Editorial

ഏപ്രിൽ അഞ്ച് – ഓശാന തിരുനാൾ ദിനം; രാത്രി ഒൻപത് മണി, ഒൻപത് മിനിട്ടിൽ നാം ചെയ്യേണ്ടത്

'കൊറോണയുടെ ഭീതിയെന്ന ഇരുട്ട് അകറ്റണമേ' എന്ന് പ്രാർത്ഥിക്കണം...

സ്വന്തം ലേഖകൻ

നാൽപതാം വെള്ളിയാഴ്ച കഴിഞ്ഞു വരുന്ന ഞായർ ഓശാനയാണ്. യേശു ക്രിസ്തുവിന്റ ജറുസലേം പ്രവേശനത്തെയാണ് ഒലിവ് ചില്ലകൾ ഏന്തി ജനം ഹോസാന ഹോശാന പാടി വരവേറ്റത്. അന്ന് രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങുന്നതിന് ജനം വാതിലടച്ച് വിളക്കുകൾ അണച്ചതിന് ശേഷം, യഹൂദ ആചാരപ്രകാരം മുതിർന്ന ആളുകൾ പ്രത്യേക അവസരങ്ങളിലെന്നപോലെ വിളക്കുകൾ വീണ്ടും കത്തിച്ച് ജനാലകളിൽ കൂടി പുറത്തേക്ക് നോക്കി, വീണ്ടും ‘ഹോസാന’ പാടിയെന്ന് പാരമ്പര്യം. അതുപോലെ, ആദിമ ക്രൈസ്തവരുടെ ഇടയിൽ ഓശാന മുതൽ ഉത്ഥാനം വരെ ദീപം കൊളുത്തി ക്രിസ്തുവിന്റെ ഉത്ഥാനത്തിനായി ജാഗ്രതയോടെ കാത്തിരിക്കുന്ന ഒരു പാരമ്പര്യവും ഉണ്ടായിരുന്നു. ഈ ഓശാന രാത്രി നാം കൊളുത്തുന്ന ദീപം ആ പാരമ്പര്യത്തെയാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. ആദിമ ക്രൈസ്ത വിശ്വാസ തീക്ഷ്ണതയിലേക്കുള്ള ഒരു കടന്നുപോകൽ.

ഈ ഹോസാന ഞായറാഴ്ച വൈകിട്ട് 9 മണിക്ക് ഇന്ത്യയിലുള്ള എല്ലാവരും അവരവരുടെ വീടുകളിൽ ലൈറ്റുകൾ ഓഫ് ചെയ്ത് 9 മിനിറ്റ് നേരത്തേക്ക് മെഴുകുതിരിയോ, ചെരാതുകളോ, മൊബൈൽ ലൈറ്റോ പ്രകാശിപ്പിച്ചുകൊണ്ട് ‘കൊറോണയുടെ ഭീതിയെന്ന ഇരുട്ട് അകറ്റണമേ’ എന്ന് പ്രാർത്ഥിക്കണം. നമ്മുടെ പ്രധാനമന്ത്രിയും ഇത് ആഹ്വാനം ചെയ്തിരിക്കുകയാണ്.

കൂടാതെ, മെഴുകുതിരി / വിളക്കുകൾ / എണ്ണ തിരികൾ മുതലായവ തെളിയിച്ച് പകർച്ചവ്യാധി നീങ്ങുന്നതിനുള്ള പ്രാർത്ഥന കൂടി ഭവനത്തിൽ ഒരാൾ ഉറക്കെ ചൊല്ലുകയാണെങ്കിൽ ഈ 9 മിനുട്ടുകൾ ഒരു പ്രാർത്ഥനാന്തരീക്ഷം ഉണ്ടാക്കുവാൻ കഴിയും.

“വെളിച്ചം” എന്നത് ജ്ഞാനത്തിന്റെയും അനുഗ്രഹത്തിന്റെയും ജീവന്റെയും പ്രത്യാശയുടെയും അടയാളമാണ്. നേരെമറിച്ച്, ‘അന്ധകാരം’ തിന്മയുടെയും പാപത്തിന്റെയും നിരാശയുടെയും അടയാളവുമാണ്. വിശുദ്ധ ബൈബിൾ വെളിപ്പെടുത്തുന്നതുപോലെ, യേശു ലോകത്തിന്റെ പ്രകാശമാണ്. “യേശു അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും” (യോഹ 8:12).

പാപത്തിന്റെയും മരണത്തിന്റെയും ആധിപത്യങ്ങളുടെമേൽ യേശു തന്റെ പീഡാസഹനവും കുരിശുമരണവും ഉത്ഥാനവും വഴി വിജയം നേടുകയും മനുഷ്യകുലത്തിന് ജീവനും നിത്യരക്ഷയും സാധ്യമാക്കുകയും ചെയ്തു. അങ്ങനെ, “അന്‌ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു” (ഏശയ്യാ 9:2).

യോഹന്നാന്റെ സുവിശേഷത്തിൽ നാം വായിക്കുന്നതുപോലെ, “അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല” (യോഹ 1:4-5).

യേശുവിന്റെ ഉത്ഥാനത്തിരുനാളിന്റെ തലേ ജാഗരണരാത്രി നാം കൊളുത്തുന്ന പുതിയ ദീപം പ്രത്യാശയുടെയും ജീവന്റെയും നിത്യരക്ഷയുടെയും അടയാളമാണല്ലോ. അതിനു മുന്നോടിയായി ഇന്ന് ഓശാന ഞായറാഴ്ച രാത്രി 9 മണിക്ക് നാം കൊളുത്തുന്ന ദീപം പ്രത്യാശയുടെയും രക്ഷയുടെയും അടയാളമാക്കി നമുക്ക് മാറ്റാം. അങ്ങനെ ആദിമ ക്രൈസ്തവ വിശ്വാസികളുടെ പാരമ്പര്യം നമുക്കും പുനരനുഭവവേദ്യമാകട്ടെ.

ലോകരക്ഷകനായ ക്രിസ്തുവിന്റെ സത്യപ്രകാശം ലോകം മുഴുവൻ ജ്വലിച്ചു നിൽക്കട്ടെ! വെളിപാട് പുസ്തകത്തിൽ നമ്മൾ വായിക്കുന്നതുപോലെ “നഗരത്തിനു പ്രകാശം നല്‍കാന്‍ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു” (വെളി 21:23).

കടപ്പാട്: ഫാ.സ്റ്റാൻലി മാതിരപ്പിള്ളി

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker