Daily Reflection

ഏപ്രിൽ 8: പ്രകാശം

വചനങ്ങൾ അനുസരിച്ച് ജീവിക്കുന്നവർക്ക് ജീവിതവഴികളിൽ പ്രകാശമായി അവിടുന്ന് നിലകൊള്ളുന്നു

യോഹന്നാൻ 8:12-20-ൽ യേശുവാണ് ലോകത്തിന്റെ പ്രകാശമെന്നും, അവിടുന്ന് പിതാവിനാൽ അയക്കപ്പെട്ടവനാണെന്നും നാം വായിക്കുന്നു. ഈ വചനഭാഗത്തിന്റെ പശ്ചാത്തലം ജറുസലേമിൽ നടക്കുന്ന കൂടാരത്തിരുന്നാൾ ആണ്. ദേവാലയത്തിന്റെ ഒരുഭാഗത്തു നാലു വലിയ ദീപങ്ങൾ തെളിച്ചുവയ്ക്കുന്നത് കൂടാരത്തിരുന്നാളിന്റെ ആചാരങ്ങളിൽ ഒന്നായിരുന്നു. ഈജിപ്തിൽനിന്നും പുറത്തുവന്നതിനുശേഷം മരുഭുമിയിലൂടെയുള്ള ഇസ്രായേൽ ജനത്തിന്റെ യാത്രയിൽ പകൽ മേഘസ്തംപമായും രാത്രി ദീപസ്തംപമായും ദൈവം വഴിനടത്തിയതിന്റെ സ്മരണയായിരുന്നു ദേവാലയത്തിൽ തെളിച്ചുവച്ചിരുന്ന ഈ വലിയ ദീപങ്ങൾ. പുറപ്പാട് യാത്രയിൽ ദൈവം കൂടെയുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു അവരെ വിടാതെ അനുഗമിച്ചിരുന്ന ദീപസ്തംപവും മേഘസ്തംപവും.

ദൈവത്തെ പ്രകാശമായി ചിത്രീകരിക്കുന്ന മറ്റു സൂചനകളും നമുക്ക് വിശുദ്ധ ഗ്രന്ഥത്തിൽ കാണാൻ സാധിക്കും. സങ്കീർത്തനം 27:1 “കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ് …”. വരുവാനിരിക്കുന്ന രക്ഷകനെ കുറിച്ച് ഏശയ്യാ 9:2 ൽ പ്രവചിക്കുന്നു: “അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെ മേൽ പ്രകാശം ഉദിച്ചു”. “ഞാൻ ലോകത്തിന്റെ പ്രകാശമാണ്” എന്ന് പറഞ്ഞപ്പോൾ, പഴയനിയമത്തിൽ പറഞ്ഞിട്ടുള്ള ഈ കാര്യങ്ങളൊക്കെ യേശുവിൽ പൂർത്തിയാവുകയാണ്.

മരുഭൂമിയിലൂടെയുള്ള നാല്പതുവർഷത്തെ യാത്രയിൽ പ്രകാശമായി ദൈവം കൂടെയുണ്ടായിരുന്നപോലെ, പുതിയനിയമ ഇസ്രായേലായ സഭാമക്കളുടെ ജീവിതയാത്രയിലും പ്രകാശമായി യേശു കൂടെയുണ്ട്. യേശു തുടർന്ന് പറയുന്നു, “എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും”. യേശുവിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് അവിടുത്തെ വചനങ്ങൾ അനുസരിച്ച് ജീവിക്കുന്നവർക്ക് അവരുടെ ജീവിതവഴികളിൽ പ്രകാശമായി അവിടുന്ന് നിലകൊള്ളുന്നു. നമുക്കും അവിടുത്തെ അടുത്ത് അനുഗമിക്കാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker