എന്തിനീ ക്രൂരത? മക്കൾ ദൈവത്തിന്റെ ദാനമാണ്… എം.ടി.പി. ആക്ട് ഭേദഗതി പിൻവലിക്കണം; കെ.സി.വൈ.എം. കോട്ടപ്പുറം രൂപത
കോട്ടപ്പുറം രൂപത എക്സ്സിക്യുട്ടീവ് അംഗങ്ങളുടെ നേത്യത്വത്തിൽ പ്രതിഷേധ ക്യാംബെയ്‌ൻ...
ജോസ് മാർട്ടിൻ
കോട്ടപ്പുറം: എം.ടി.പി. ആക്ട് ഭേദഗതി എന്ന കൊടും ക്രൂരതയ്ക്ക് പൊതുസമൂഹം ‘കൂട്ടുനിൽക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ടും, “എന്തിനീ ക്രൂരത? മക്കൾ ദൈവത്തിന്റെ ദാനമാണെന്നും, ജീവനെ ഹനിക്കരുത്” എന്ന ആശയം പൊതുസമൂഹത്തിലേക്ക് നൽകികൊണ്ടും കെ.സി.വൈ.എം. കോട്ടപ്പുറം രൂപത എക്സ്സിക്യുട്ടീവ് അംഗങ്ങളുടെ നേത്യത്വത്തിൽ പ്രതിഷേധ ക്യാംബെയ്‌ൻ. കൊടുങ്ങല്ലൂർ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ ക്യാംബെയ്‌ൻ കെ.സി.വൈ.എം.(ലാറ്റിൻ) സംസ്ഥാന പ്രസിഡന്റ് അജിത്ത് കെ.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
നിലവിൽ അമ്മ വയറ്റിലെ 5 മാസം (20 ആഴ്ച്ച) വരെ ഗർഭഛിദ്രം അനുവദിച്ചിരിക്കുന്ന കാലത്ത് അതിനെ ഭേദഗതി ചെയ്ത് 6 മാസം (24 ആഴ്ച്ച) ആയി കൂട്ടുവാൻ കേന്ദ്ര സർക്കാർ എടുത്തിരിക്കുന്ന തീരുമാനം ഒരിക്കലും അംഗീകരിക്കാനാകാത്തതതാണെന്നും, അമ്മ വയറ്റിലെ 6 മാസമായ കുഞ്ഞുങ്ങളെ കൂടി കൊന്നൊടുക്കിയാൽ ഏതാണ്ട് ഒരു വർഷം 3 കോടി കുഞ്ഞുങ്ങളായിരിക്കും കൊന്നൊടുക്കപ്പെടുകയെന്നും പ്രതിഷേധ ക്യാംബെയ്‌നിലൂടെ സമൂഹത്തെ അറിയിച്ചു. കൊടുങ്ങല്ലൂർ ബസ്സ്റ്റാന്റ് പരിസര പ്രദേശങ്ങളിലും, മൂത്തുകുന്നം ജംഗ്ഷിലും, പറവൂരിലും പ്രതിഷേധ ക്യാംബെയ്‌നിന്റെ ഭാഗമായി ബോധവത്ക്കരണ ലീഫ് ലെറ്റുകളും വിതരണം ചെയ്തു.
പ്രതിഷേധ ക്യാംബെയ്‌നിന്റെ ഉദ്ഘാടനത്തിന് കോട്ടപ്പുറം രൂപത കെ.സി.വൈ.എം. പ്രസിഡന്റ് അനീഷ് റാഫേൽ അദ്ധ്യക്ഷത വഹിച്ചു. ശേഷം, പറവൂരിൽ നടന്ന സമാപന സമ്മേളനം കെ.സി.വൈ.എം. മുൻസംസ്ഥാന ജന.സെക്രട്ടറി പോൾ ജോസ് ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് സനൽ സാബു അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് റെയ്ച്ചൽ ക്ലീറ്റസ്, ട്രഷറർ ജെൻസൻ ആൽബി, സെക്രട്ടറി ഷാൽവി ഷാജി, രൂപത ഭാരവാഹികളായ ഹയ സെലിൻ, റിതുൽറോയ്, ആമോസ് മനോജ് എന്നിവർ സംസാരിച്ചു.