തപസ്സുകാലത്തിലെ അഞ്ചാമത്തെ ഞായറാഴ്ചയായ ഇന്ന് നാം വായിക്കുന്നത് യോഹന്നാൻ 8:1-11 ആണ്. വ്യഭിചാരം ചെയ്ത ഒരു സ്ത്രീയെ പിടിച്ചുകൊണ്ടുവന്നതിന്റെ പശ്ചാത്തലത്തിലുള്ള ഒരു വിചാരണയാണ് ഇന്നത്തെ സുവിശേഷം. ഇവിടെ യഥാർത്ഥത്തിൽ ആരാണ് വിചാരണ നേരിടുന്നത് എന്നാണ് നാം അന്വേഷിക്കുന്നത്.
ദേവാലയത്തിലിരുന്നു പഠിപ്പിക്കുന്ന യേശുവിന്റെ അടുത്തേക്കാണ്, പരീക്ഷിക്കാനായി നിയമജ്ഞരും ഫരിസേയരും വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ കൊണ്ടുവന്നു നിർത്തി, അവൾക്കെതിരെ വിധിപ്രസ്താവിക്കാൻ യേശുവിനോട് ആവശ്യപ്പെടുന്നത്. ഇത്രയും ആകുമ്പോൾ രംഗം ഒരു കോടതി മുറിക്കു തുല്യമാകുന്നു. ഒറ്റനോട്ടത്തിൽ ആ സ്ത്രീയാണ് പ്രതി, അവളാണ് വിചാരണ നേരിടുന്നത്. ഫരിസേയരും നിയമജ്ഞരും വിധി പ്രസ്താവിക്കാൻ ആവശ്യപ്പെടുന്നത് യേശുവിനോടാണ്. ഫരിസേയരും നിയമജ്ഞരും വാദിയും, യേശു ന്യായാധിപനും ആണ്. പക്ഷെ യഥാർത്ഥത്തിൽ, ഈ രംഗത്തിൽ ഒരു ഗൂഢോദ്ദേശ്യം കൂടിയുണ്ടെന്ന് സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നു: “ഇത്, അവനിൽ കുറ്റമാരോപിക്കാൻവേണ്ടി അവനെ പരീക്ഷിച്ചുകൊണ്ട് ചോദിച്ചതാണ്”. ഈ ഗൂഢോദ്ദേശ്യം വെളിവാകുമ്പോൾ കോടതിമുറിയിൽ കഥാപാത്രങ്ങളുടെ വേഷങ്ങൾക്കും മാറ്റം വരുന്നു. യേശുവിൽ കുറ്റമാരോപിക്കുക എന്നുള്ള ഗൂഢോദ്ദേശ്യത്തിന്റെ പശ്ചാത്തലത്തിൽ പ്രതി യേശുവാണ്. യേശുവാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്. യേശു പാപികളോട് കരുണയോടെ പെരുമാറുന്നത് ഫരിസേയരും നിയമജ്ഞരും കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ലക്‌ഷ്യം, ഈ സ്ത്രീയോട് യേശു കരുണയോടെ ഇടപെട്ടു അവളെ വെറുതെവിട്ടാൽ മോശയുടെ നിയമം ലംഘിച്ചു എന്ന കുറ്റം ആരോപിക്കുക എന്നതാണ്.
ആവർത്തിച്ചുള്ള അവരുടെ ആവശ്യം കേൾക്കുമ്പോൾ യേശു അവരോട് പറയുന്നു: “നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ”. യേശുവിന്റെ ഈ വചനത്തോടെ വീണ്ടും കോടതിമുറിയിലെ കഥാപാത്രങ്ങളുടെ വേഷങ്ങൾക്ക് മാറ്റം വരുന്നു. ഇപ്പോൾ വിചാരണ ചെയ്യപ്പെടുന്നത്, ആ സ്ത്രീയെ വിധിക്കാനായി കൊണ്ടുവന്നവരാണ്. അവർ ഓരോരുത്തരും അവരുടെ തന്നെ മനസാക്ഷിയുടെ മുൻപിൽ പ്രതികളായി തീരുന്നു; അവർ ഓരോരുത്തരായി സ്ഥലം വിടുന്നു.
മറ്റുള്ളവർക്കെതിരെ നമ്മുടെ മനസ്സിൽ നാം സ്വരുക്കൂട്ടിയിരിക്കുന്ന വിധിപ്രസ്താവങ്ങൾ, കുറ്റാരോപണങ്ങൾ, അഭിപ്രായങ്ങൾ എല്ലാം നാം അവർക്കെതിരെ എറിയാൻ എടുത്തുവച്ചിരിക്കുന്ന കല്ലുകളാണ്. ഓരോപ്രാവശ്യവും ഈ കല്ലുകൾ എറിയാൻ ഒരുങ്ങുമ്പോൾ നാം ഓർക്കണം ഗുരുവിന്റെ വചനങ്ങൾ: “നിങ്ങളിൽ പാപം ഇല്ലാത്തവൻ/ഇല്ലാത്തവൾ ആദ്യം അവളെ/അവനെ കല്ലെറിയട്ടെ.”
ഇന്നത്തെ സുവിശേഷത്തിന്റെ അവസാനഭാഗത്ത് ഒരു കുമ്പസാര അനുഭവം കൂടിയുണ്ട്. യേശു ആ സ്ത്രീയോട് പറയുന്നു: “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള്ളുക. ഇനിമേൽ പാപം ചെയ്യരുത്”. ഈ വചനങ്ങൾ തന്നെയല്ലേ ഓരോ പ്രാവശ്യം കുമ്പസാരിക്കുമ്പോഴും യേശു നമ്മോട് പറയുന്നത്.
കുമ്പസാരക്കൂട് ഒരു വിചാരണ സ്ഥലമല്ല. പ്രത്യുത, കാരുണ്യത്തിന്റെ കൂടാരമാണ്. വന്നുപോയ പിഴകളെല്ലാം ഏറ്റുപറഞ്ഞു പാപമോചനവും കാരുണ്യവും തേടാനുള്ള ഇടം. ഇവിടേയ്ക്ക് പശ്ചാത്താപത്തോടെ നമുക്കണയാം.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്‌ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.