ഇ.എസ്.എ. വില്ലേജുകൾ നിർണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് നീട്ടിവയ്ക്കണമെന്ന് കെ.സി.ബി.സി.
കെ.സി.ബി.സി. പ്രസിഡന്റ് കേന്ദ്രത്തിനു കത്തെഴുതി...
ജോസ് മാർട്ടിൻ
കൊച്ചി: ഗാഡ്ഗിൽ – കസ്തൂരി രംഗൻ റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇ.എസ്.എ. വില്ലേജുകൾ നിർണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു.
കേരളം തയ്യാറാക്കിയിരിക്കുന്ന ഇ.എസ്.എ. വില്ലേജുകളുടെ ജിയോ കോർഡിനേറ്റ്സ് കൃത്യമല്ലെന്ന വ്യാപകമായ പരാതി ഉയർന്നിരുന്ന സാഹചര്യത്തിലും ജനവാസ മേഖലകളും, കൃഷിയിടങ്ങളും, തോട്ടങ്ങളും ഇ.എസ്.എ. യിൽനിന്ന് ഒഴിവാക്കണമെന്ന കർഷകരുടെ ആവശ്യത്തിലും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ പറയുന്നു. ഈ മാസം 21-ാം തിയതി മെത്രാൻമാരടങ്ങുന്ന കെ.സി.ബി.സി. പ്രതിനിധി സംഘം വനം-പരിസ്ഥിതി മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ഇ.എസ്.എ. വില്ലേജുകൾ നിർണ്ണയിച്ചതിന്റെ അപാകതകൾ ചൂണ്ടികാണിച്ചിരുന്നു.
കേരളം സമർപ്പിച്ച റിപ്പോർട്ടിനോടൊപ്പമുള്ള അനുബന്ധ മാപ്പുകളിലെ തെറ്റുകളും, അപൂർണ്ണതകളും, അപാകതകളും പരിഹരിച്ച് പുതിയ റിപ്പോർട്ടു സമർപ്പിക്കാൻ കേരളത്തിന് സമയം ആവശ്യമായിരിക്കുന്ന സാഹചര്യത്തിലാണ് കെ.സി.ബി.സി. പ്രസിഡന്റ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചതെന്ന് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
കെ.സി.ബി.സി. യുടെ പ്രതിനിധി സംഘം കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനെ കാണുകയും കർഷകരുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ട് സുതാര്യമായ റിപ്പോർട്ടായിരിക്കണം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അഭ്യർത്ഥിച്ചിരുന്നു.