Kerala

എടത്വ സെന്റ്‌ ജോർജ് ദേവാലയ തിരുനാളിന്‌ നാളെ കൊടിയേറ്റ്‌

എടത്വ സെന്റ്‌ ജോർജ് ദേവാലയ തിരുനാളിന്‌ നാളെ കൊടിയേറ്റ്‌

സ്വന്തം ലേഖകന്‍

എടത്വ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനു നാളെ കൊടിയേറും. പുലർച്ചെ മുതൽ നടക്കുന്ന തിരുക്കർമങ്ങൾക്കും മധ്യസ്ഥപ്രാർഥനയ്ക്കും ശേഷം ഏഴിനു വികാരി ഫാ. ജോൺ മണക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിലാണു കൊടിയേറ്റ്.

തുടർന്നു സിറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന നടക്കും. പത്തിനും ആറിനും തമിഴിൽ കുർബാന നടക്കും.

മേയ് 14-ന് എട്ടാമിടത്തോടെ പെരുന്നാൾ സമാപിക്കും. കൊടിയേറ്റു ദർശിക്കാൻ കേരളത്തിനകത്തും പുറത്തു നിന്നും ഇന്നലെ തന്നെ നൂറുകണക്കിനു വിശ്വാസികളാണു പള്ളിയിൽ എത്തിയിട്ടുള്ളത്.

എല്ലാ ദിവസവും പുലർച്ചെ അഞ്ചിനും പത്തിനും രണ്ടിനും ആറിനും തമിഴിൽ കുർബാനയും 6, 7.30, 4 എന്നീ സമയങ്ങളിൽ മദ്ധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, കുർബാന എന്നിവ നടക്കും. മേയ് മൂന്നിന് ഒൻപതുമണിക്ക് തിരു സ്വരൂപം പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കും.

ആറിന് അഞ്ചുമണിക്ക് ചെറിയ പ്രദക്ഷിണം. ഏഴിനു രാവിലെ ആറിന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ കുർബാനയും മദ്ധ്യസ്ഥ പ്രാർഥനയും ലദീഞ്ഞും. ഒൻപതിനു ലത്തീൻ ക്രമത്തിൽ തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസിന്റെ കാർമികത്വത്തിൽ കുർബാന. മൂന്നിനു കുർബാനയ്ക്കു മാർ പീറ്റർ റെമിജിയോസ് കാർമികത്വം വഹിക്കും. നാലിനു പ്രദക്ഷിണം.

14-ന് എട്ടാമിടം. 10 മണിക്ക് റാസ. വൈകുന്നേരം നാലിനു കുരിശടിയിലേക്കു പ്രദക്ഷിണം.

തുടർന്നു രാത്രി ഒൻപതിനു തിരുസ്വരൂപം തിരികെ നടയിൽ പ്രതിഷ്ഠിക്കും.

വിപുലമായ സൗകര്യങ്ങൾ

തിരുനാൾ ദിനത്തിൽ പള്ളിയിൽ എത്തുന്ന തീർഥാടകർക്കു വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അഗ്നിശമന സേന ഒരു യൂണിറ്റ് പള്ളിയിൽ ക്യാംപ് ചെയ്യും. ജല അതോറിറ്റി പള്ളി പരിസരങ്ങളിൽ അൻപതു പൊതുടാപ്പുകൾ സ്ഥാപിക്കുകയും, ഒരു ലക്ഷം ലീറ്റർ മഴവെള്ള സംഭരണിയിൽ ശുദ്ധജലം ശേഖരിച്ചിട്ടുമുണ്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker