ഉജ്ജയിൻ ബിഷപ്സ് ഹൗസിന് സമീപത്തെ ആശുപത്രിക്കു നേരെ ആര്‍ എസ് എസ് ആക്രമണം
ഉജ്ജയിൻ ബിഷപ്സ് ഹൗസിന് സമീപത്തെ ആശുപത്രിക്കു നേരെ ആര്‍ എസ് എസ് ആക്രമണം
ഉജ്ജയിൻ (മധ്യപ്രദേശ്): ഉജ്ജയിൻ ബിഷപ് ഹൗസിനോടു ചേർന്നുള്ള ആശുപത്രിക്കു നേരെ ആര്‍ എസ് എസ് ആക്രമണം. രൂപതയുടെ മേൽനോട്ടത്തിലുള്ള പുഷ്പ മിഷൻ ആശുപത്രിക്കു നേരെയാണ് ഇന്നു രാവിലെ 9.30 ഓടെ ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായി എത്തിയ സംഘമാണ് ആശുപത്രി ആക്രമിച്ചത്.
ജെസിബിയുമായെത്തിയ സംഘം ആശുപത്രിയുടെ ഗേറ്റുകളും ജനറേറ്ററുകളും തകർത്തു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗഭങ്ങളിലേക്ക് ഉൾപ്പടെയുള്ള വൈദ്യുതി, കുടിവെള്ള സംവിധാനങ്ങൾ വിഛേദിച്ചു. ആശുപത്രിയിലേക്കുള്ള വാഹനഗതാഗതം തടസപ്പെടുത്തി ഗേറ്റിനു സമീപം അക്രമികൾ വലിയ കുഴികൾ നിർമിച്ചിട്ടുണ്ട്. കത്തികൾ, സൈക്കിൾ ചെയിനുകൾ ഉൾപ്പടെ മാരകായുധങ്ങളുമായാണ് അക്രമികൾ എത്തിയത്. എതിർക്കാൻ ശ്രമിച്ച നഴ്സുമാരെ സംഘം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
സ്ഥലത്തെ എം.പി.യും ബിജെപി നേതാവുമായ ചിന്താമണിയുടെ പ്രൈവറ്റ് സെക്രട്ടറി ഗഗൻസിംഗിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ആശുപത്രിയുടെ മുൻഭാഗത്തെ ഭൂമി തന്‍റേതാണെന്നു ചൂണ്ടിക്കാട്ടി ഗഗൻസിംഗ് നേരത്തെ സ്ഥലം കൈയേറാൻ ശ്രമിച്ചിരുന്നു. വർഷങ്ങളായി ആശുപത്രിയുടെ പേരിലുള്ളതും ഉപയോഗിച്ചു വരുന്നതുമായ ഭൂമിയിലാണു കൈയേറ്റശ്രമം നടക്കുന്നത്.
ആശുപത്രിക്കു നേരെ അക്രമം നടന്ന വിവരം രാവിലെ തന്നെ പോലീസിൽ അറിയിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും പോലീസോ മറ്റ് സർക്കാർ അധികൃതരോ സ്ഥലത്തെത്തിയില്ലെന്നു ഉജ്ജയിൻ രൂപത മീഡിയ ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ ഫാ. വിനീഷ് മാത്യു അറിയിച്ചു. ഉജ്ജയിൻ നഗരത്തിനു പുറത്തെ ഗ്രാമത്തിൽ നിന്നുള്ളവരാണ് അക്രമികളെന്നും അദ്ദേഹം പറഞ്ഞു.