ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷത്തെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കാന്‍ സമൂഹങ്ങളും ലോകരാഷ്ട്രങ്ങളും തയ്യാറാകണം: കെ.സി.ബി.സി.
യുദ്ധത്തില്‍ കൊല്ലപ്പെടുകയും മുറിവേല്‍ക്കപ്പെടുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്ന സാധാരണ ജനങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ സമീപനം ഭരണകൂടങ്ങള്‍ക്ക് മാതൃയാക്കണം...
ജോസ് മാർട്ടിൻ
കൊച്ചി: ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷത്തെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കാന്‍ സമൂഹങ്ങളും ലോകരാഷ്ട്രങ്ങളും തയ്യാറാകണമെന്ന ആഹ്വാനവുമായി കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പത്രക്കുറിപ്പ്. ഇസ്രായേലിനെതിരെ ഹമാസ് തീവ്രവാദികള്‍ നടത്തിയ രൂക്ഷമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ഭരണകൂടത്തോടും, ഇസ്രായേലിലെ ജനങ്ങളോടും അവരുടെ വേദന പങ്കുവച്ചതിനോടൊപ്പം, യുദ്ധത്തില്‍ കൊല്ലപ്പെടുകയും മുറിവേല്‍ക്കപ്പെടുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്ന സാധാരണ ജനങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ സമീപനം ഭരണകൂടങ്ങള്‍ക്ക് മാതൃയാക്കണമെന്നും കെ.സി.ബി.സി. പറയുന്നു. യുദ്ധം ആര്‍ക്കും വിജയങ്ങള്‍ സമ്മാനിക്കുന്നില്ല, അനിവാര്യമായ പ്രശ്‌ന പരിഹാരത്തിലേയ്ക്ക് അത് നയിക്കുന്നതുമില്ല എന്ന യാഥാര്‍ഥ്യം മനസിലാക്കിക്കൊണ്ടുള്ള സമീപനമാണ് ലോകരാജ്യങ്ങളെല്ലാം ഈ വിഷയത്തില്‍ സ്വീകരിക്കേണ്ടതെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
ജോലിക്കായും പഠനത്തിനായും ഇസ്രായേലിലും, പലസ്തീനായിലുമായി കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതും വേണ്ടിവന്നാല്‍ നാട്ടിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടതും ഇന്ത്യാഗവര്‍മെന്റിന്റെ ഉത്തരവാദിത്തമാണെന്നും കേരളത്തില്‍ നിന്നും ജോലിക്കായി പോയിട്ടുള്ളവരുടെ സുരക്ഷയെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കെ.സി.ബി.സി. ഓർമ്മിപ്പിക്കുന്നുണ്ട്.
പത്രക്കുറിപ്പിൽ പറയുന്നു: വര്‍ഗീയതയുടെ കണ്ണിലൂടെ ഇസ്രായേല്‍ – പലസ്തീന്‍ പ്രശ്‌നങ്ങളെ കാണുന്ന സമീപനങ്ങളും അത്തരം പ്രചരണങ്ങളും കൂടുതല്‍ ദോഷമേ സൃഷ്ടിക്കുകയുള്ളൂ. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സങ്കുചിതമായ മത-വര്‍ഗ ചിന്തകളും വിദ്വേഷപ്രചാരണങ്ങളും കേരളസമൂഹത്തില്‍പോലും വലിയ വിഭാഗീതയ്ക്ക് കാരണമാകുന്നത് നല്ല പ്രവണതയല്ല. മാനവികതയുടെ വിശാലമായ കാഴ്ചപ്പാടിലൂടെ ഈ പ്രതിസന്ധിഘട്ടത്തെ സമീപിക്കുകയും സഹോദര്യത്തോടെ ക്രിയാത്മക ഇടപെടലുകള്‍ നടത്തുകയുമാണ് കരണീയം. താരതമ്യേന ചെറിയ രണ്ട് സമൂഹങ്ങള്‍ തമ്മിലുള്ള യുദ്ധമെങ്കിലും, അത് ലോകരാജ്യങ്ങളെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന പശ്ചാത്തലത്തിലും, ഇനിയുമേറെ സാധാരണ ജനങ്ങള്‍ക്ക് ജീവാപായവും മറ്റു നാശനഷ്ടങ്ങളും ഉണ്ടാക്കിയേക്കാവുന്ന സാദ്ധ്യതകള്‍ പരിഗണിച്ചും ആക്രമണങ്ങള്‍ അവസാനിപ്പിച്ച് പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകളാണ് ഉണ്ടാകേണ്ടത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള വംശീയ വിരോധവും അന്യമത വിദ്വേഷവും വിഭാഗീയ ചിന്തകളും ഉപേക്ഷിച്ചുകൊണ്ട്, മുന്‍കാല അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങാന്‍ സമുദായ – രാഷ്ട്രീയ നേതൃത്വങ്ങള്‍ സന്നദ്ധമാവുകയും, സ്വന്തം സമൂഹങ്ങളെ അതിനായി ഉദ്‌ബോധിപ്പിക്കുകയും വേണം. തീവ്രവാദ സംഘങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും ഭീഷണികളില്‍നിന്ന് വിമുക്തമായ ഒരു പുതിയ ലോകത്തിനായി ഉത്തരവാദിത്തബോധത്തോടെ യോജിച്ചുപ്രവര്‍ത്തിക്കുന്ന നേതൃത്വങ്ങളാണ് ഈ ലോകത്തിന് ആവശ്യം. ലോക സമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭീകരവാദ നീക്കങ്ങളെയും അവര്‍ക്ക് പിന്തുണ നല്‍കുന്ന പ്രവണതകളെയും അപലപിക്കുന്നതോടൊപ്പം പീഡിത സമൂഹത്തിന് കേരള കത്തോലിക്കാ സഭയുടെ ഐക്യദാര്‍ഢ്യം അറിയിക്കുകയുംചെയ്യുന്നതായി കെ.സി.ബി.സി. പുറത്തിറക്കിയ പത്രകുറിപ്പിൽ വിവരിക്കുന്നു.