Articles

“എന്റെ ശിരസിൽ പതിഞ്ഞ പിതാവിന്റെ അനുഗ്രഹ കരങ്ങൾ” ബിഷപ്പ് പീറ്റർ എം.ചേനപ്പറമ്പിലിനെ കുറിച്ച് ഫാ.ജോൺസൺ പുത്തൻവീട്ടിൽ എഴുതുന്നു

പിതാവിന്റെ മരിയ ഭക്തി ഏറെ പ്രസിദ്ധമാണ്...

രൂപതയുടെ രണ്ടാമത്തെ മെത്രാൻ പീറ്റർ എം ചേനപ്പറമ്പിൽ പിതാവിന്റെ ഏഴാം ചരമവാർഷികം (18-04-2020) ഇന്നാണ്. 2000 ജൂബിലി വർഷത്തിൽ അഭിവന്ദ്യ പീറ്റർ എം.ചേനപ്പറമ്പിൽ പിതാവിന്റെ കൈവൈയ്പ്പ് ശുശ്രൂഷ വഴി ആലപ്പുഴ രൂപതയിൽ വൈദികരായ അഞ്ചുപേരിൽ (ഫാ.എഡ്വേര്‍ഡ് പുത്തന്‍പുരയ്ക്കല്‍, ഫാ.ജോര്‍ജ്ജ് കിഴക്കേവീട്ടില്‍, ഫാ.പോള്‍ ജെ.അറക്കല്‍, ഫാ.ക്ലീറ്റസ് കാരക്കാട്ട്) ഒരാളായ എനിക്ക് പിതാവിന്റെ ചരമ വാർഷിക ദിനമായ ഇന്ന് (18-04-2020), ദീർഘവീക്ഷണവും കാലങ്ങൾക്ക് മുൻപെ നടക്കാനുള്ള പിതാവിൻറെ വ്യഗ്രതയും ഓർക്കാതിരിക്കാൻ സാധിക്കുന്നില്ല. കോവിഡ് 19 ന്റെ പേരിൽ പള്ളികൾ അടഞ്ഞു, വൈദിക ഭവനത്തിൽ ആയിരിക്കുമ്പോൾ പിതാവിന്റെ ഓർമയ്ക്കു മുമ്പിൽ പ്രണാമം.

തനിക്കായി നൽകപ്പെട്ട അജഗണത്തിന്റെ സമഗ്ര പുരോഗതിക്കായി അവരുടെ ആത്മീയവും, സാമൂഹികവും, സാമ്പത്തികവും, സാംസ്കാരികവും വൈകാരികവുമായ തലങ്ങളെ അടുത്തറിഞ്ഞു വളർത്തുവാനുള്ള കഠിന പരിശ്രമങ്ങളെ ഏറെ നന്ദിയോടും ആദരവോടും ഓർക്കുന്നു. കൊറോണ രോഗത്തിന്റെ പേരിൽ ഗവൺമെന്റ് നടത്തുന്ന വിവിധങ്ങളായ ക്ഷേമ പ്രവർത്തനങ്ങളെ സ്മരിക്കുമ്പോൾ, തീരദേശ ജനത എല്ലാവർഷവും കടൽക്ഷോഭ കാലയളവുകളിൽ അനുഭവിച്ചിരുന്ന വറുതിയുടെ നാളുകളിൽ ആലപ്പുഴ എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയിലെ നാനാജാതി മതസ്ഥർക്ക് ഭക്ഷണവും മറ്റ് അനുബന്ധ ജീവിത ഉപാധികളും നല്കുന്നതിൽ പിതാവ് എടുത്ത നേതൃത്വം എത്ര വലുതെന്ന് ഓർക്കുന്നു. കമ്മ്യൂണിറ്റി കിച്ചൺ ഇപ്പോൾ സംസാര വിഷയം ആകുമ്പോൾ തന്റെ ഇടയ പരിപാലന കാലയളവിൽ തീരദേശത്തെ സ്കൂളുകളും പാരീഷ് ഹാളുകളും എടുത്തുകൊണ്ട്, അവിടെ ഭക്ഷണം പാചകം ചെയിച്ച് വിതരണം ചെയ്തിരുന്നു എന്നത് ചരിത്രം.

ഇക്കാലയളവിൽ സ്കൂളുകൾ ഒക്കെ അടഞ്ഞു കിടക്കുമ്പോൾ ആലപ്പുഴയിൽ വിദ്യാഭ്യാസത്തിന് പരമ പ്രാധാന്യം കൊടുത്ത്, കല്ലേലി രാഘവൻ പിള്ള സാർ, പ്രൊഫസർ എബ്രഹാം അറക്കൽ, വി.സി.ആന്റെണി തുടങ്ങി സമാരാധ്യരായ വ്യക്തികളെ ചേർത്തുകൊണ്ട് വിദ്യാഭ്യാസ പരിപോഷണ സമിതി യിലൂടെ ശ്രേഷ്ഠമായ ആശയവും ദർശനവും നൽകിയ പിതാവിനെ മറന്നുകൂടാ. ഇടവകകൾതോറും സ്റ്റഡി സെന്റെറുകൾ ആരംഭിച്ച് കുട്ടികളെ വ്യക്തിപരമായി ശ്രദ്ധിക്കാനും അവരുടെ അഭിരുചികൾ കണ്ടെത്താനും ശ്രമിച്ചു. വിവിധങ്ങളായ സ്പോർട്സ് ഉപകരണങ്ങളും സംഗീത ഉപകരണങ്ങളും നൽകി പരിശീലിപ്പിക്കാൻ അവസരമൊരുക്കിയത് നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയ ഇടങ്ങളിൽ നേട്ടങ്ങളുണ്ടാക്കിഏറെ പ്രതിഭകളെ സമ്മാനിച്ചു. ഭകത, സാമൂഹിക, സാംസ്കാരിക സംഘടനകൾ എല്ലായിടത്തും ശക്തമാകാൻ ക്രീയാത്മക പിന്തുണയോടെ പ്രോത്സാഹിപ്പിച്ചു.

ആരാധനക്രമങ്ങള്‍ക്ക് അര്‍‍ഹമായ സ്ഥാനവും പ്രാധാന്യവും നല്‍കിയ പിതാവ് കത്തീഡ്രല്‍ ദൈവാലയത്തിലെ പ്രധാന തിരുക്കര്‍മങ്ങള്‍ക്കു മുൻമ്പായി കൃത്യമായ പരിശീലനം നല്‍കുന്നതിന് നേരിട്ടു എത്തിയിരുന്നത് ഓര്‍മിക്കുന്നു. അള്‍ത്താര ശുശ്രൂഷകരോട് പ്രത്യേക മമതയുണ്ടായിരുന്ന പിതാവില്‍ നിന്നു ലഭിച്ചിരുന്ന പരിശീലനം ഇന്നും നന്മയായി കരുതുന്നു. കേരളസഭയിലെ പിതാക്കന്മാരെല്ലാവരും പങ്കുചേര്‍ന്ന കത്തീഡ്രലിലെ തിരുക്കര്‍മ്മത്തിനുശേഷം അഭിവന്ദ്യ സൂസൈപാക്യം പിതാവ് ഇത്തരത്തിലുള്ള ലിറ്റര്‍ജി റോമില്‍ മാത്രമേ പങ്കെടുത്തിട്ടുള്ളു എന്നു പറഞ്ഞതുകേട്ടവര്‍ ഇന്നുമത് അഭിമാനമായി സൂക്ഷിക്കുന്നു. പീറ്റര്‍ പിതാവിന്റെ സഹകാരിയും ചിട്ടയില്‍ താല്പര്യവുമുണ്ടായിരുന്ന മോണ്‍സിഞ്ഞോര്‍ വര്‍ഗ്ഗീസ് പുത്തന്‍പുരയ്ക്കലിനെയും ഈ സമയം കൃതജ്ഞതയോടെ അനുസ്മരിക്കുന്നു.

മഴവെള്ള സംഭരണി മറ്റു പലരുടെയും പേരുകളിൽ അറിയപ്പെടുമ്പോഴും, ആദ്യമായി തീരദേശത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ തീരദേശ ഗ്രാമമായ പള്ളിത്തോട്ടിലാരംഭിച്ച് മറ്റിടങ്ങളിൽ അവതരിപ്പിച്ചതിന് യഥാർത്ഥ ഉത്തരവാദി പീറ്റർ പിതാവാണ്. സോളാർ എനർജി ഇപ്പോൾ എല്ലായിടത്തും വ്യാപിക്കുമ്പോൾ എൻറെ സെമിനാരി പരിശീലന കാലയളവിൽ (1991-92) അതിന്റെ ചെറിയ പതിപ്പ് സെമിനാരിയിലും ബിഷപ്സ് ഹൗസിലും സ്ഥാപിച്ചു വെള്ളവും ഭക്ഷ്യവസ്തുക്കളും ചൂടാക്കി കാണിച്ച്, ഭാവിയിൽ ഇത് വലിയ ഊർജ്ജ പ്രതിസന്ധി പരിഹരിക്കും എന്ന് പഠിപ്പിച്ചു.

സാമ്പത്തിക സ്വയം പര്യാപ്തത ഓരോ കുടുംബത്തിനും ഉണ്ടാകണം എന്നത് ദർശനം ആക്കി ക്രെഡിറ്റ് യൂണിയൻ, ഇടവകകൾ തോറും ആരംഭിച്ചു. അത് നിലച്ചുപോയി എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരു തദ്ദേശീയ ബാങ്ക് ആയി പരിണമിച്ചേനെ എന്ന് കരുതുന്നു . തീരദേശത്ത് അങ്ങോളമിങ്ങോളം ആരംഭിച്ച വിവിധങ്ങയായ കുടിൽ നിർമ്മാണ യൂണിറ്റുകൾ കുടുംബങ്ങളിലെ സ്ത്രീകൾക്ക് താങ്ങായിരുന്നു. ഓരോ വീട്ടിലും കൃഷിയും ആടു വളർത്തലും കോഴി വളർത്തലുമൊക്കെ ആരംഭിക്കാൻ പ്രോത്സാഹിപ്പിച്ചത് ഈ ലോക് ഡൗൺ സമയത്ത് നിർബന്ധമാക്കുന്നത് കാണുമ്പോൾ എത്ര കാലം മുമ്പ് ഇതിനായ് പ്രേരിപ്പിച്ച പിതാവിനെ ഓർക്കാതിരിക്കുന്നത് എങ്ങിനെ? കൃഷിക്ക് മാതൃകയായത് പിതാവ് തന്നെയാണ്. വലിയ ചട്ടികള്‍ നിര്‍മിച്ച് അതില്‍ ബിഷപ്പ്സ് ഹൗസിലും കത്തീഡ്രലിലും വിവിധങ്ങളായ കാര്‍ഷിക വിളകള്‍ നട്ടു വിളവെടുത്തതും കുളങ്ങളില്‍ മത്സ്യം വളര്‍ത്തി മാതൃകയായതും ഈ സമയത്ത് അതീവ പ്രാധാന്യത്തോടെ പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കണം. കൃഷിഭവനിലെ സേവനങ്ങള്‍ രൂപതാസൊസൈറ്റിയിലൂടെ പ്രയോജനപ്പെടുത്തിയതിന് വലിയ സഹകരണം നല്‍‍കിയിരുന്ന രാജപ്പന്‍സാറിനെയും ഓര്‍ക്കുന്നു. വിശ്രമകാലയളവിലെ ഒരു ഇടക്കാലത്ത് ഭവനത്തിലായിരുന്നപ്പോള്‍ അവിടെപ്പോലും കൃഷികള്‍ പ്രോത്സാഹിപ്പിച്ചത് കുടുംബാംഗങ്ങള്‍ ഓര്‍ക്കുന്നു.

ബാങ്കുകൾവഴി മത്സ്യബന്ധന ഉപകരണങ്ങൾ നൽകുന്നതിലും രൂപത സൊസൈറ്റിയിലൂടെ വിവിധങ്ങളായ പരിശീലന പരിപാടികൾ നൽകിയതുമൊക്കെ ഒരു ജനതയെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനുള്ള സമർപ്പണമായിരുന്നു. ഇപ്പോൾ എല്ലാവർക്കും സുപരിചിതമായ സ്വയാശ്രയ (Self Help Groups) ഗ്രൂപ്പുകൾ, പീറ്റർ പിതാവിന്റെ കാലയളവിൽ രൂപതയിൽ ആരംഭിച്ചത് വലിയ ദാർശനിക ഇടപെടലുകളായിരുന്നുഅധികംപേരും സംശയത്തോടും വിമര്‍ശനത്തോടും അസാധ്യമെന്നും പറഞ്ഞത് രൂപത നടത്തി വിജയിപ്പിച്ചതിനുശേഷമാണ് ഇപ്പോഴുള്ളതുപൊലെ എല്ലായിടത്തും വ്യാപിച്ചതു. വൈദികരും അല്മായരും പിതാവിനോട് പിന്തുണച്ച് കാര്യക്ഷമമായി വളര്‍ത്തിയ അതിൻറെയെല്ലാം പ്രായോഗിക തലങ്ങളിൽ വന്ന ബലഹീനതകളാല്‍ പലതും ചരിത്രമായി മാറി എന്നത് വേദനയോടെ ഓർക്കുന്നു.

മത്സ്യബന്ധനം ഭാവിയിൽ ദുഷ്കരമാകും, വിളവ് കുറയും തീരം പട്ടിണിയിലാകും എന്ന് വിദേശരാജ്യങ്ങളിലെ പഠന അറിവുകളിൽ നിന്ന് മനസ്സിലാക്കി മത്സ്യ പ്രജനനത്തിന് കൃത്രിമമായസാധ്യത കടൽത്തീരത്തും കായലോരത്തും കടല്‍ പാരുകൾ (ചുള്ളിക്കമ്പുകളും ഇലകളും മറ്റു വസ്തുക്കളുമായി ഇട്ട് ) നിർമ്മിച്ചാൽ ഉപകരിക്കും എന്ന് പറഞ്ഞത് തമാശയായി കരുതി മാറ്റിവെച്ചു. ഇന്ന് കായൽ തീരങ്ങളിൽ ഗവൺമെന്റ് ആ പദ്ധതിയെ പരിപോഷിപ്പിക്കുവാൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു.

ആലപ്പുഴയിലെ സഹൃദയ ആശുപത്രി പിതാവിന്റെയും കൂടി ഇടപെടലിലൂടെ കാരിത്താസ് ഇന്ത്യ വഴി രൂപംകൊണ്ടതായി മനസ്സിലാക്കുന്നു. ആലപ്പുഴയിലെ സാംസ്കാരിക നായകന്മാരുമായുള്ള ബന്ധം നിരവധിയായ പ്രവർത്തനങ്ങൾക്ക് ആ കാലയളവിൽ ജന്മം നൽകിയത് എത്ര ഉദാത്തമായ
വീക്ഷണമായിരുന്നു. ഒരു പ്രഗത്ഭനായ വയലിനിസ്റ്റ് ആയിരുന്നു പിതാവ് എന്നത് അദ്ദേഹത്തിന്റെ അവസാന നാളുകളിലാണ് ഞാൻ മനസ്സിലാക്കിയത്. തന്റെസന്തതസഹചാരിയായിരുന്ന വയലിനില്‍ മ്യൂട്ട് ഘടിപ്പിച്ച് (മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാകാത്ത രീതിയില്‍ ശബദ്ം ലഘൂകരിക്കുന്ന ഉപകരണം) രാത്രികളില്‍ പീതാവ് സംഗീതസാന്ദ്രമായ ഗാനങ്ങള്‍ വായിച്ചിരുന്നത് കേട്ടിട്ടുള്ളവര്‍ അതിശയത്തോടെയാണ് ഇന്നും ഓര്‍ക്കുന്നത്.

കത്തീഡ്രൽ ദേവാലയം വീണപ്പോൾ പുതിയ ദേവാലയം വെഞ്ചരിക്കാനുള്ള തീയതി കുറിച്ച് നിർമാണമാരംഭിച്ച പിതാവ് രൂപതാ ജനത്തിന്റെ ദാരിദ്യം മനസിലാക്കി അവരെ പ്രയാസപ്പെടുത്താതെ. പിതാവിന്റെ ഊഷ്മളമായ ബന്ധങ്ങള്‍ നിലനിര്‍ത്തിയതിനാല്‍. അത്തരമൊരു ദുര്‍ഘട സന്ധിയില്‍ സാന്പത്തീക സഹായം തന്‍റെ വ്യക്തിബന്ധങ്ങളിലൂടെ പിതാവിനു കണ്ടെത്താന്‍ സാധിച്ചു. ദൈവാലയം പുതിയ ആഡംബര മാതൃകകളിലാകണമെന്നുള്ള അക്കാലത്തെ ചില നിര്‍ബന്ധങ്ങള്‍ പിതാവ് പ്രോത്സാഹിപ്പിച്ചില്ല എന്നു മാത്രമല്ല പഴയ ദൈവാലയത്തിന്‍റെ അള്‍ത്താരയിലെ പഴമയുടെചരിത്രം പുനസ്ഥാപിക്കാന്‍ ശാഠ്യവും കാണിച്ചതായി കേട്ടിട്ടുണ്ട്. അപ്രകാരം ആശിർവ്വദിച്ചത് സാക്ഷ്യമായതിനാല്‍ ഭദ്രാസന ദൈവാലയം ആലപ്പുഴ പട്ടണത്തിൻ്റെ അനുഗ്രഹമായി നിലകൊള്ളുന്നു.

പിതാവിന്റെ മരിയ ഭക്തി ഏറെ പ്രസിദ്ധമാണ്. തന്റെ അമ്മയുടെ സ്ഥാനം പരിശുദ്ധമാതാവിനാണെന്നു പലപ്രാവശ്യം പിതാവില്‍ നിന്നു കേട്ടിട്ടുണ്ട്. ജപമാല വെറുതെ ചൊല്ലുപോവുകയല്ല, മറിച്ച് ഓരോ രഹസ്യവും ധ്യാനിക്കണമെന്നു പഠിപ്പിച്ചിരുന്നു. എല്ലാ രഹസ്യങ്ങള്‍ക്കും ഓരോനന്മനിറഞ്ഞ പ്രാര്‍ത്ഥനയ്ക്കും മുന്പായി തിരുവചനം എടുത്തു ധ്യാനിക്കാന്‍ പിതാവ് തയ്യാറാക്കിയ ജപമാല പ്രാര്‍ത്ഥന പുസ്തകത്തിന്‍റെ കോപ്പികള്‍ പ്രചരിക്കപ്പെടേണ്ടതാണ്. ആലപ്പി കാത്തലിക് കണ്‍വന്‍ഷന്‍ ആലപ്പുഴയിലെ വിവിധ വിഭാഗത്തിലുള്ള ക്രൈസ്തവരുടെ ഒത്തുചേരലിനും സഭയുടെ ആനുകാലികവും പ്രബോധനപരവുമായ പഠനങ്ങളും ഉള്‍ക്കാഴ്ചകളും നല്‍കുന്നതിന് ഏറെ പ്രയോജനപ്പെട്ടതായും അതു നഷ്ടമായത് ആലപ്പുഴയിലെ ക്രൈസ്തവ ഐക്യത്തിനു മങ്ങലേല്പിച്ചു എന്നു കരുതുന്നവരുണ്ട്.

രൂപതയില്‍ ബോണി ചാരങ്കാട്ടച്ചനിലൂടെ ആരംഭിച്ച പ്രാര്‍ത്ഥന കൂട്ടായ്മകളുടെ നന്മ തിരിച്ചറിഞ്ഞ്, ഇപ്പോഴത്തെ വികാരി ജനറല്‍ മോണ്‍.പയസ്സ് ആറാട്ടുകുളത്തിന്‍റെ സഹായത്തോടെ അതിനായി മാര്‍ഗ്ഗരേഖ തയ്യാറാക്കി ഇന്നത്തെ ബി.സി.സി.കളായി രൂപപ്പെടുത്തിയതും പിതാവാണ്. അതിലെ ആരംഭകാലത്തെ 10 ലക്ഷ്യങ്ങളെ നന്നായി വിശകലനം ചെയ്താല്‍ ഇന്നു കെ.ആര്‍.എല്‍.സി.സി. വിഭാവനം ചെയ്യുന്ന മിനിസ്ട്രീ സംവിധാനത്തിലെത്തും.

ഏറെ വായിക്കുമായിരുന്ന, എല്ലാത്തിനും കുറിപ്പുകള്‍ തയ്യാറാക്കുമായിരുന്ന പിതാവിന്റെ ഡയറിക്കുറിപ്പുകള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ ഒരു പഠനവും വിലയിരുത്തലും ഇന്നും രൂപതയ്ക്കും ഈ ദേശത്തിനും ഉപകരിക്കുന്ന ചരിത്രവും മുന്നോട്ടു സഞ്ചരിക്കാനുള്ള ഇച്ഛാശക്തിയും നല്‍കുമെന്നു കരുതുന്നു.

ഇനിയും ഏറെ പറയാനും പങ്കുവെയ്ക്കാനും ഉണ്ട്. ഇതു വായിക്കുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്യുന്നവര്‍ക്ക് അതിലേറെ പങ്കുവയ്ക്കാനുണ്ടാകും. അവയും കൂടെ കൂട്ടിചേര്‍ത്തു പിതാവിന്റെ ധന്യസ്മരണയ്ക്കു മുന്നിൽ പ്രാർത്ഥനാ പൂർവ്വമായ പ്രണാമം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker