ഇറ്റലിക്ക് കൂടുതൽ വൈദീകർ നഷ്ടമാവുന്നു; ആറു വൈദീകരും, 5 സന്യാസിനികളും കൂടി മരിച്ചു
ഓർസുലേം സന്യാസിനി സമൂഹത്തിൽ നിന്ന് 5 സന്യാസിനികളും കൊറോണ പകർച്ചവ്യാധിയിൽ മരണപ്പെട്ടു...
സ്വന്തം ലേഖകൻ
ലൊംബാർദിയ: കൊറോണ എന്ന മഹാവ്യാധിയിലൂടെ ഇറ്റലിക്ക് കൂടുതൽ വൈദീകരെ നഷ്ടമാവുന്നു. ബെർഗമോ രൂപതയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 20 വൈദീകരിൽ 6 പേർ ഈ ആഴ്ച മരിച്ചുവെന്ന് ബിഷപ്പ് ഫ്രാൻചെസ്കോ ബെസ്ക്കി പറഞ്ഞു. ‘അങ്ങേയറ്റം വേദനാജനകമായ ഈ വിചാരണയിൽ നിന്ന് ആരും ഒഴിവാക്കപ്പട്ടില്ല എന്നും ഞങ്ങളെല്ലാവരും അങ്ങേയറ്റം ദുഖിതരാണെന്നും’ റായ്ന്യൂസ് 24 എന്ന ടെലിവിഷൻ ചാനലിലൂടെ അറിയിച്ചു.
‘ഞങ്ങളുടെ വൈദീകരെല്ലാം തന്നെ, തങ്ങളുടെ വിശ്വാസ സമൂഹത്തോട് അടുത്തിരിക്കാനും, ഈ പകർച്ചവ്യാധിയിൽ പകച്ചുനിൽക്കുന്ന ഇടവക സമൂഹത്തോട് കൂടെയായിരിക്കാനും പരിശ്രമിക്കുന്നു. അതുകൊണ്ടുതന്നെ, അവർക്ക് പിടിപെട്ട അസുഖം അവർക്ക് തങ്ങളുടെ ജനത്തോടുള്ള അടുപ്പത്തിന്റെ വ്യക്തമായ അടയാളമാണ്, അതേസമയം പങ്കിടലിന്റെ വേദനാജനകമായ അടയാളവും’ ബിഷപ്പ് സങ്കടം മറയ്ക്കാനാകാതെ വിതുമ്പലോടെ പറഞ്ഞു.
ലൊംബാർദിയ റീജിയണിലെ ബെർഗമോ രൂപതയിൽ തന്നെ ഓർസുലേം സന്യാസിനി സമൂഹത്തിൽ നിന്ന് 5 സന്യാസിനികളും കൊറോണ പകർച്ചവ്യാധിയിൽ മരണപ്പെട്ടിട്ടുണ്ട്.