എന്റെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത്
പ്രണയം ഒരു പ്രയാണമാണ്
വേദനാജനകമായ ഒരു പ്രയാണമാണ് എന്ന വാക്കുകൾ നിറഞ്ഞൊഴുകുന്ന ഒരു പുഴയാണ് ഈ ഹ്രസ്വ ചിത്രം. എല്ലാറ്റിനെയും സ്വന്തമാകുന്നതിനേക്കാൾ എല്ലാത്തിനെയും അതിന്റെ തനിമയിൽ നിലനിർത്തുക എന്നതാണ് സ്നേഹമെന്ന് മനുഷ്യനെ ഓർമപ്പെടുത്തുന്ന ഒരു നല്ല ഹ്രസ്വ ചിത്രം. അതുകൊണ്ടായിരിക്കാം ശബ്ദകോലാഹലങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ നിശബ്ദദ സൗദര്യമാണെന്നു ഈ ചിത്രം തെളിയിക്കുന്നത്. ചിത്രത്തിൽ കൂടുതൽ നേരവും നിശബ്ദദക്ക് പ്രാധാന്യം നൽകിയതും അതുകൊണ്ടാവാം. പശ്ചാത്തല സംഗീതം ആരെയും ശല്യപെടുത്താത്തതും ഏറെ ശ്രദ്ധേയമാണ്.
പുഞ്ചിരിയുടെ ഒരു ഉത്സവം
പുഞ്ചിരിയുടെ ഒരു ഉത്സവം
എന്ന് വേണം ഈ ചിത്രത്തെ വിശേഷിപ്പിക്കാൻ. എത്ര ഭീതിയിലാണേലും ഒരു പുഞ്ചിരി മനുഷ്യനെ ആശ്വസിപ്പിക്കും എന്ന സത്യം ഒരു വലിയ വെളിപാടാണ്. ഉടനീളം നിലനിർത്തിയിരിക്കുന്ന പുഞ്ചിരി എല്ലാവരെയും ഒരു പുഴത്തീരത്തിന്റെ ശാന്തതയിലേക്കു എത്തിക്കുന്നുണ്ട്. നിന്റെ മുന്നിൽ നില്കുന്നവന് കൊടുക്കാൻ കഴിയുന്നതിൽ ഏറ്റവും നല്ല സമ്മാനം പുഞ്ചിരിയാണെന്നു ഒര്മപെടുത്തിയത് പാവങ്ങളുടെ അമ്മയാണ്. ഒരുപാടു മുറിവുകൾ ഉണക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു, കഴിയും.
മുറിപ്പെടുത്താത്ത കുറേ ചോദ്യങ്ങൾ
എൻറെ സുഹൃത്തിന്റെ വാക്കുകൾ ഓർമവന്നു, ഒരു മുറിപ്പാടു പോലും ഏല്പിക്കാതെ ആകാശത്തിലൂടെ പറന്നുപോകുന്ന പക്ഷിയെ പോലെ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്. ചെറു ചോദ്യങ്ങളുടെ അകമ്പടി ഉണ്ട് ഈ കഥയിൽ. പക്ഷെ ഒരു ചോദ്യവും ഉത്തരങ്ങളിൽ നിന്നും വരുന്നതല്ലായിരുന്നു, മറിച്ചു ഉത്തരങ്ങൾ ആഗ്രഹിച്ചായിരുന്നു. ഈ ചിത്രം മനസിനു തരുന്ന സ്വാതന്ത്ര്യം; ആസ്സ്വാദകന് ഉത്തരങ്ങൾ കണ്ടെത്താമെന്നതാണ്. ആരേയും അസ്വസ്ഥമാക്കാത്ത ആരെയും വെല്ലുവിളിക്കാത്ത എന്നാൽ എല്ലാവർക്കും സ്വച്ഛമായി വിചിന്തനം ചെയ്‌യാൻ ഇടം നൽകുന്ന ഒരു വേദി. നല്ല കുറേ ചോദ്യങ്ങൾ അടങ്ങിയ നിധി എന്നു വേണേൽ വിളിക്കാം.
ഞാൻ നിന്നെ ബഹുമാനിക്കുന്നു
മനുഷ്യത്വത്തെ ഇത്ര ഹൃദ്യമായി മാനിക്കുന്ന കലാകാരനെ അഭിനന്ദിക്കണം. തെറ്റിദ്ധരിക്കപ്പെടാവുന്ന അനേകം മുഹൂർത്തങ്ങളെ എത്ര തന്മയത്വത്തോടെ (ഭക്തിയോടെ എന്ന വാക്കാണ് ഉചിതം) നന്മയായി ചിത്രീകരിച്ചിരിക്കുന്നു. സ്നേഹബന്ധങ്ങളെ ഉഷ്മളമാക്കുന്നത് മൂല്യങ്ങളുടെ ആഴമുള്ള വേരുകളാണെന്നും, ആ വേരുകൾക്ക് ശക്തി കണ്ണീരിന്റെ നിനവാണെന്നും യുവതലമുറയെ ഓർമപ്പെടുത്തിയതിനു നന്ദി. ക്രിയാത്മകമായിരുന്നു, ഉർജ്ജസ്വലമായിരുന്നു, തനിമയുള്ളതായിരുന്നു ഓരോ ചലനങ്ങളും. പുരോഹിതന്റെ നന്മകൾക്ക് നിറം കൊടുത്ത പ്രിയ സുഹൃത്തുക്കളെ നിങ്ങളിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു.
ചില വാക്കുകൾ സ്വയമേ സംസാരിക്കും
“നമ്മുടെ എല്ലാവരയുടെയും ഹൃദയത്തിൽ ഒരു വടക്ക് കിഴക്കേ അറ്റം ഉണ്ട്. നമ്മുടെ മധുര നൊംബരങ്ങളും, ആഗ്രഹങ്ങളും, പിന്നെ…. നടക്കാത്ത പ്രണയങ്ങളും ഒക്കെ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഒരു മനോഹരമായ കോണ്. ആർക്കും പ്രവേശനം ഇല്ലാത്ത, നമുക്ക് മാത്രം ഇടയ്ക്കു കടന്നു ചെല്ലാൻ പറ്റുന്ന ഒരു കൊച്ചു കോണ് . ആ വടക്കു കിഴക്കേ അറ്റത്തേക്കുള്ള കൊച്ചു കോണിലേക്കുള്ള യാത്രയാണ് ഈ കൊച്ചു സിനിമ”.
സനീഷ് ജോർജ്ജ് തെക്കേത്തല, ഇറ്റലി