Meditation

എല്ലാവരുടെയും ദൈവം (മത്താ. 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ

ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം.

ലൂക്കാ സുവിശേഷകൻ മിശിഹായെ ഇടയന്മാർക്കും മത്തായി ജ്ഞാനികൾക്കും വെളിപ്പെടുത്തുന്നു. കഥാപാത്രങ്ങൾ വ്യത്യസ്തമാണെങ്കിലും സന്ദേശം ഒന്നുതന്നെയാണ്: ദൈവത്തിന്റെ സ്‌നേഹം എല്ലാവർക്കും ഉള്ളതാണ്, ആരെയും ഒഴിവാക്കിയിട്ടില്ല. മത്തായി ഇസ്രായേൽ നിരസിച്ച വിജാതീയരെ അവതരിപ്പിക്കുമ്പോൾ, ലൂക്കാ സമൂഹത്തിലെ തിരസ്കൃതരായവരെ, അതായത് ഇടയന്മാരെ അവതരിപ്പിക്കുന്നു. എല്ലാവരാലും തിരസ്‌ക്കരിക്കപ്പെട്ടവർ (വിജാതീയരും ഇടയന്മാരും) ദൈവസ്‌നേഹത്താൽ വലയം ചെയ്യപ്പെടുന്നു.

ജ്ഞാനികളുടെ സന്ദർശനം എന്ന മത്തായിയുടെ സുവിശേഷത്തിലെ ഉപാഖ്യാനം ആദിമ ക്രൈസ്തവരുടെ ഇടയിൽ അസ്വസ്ഥത പകർന്ന ഒരു സംഭവകഥയാണ്. ഗ്രീക്കു ഭാഷയിൽ യേശുവിനെ സന്ദർശിച്ചവരെ വിളിച്ചിരിക്കുന്നത് μάγοι (magoi) എന്നാണ്. മന്ത്രവാദികൾ, ജ്യോതിഷികൾ, വാനനിരീക്ഷകർ എന്നൊക്കെയാണ് ആ പദത്തിന്റെ ആദ്യാർത്ഥം. പഴയനിയമത്തിൽ വഞ്ചകരെയും അഴിമതിക്കാരെയും പരാമർശിക്കുന്ന ഒരു പദമാണത് (ദാനി 2:2). മന്ത്രവാദവും ജ്യോതിഷവുമൊക്കെ ബൈബിൾ അപലപിക്കുന്ന പ്രവൃത്തികളാണ്. എന്നാലിതാ, അങ്ങനെയുള്ളവർ യേശുവിനെ സന്ദർശിക്കാൻ വരുന്നു. ദൈവത്തിൽ നിന്നും വളരെ അകലെയാണെന്ന് നമ്മൾ കരുതുന്നവർപോലും യേശുവിനെ കാണാൻ വരുന്നു. Mάγοι (magoi) എന്ന പദത്തിന് പിന്നീടാണ് രാജാക്കന്മാരെന്നും ജ്ഞാനികളെന്നുമൊക്കെ അർത്ഥം ലഭിക്കുന്നത്. വ്യാഖ്യാനത്തിൽ കാല്പനികത കടന്നുവന്നപ്പോഴാണ് അങ്ങനെയുള്ള സുന്ദരനാമങ്ങൾ ലഭിച്ചത്.

ക്രിസ്തു ആരുടെയും സ്വന്തമല്ല, എല്ലാവർക്കും നൽകപ്പെട്ട ദാനമാണ്. ആ ദൈവത്തെ കാണാൻ വാതിലടച്ചിരുന്നാൽ മാത്രം പോരാ, ഇറങ്ങിപ്പുറപ്പെടണം. അവനെ കാണാനായി ഇറങ്ങിപ്പുറപ്പെടുന്ന ജ്ഞാനികൾ ഓരോ ശിഷ്യന്റെയും മാതൃകയാണ്. നമ്മൾ എവിടെ നിന്ന് ആരംഭിക്കുന്നു എന്നത് ഒരു വിഷയമല്ല. നമ്മൾ എത്രത്തോളം നടക്കുന്നു, നക്ഷത്രത്തിൽ എത്രമാത്രം വിശ്വസിക്കുന്നു, ആ അടയാളത്തിൽ, അവന്റെ വചനത്തിൽ നമ്മൾ എങ്ങനെ ആശ്രയിക്കുന്നു, അത് എത്രമാത്രം ചോദ്യങ്ങളും ആശങ്കകളും ഉണ്ടാക്കുന്നുവെന്നതാണ് പ്രധാനം. പുൽക്കൂട്ടിൽ കിടന്നുറങ്ങുന്നത് രാജാക്കന്മാരുടെയും ജ്ഞാനികളുടെയും ദൈവം മാത്രമല്ല, എല്ലാവരുടെയും ദൈവമാണ്. നല്ലവർക്കും ചീത്തവർക്കും, അർഹതയുള്ളവർക്കും, അർഹതയില്ലാത്തവർക്കും ദൈവത്തെ അനുഭവിക്കാൻ അവസരമുണ്ട്. ദൈവത്തെ നല്ലവരുടെ മാത്രം സ്വത്തായിട്ട് കരുതുകയാണെങ്കിൽ സുവിശേഷത്തിന് എന്തു പുതുമയാണുള്ളത്?

സമർത്ഥമായാണ് മത്തായി സുവിശേഷകൻ ജ്ഞാനികളുടെ അന്വേഷണവും, ഹേറോദേസ്, പുരോഹിതർ, നിയമജ്ഞർ തുടങ്ങിയവരുടെ അടഞ്ഞമനസ്സും തമ്മിലുള്ള വൈരുദ്ധ്യം വിവരിക്കുന്നത്. കൊട്ടാരത്തിൽ ഉണ്ടായിരുന്നവർ മിശിഹായുടെ വളരെ അടുത്തായിരുന്നു, ഒരു കല്ലേറ് ദൂരംമാത്രം, പക്ഷെ അവർ ഒന്നും കണ്ടില്ല, അവർക്ക് ഒന്നും മനസ്സിലായതുമില്ല. അവർ ചെയ്യേണ്ടിയിരുന്നത് അവരുടെ കണ്ണുകൾ തുറക്കുക മാത്രമാണ്. പ്രാർത്ഥനയിലും ആത്മീയവായനയിലും മുഴുകിയവരായിരുന്നു ആ പുരോഹിതരും നിയമജ്ഞരും. പക്ഷെ ആ പ്രാർത്ഥനകളെയും വിചിന്തനങ്ങളെയും പ്രവൃത്തികളാക്കി മാറ്റാൻ അവർക്കറിയില്ലായിരുന്നു.

എളുപ്പമായിരുന്നില്ല ജ്ഞാനികളുടെ യാത്ര. അകമ്പടിയായി സംശയങ്ങളും ആശയക്കുഴപ്പങ്ങളും അവരോടൊപ്പമുണ്ടായിരുന്നു. അവർക്കുപോലും അറിയില്ലായിരുന്നു നക്ഷത്രം എങ്ങോട്ടാണ് അവരെ കൊണ്ടുപോകുന്നതെന്ന്. ഒരു വിശ്വാസയാത്രയാണത്. വിശ്വാസത്തിന്റെ യാത്രയ്ക്ക് ഒരു ലക്ഷ്യസ്ഥാനമില്ല. യാത്രയാണ് ലക്ഷ്യസ്ഥാനം! വിളിക്കപ്പെട്ടു എന്നതല്ല വിശ്വാസം. നമ്മുടെ ഹൃദയം നക്ഷത്രത്തിന്റെ പാതയിലാണോ എന്നതാണ്. ദൈവത്തെ അന്വേഷിക്കുന്നില്ലെങ്കിൽ വിശ്വാസിയെന്നു പറയുന്നതിൽ എന്തു കാര്യം?

ഇടയന്മാർ ഹൃദയാന്വേഷണത്തിന്റെയും ജ്ഞാനികൾ ബൗദ്ധികാന്വേഷണത്തിന്റെയും പ്രതീകങ്ങളാണ്. ഹൃദയവും ബുദ്ധിയും; ഇച്ഛയുടെയും യുക്തിയുടെയും പ്രതീകങ്ങൾ. രണ്ടു പാതകളാണവ. ഇടയന്മാർക്ക് മാലാഖയും ജ്ഞാനികൾക്ക് നക്ഷത്രവും വഴികാട്ടികളാകുന്നു. ആദ്യത്തേത് ആന്തരികവും രണ്ടാമത്തേത് ബാഹ്യവുമാണ്. ഈ പാതകളിലൂടെ ആർക്കും ദൈവസന്നിധിയിൽ എത്താവുന്നതാണ്. ഇതിൽ ഒന്ന് മറ്റൊന്നിനെക്കാൾ മഹത്തരമാണെന്ന് കരുതരുത്. കാരണം, ഇവ ദൈവത്തിലേക്ക് നയിക്കുന്ന പാതകൾ മാത്രമാണ്. എന്നിരുന്നാലും പുൽക്കൂടിന്റെ മുന്നിൽ എത്തിക്കഴിഞ്ഞാൽ ഇച്ഛയും യുക്തിയും ഒന്നായി മാറണം. എങ്കിൽ മാത്രമേ യഥാർത്ഥ സന്തോഷം നമുക്ക് അനുഭവിക്കാൻ സാധിക്കു. കാരണം, ബുദ്ധി മാത്രമായാൽ കൺമുന്നിലുള്ളത് മനസ്സിലാക്കാൻ സാധിക്കണമെന്നില്ല. അതുപോലെതന്നെ ഹൃദയം മാത്രമായാൽ വിശ്വാസം വെറുമൊരു വൈകാരികതയായി മാത്രം മാറും.

ക്രിസ്തുമസിന് മനുഷ്യനെ തേടി ദൈവം വന്നപ്പോൾ, പ്രത്യക്ഷവൽക്കരണ ദിനത്തിൽ ദൈവത്തെ തേടുന്നത് മനുഷ്യനാണ്. ദൈവത്തിലേക്കു നമ്മെ നയിക്കാൻ എല്ലായിപ്പോഴും ഒരു അടയാളം ഉണ്ട്. അവ എങ്ങനെ വായിക്കണമെന്ന് അറിഞ്ഞാൽ മാത്രം മതി. അവയെ തിരിച്ചറിയാൻ നമ്മൾ പലപ്പോഴും പാടുപെടാറുണ്ട്. പലപ്പോഴും നമ്മൾ കണ്ടുമുട്ടുന്നവർ തന്നെയാണ് ദൈവം നമ്മുടെ പാതയിൽ കൊണ്ടുവരുന്ന നക്ഷത്രങ്ങൾ. സഹജരാണ് നക്ഷത്രങ്ങൾ. “മനുഷ്യനിലേക്ക് ഇറങ്ങുക, നിങ്ങൾ ദൈവത്തെ കണ്ടെത്തും”, പറഞ്ഞത് വിശുദ്ധ അഗസ്റ്റിനാണ്. കാരണം പുസ്തകങ്ങളിലല്ല, നമ്മൾ കണ്ടുമുട്ടുന്ന ഓരോ മനുഷ്യനിലുമാണ് ദൈവം ഉള്ളത്.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker