Daily Reflection

ഏപ്രിൽ 17: വീഴ്ചകൾ

ശിഷ്യർക്കുണ്ടായിരുന്ന കുറവുകളെക്കാളും വീഴ്ചകളെക്കാളും അധികമായി യേശു അവരെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്തു

ഇന്നത്തെ സുവിശേഷഭാഗത്ത് (മത്തായി 26:14-25) ഒരിക്കൽക്കൂടി യൂദാസിന്റെ ഒറ്റികൊടുക്കലിനെപ്പറ്റി നാം ശ്രവിക്കുന്നു. യൂദാസ് പ്രധാനപുരോഹിതന്മാരുടെ അടുത്ത് ചെന്ന് യേശുവിനെ ഒറ്റികൊടുക്കാനായി ഗൂഢാലോചന നടത്തുന്നതും, അന്ത്യ അത്താഴസമയത്ത് ശിഷ്യരിൽ ഒരുവൻ തന്നെ ഒറ്റിക്കൊടുക്കും എന്നുള്ള യേശുവിന്റെ മുന്നറിയിപ്പും ആണ് ഇന്നത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം. അന്ത്യത്താഴത്തിനു മുൻപുതന്നെ, അതായത് യേശുവിന്റെ പരസ്യജീവിത കാലത്ത് യൂദാസിനെ കൂടെ കൊണ്ട് നടക്കുമ്പോൾ തന്നെ, യൂദാസ് തന്നെ ഒറ്റികൊടുക്കാനുള്ളവനാണെന്ന് യേശുവിന് അറിയാമായിരുന്നു എന്നുള്ളത് സുവിശേഷങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്.

യേശുവിന്റെ ജീവിതത്തിലെ നിർണ്ണായകമായ ഘട്ടത്തിൽ എല്ലാ ശിഷ്യരും ഓടിപ്പോകുന്നു. പത്രോസ് തള്ളിപ്പറയുന്നു. ഇതെല്ലാം എഴുതപ്പെട്ടിരിക്കുന്നത് അവരെ കുറ്റപ്പെടുത്തുന്നതിനു വേണ്ടിയിട്ടല്ല. മറിച്ചു, ശിഷ്യർക്കുണ്ടായിരുന്ന കുറവുകളെക്കാളും വീഴ്ചകളെക്കാളും അധികമായി യേശു അവരെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്തു എന്ന് കാണിക്കാനാണ്. ഇന്ന് നാമാണ് യേശുവിന്റെ ശിഷ്യഗണം. യേശുവിന്റെ ഈ മനോഭാവം നമുക്കും പ്രോത്സാഹനവും കരുത്തും പകരട്ടെ. നമുക്ക് വന്നുപോകുന്ന വീഴ്ചകളെക്കാളും കുറവുകളെക്കാളും അധികമായി യേശു നമ്മെ സ്നേഹിക്കുന്നു. വീഴ്ചകളും കുറവുകളും ഉണ്ടാകുമ്പോൾ നഷ്ടധൈര്യരാകാതെ വീഴ്ചയിൽ നിന്നെഴുന്നേറ്റു അവിടുത്തു അടുക്കലേക്കു തിരിച്ചു വരാൻ നമുക്ക് സാധിക്കണം.

ശിഷ്യർക്കെല്ലാം വീഴ്ചകൾ വന്നുപോയി; എന്നാൽ അവർ അനുതപിച്ചു തിരിച്ചുവന്നപ്പോൾ അവർ പുതിയ ഇസ്രായേലായ സഭയുടെ നെടുംതൂണുകളായി മാറി. തിരിച്ചു വരാതിരുന്ന യൂദാസിനാകട്ടെ ശൂന്യതയാണ് ലഭിച്ചത്.

ഈ വിശുദ്ധവാരത്തിൽ, നമ്മുടെ കുറവുകളേയും വീഴ്ചകളെയും ഓർത്തു മനസ്തപിച്ച് ഒരു നല്ല കുമ്പസാരം നടത്തി, യേശുവിനടുക്കലേക്കു തിരിച്ചുവരാൻ സാധിക്കട്ടെ. നമ്മുടെ വീഴ്ചകളെക്കാളും കുറവുകളെക്കാളും അധികമായി നമ്മെ സ്നേഹിക്കുന്ന ദൈവമാണവിടുന്നെന്ന് നമുക്ക് തിരിച്ചറിയാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker