ഉത്ഥിതന്റെ പെടാപ്പാട്
ശിഷ്യരുടെ മുന്നില്‍ തന്റെ ഉത്ഥിതാവസ്ഥയെ സമര്‍ത്ഥിക്കാന്‍ സ്വയം പ്രദര്‍ശനം നടത്തേണ്ടിവന്നു
ഉത്ഥിതനായ യേശുക്രിസ്തുവിനോട് ലൂക്കാ 24,36-43 വായിക്കുന്ന ആര്‍ക്കും സഹതാപം തോന്നും. അവിടന്ന് സമാധാനം ആശംസിച്ചപ്പോള്‍ ശിഷ്യര്‍ ഭയന്നു വിറച്ചത്രേ! ഉത്ഥിതനെ ഭൂതമായി മാത്രമേ അവര്‍ക്കു കാണാനായുള്ളൂ! അവരെ സാന്ത്വനപ്പെടുത്താനുള്ള ഉത്ഥിതന്റെ ശ്രമങ്ങള്‍ പാഴായതേയുള്ളൂ. ചോദ്യങ്ങള്‍ ചോദിച്ചിട്ടും ശരിയാകുന്നില്ലെന്നു കണ്ടപ്പോള്‍ അവിടന്ന് കൈകാലുകള്‍ നീട്ടി ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. തന്നെ സ്പര്‍ശിച്ചുനോക്കാന്‍ അവരെ ക്ഷണിക്കുന്നു. ഭൂതവും താനും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ തത്രപ്പെടുന്നു! ഉത്ഥിതനിലുള്ള ശിഷ്യരുടെ അവിശ്വാസത്തിനു മുന്നില്‍ ആദ്യമായി യേശുവിനെ നാം പ്രദര്‍ശനപരതയില്‍ തത്പരനായി കാണുന്നു! മരുഭൂമിയില്‍ വച്ചുണ്ടായ സര്‍ക്കസഭ്യാസപ്രലോഭനവും (ലൂക്കാ 4,9-11) കുരിശില്‍ നിന്നിറങ്ങിവന്ന് കാഴ്ചക്കാരെ വിശ്വാസത്തിലേക്കു നയിക്കാന്‍ കുരിശില്‍വച്ചു കേട്ട വെല്ലുവിളിയും (മര്‍ക്കോ 15,32) അതിസമര്‍ത്ഥമായി അതിജീവിച്ച ക്രിസ്തുവിന്, പക്ഷേ, ശിഷ്യരുടെ മുന്നില്‍ തന്റെ ഉത്ഥിതാവസ്ഥയെ സമര്‍ത്ഥിക്കാന്‍ സ്വയം പ്രദര്‍ശനം നടത്തേണ്ടിവന്നു. ഒരു കഷണം വറുത്തമീന്‍ ചോദിച്ചുവാങ്ങി അവരുടെ മുന്നില്‍വച്ച് ഭക്ഷിച്ചുകാണിക്കുന്ന ഉത്ഥിതനെ നോക്കി ‘കഷ്ടം’ എന്നല്ലാതെ നാം എന്തു പറയാന്‍?!
എമ്മാവൂസിലേക്കുള്ള വഴിയിലെ അനുഭവവും വ്യത്യസ്തമായിരുന്നില്ലല്ലോ. ‘സംസാരിക്കുകയും വാദിക്കുകയും’ ചെയ്തുകൊണ്ടു പോവുകയായിരുന്ന രണ്ടുപേര്‍ക്ക് കൂടെക്കൂടിയവനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആ ‘മ്ലാനവദനര്‍’ ഉത്ഥിതനെ ‘അപരിചിതന്‍’ എന്നു വിളിക്കുന്നു. ”ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍ ഇവനാണ് എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു” എന്ന് അവര്‍ പറയുന്നതോടെ അവരുടെ നിരാശയുടെ ആഴം വ്യക്തമാകുകയാണ്. ഉത്ഥിതനെക്കുറിച്ചുള്ള ‘കിംവദന്തികള്‍’ അവര്‍ കേട്ടിരുന്നെങ്കിലും ”എന്നാല്‍, അവനെ അവര്‍ കണ്ടില്ല” എന്ന പ്രസ്താവനയിലൂടെ ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള നിലപാട് അവര്‍ വ്യക്തമാക്കുന്നു. ഉത്ഥിതന്റെ രോഷം അണപൊട്ടിയൊഴുകുന്നതും നാം ഇവിടെ കാണുന്നു. ”ഭോഷന്മാരേ, . . . ഹൃദയം മന്ദീഭവിച്ചവരേ” എന്നൊക്കെ ആ ‘അപരിചിതന്‍’ വിളിക്കണമെങ്കില്‍ ഉത്ഥിതന്റെ സങ്കടം എന്തുമാത്രമെന്നു വായനക്കാരനു മനസ്സിലാക്കാവുന്നതല്ലേയുള്ളൂ!
”സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്?” എന്ന ഉത്ഥിതന്റെ സ്‌നേഹംനിറഞ്ഞ വാക്കുകള്‍കേട്ട് മഗ്ദലേനമറിയം ആ ‘തോട്ടക്കാരനോ’ടു പറഞ്ഞതിന്റെ അര്‍ത്ഥം എന്താണ്? ‘സംസ്‌കരിക്കപ്പെട്ടവനെ എടുത്തുകൊണ്ടുപോവുകയാണ് തന്റെ പണി, അല്ലേ എന്ന്!
ആ ഗലീലേയനെ പിന്തുടരാനായി ഒരിക്കല്‍ വിട്ടുപേക്ഷിച്ചുപോയ വള്ളവും വലയും വീണ്ടും സ്വന്തമാക്കിയ പത്രോസും കൂട്ടരും രാത്രിമുഴുവന്‍ പാഴ്‌വേലചെയ്തു തളര്‍ന്നപ്പോള്‍ ഉഷസ്സില്‍ കടല്‍ക്കരയിലെത്തിയ ഉത്ഥിതനെ ”ശിഷ്യന്മാര്‍ അറിഞ്ഞില്ല” (യോഹ 21,1-14). മാതൃവാത്സല്യത്തോടെ ”കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ?” എന്നു ചോദിച്ച് അപരിചിതന്‍ അവരെ വലത്തുവശം കാണിച്ചുകൊടുത്തത്രേ. പരസ്യജീവിതകാലത്ത് ഒരിക്കല്‍ പോലും പാചകക്കാരനായി നാം കാണാത്ത ക്രിസ്തുവിനെ ”വന്നു പ്രാതല്‍ കഴിക്കുവിന്‍” എന്നു പറഞ്ഞു ശിഷ്യരെ വിളിക്കുന്ന ഉത്ഥിതമാതാവായി നാം ഇവിടെ ദര്‍ശിക്കുന്നു.
ഉത്ഥിതന്റെ കഷ്ടപ്പാട് വ്യക്തമാകുന്ന മറ്റൊരവസരം ദിദിമോസിനുള്ള പ്രത്യക്ഷെപ്പടലാണ്. ”അവന്റെ കൈകളില്‍ ആണികളുടെ പാടുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല” എന്നു പ്രഖ്യാപിച്ചവന്റെ പേര് ‘ഇരട്ട’ എന്നര്‍ത്ഥമുള്ള ദിദിമോസ് എന്നാണെന്ന് എഴുതിയിരിക്കുന്നത് പദപ്രയോഗത്തില്‍ കഴുകക്കണ്ണുള്ള യോഹന്നാനാണ്! ഉത്ഥിതനില്‍ വിശ്വസിക്കാന്‍ പ്രയാസമുള്ള ഏതു മനുഷ്യന്റെയും ഇരട്ടയല്ലേ തോമസ്?