൻ വിക്ടർ -ശ്രീമതി മേരിക്കുട്ടി ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമത്തെ മകളായ സി. മേരി വിജിനി വിക്ടർ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker