ഇരുപത്തിയഞ്ചാം ദിവസം
ദൈവമില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണുന്ന നിരീശ്വരവാദികൾക്കുള്ള മറുപടിയാണ് ക്രിസ്മസ്...
ഡിസംബർ 25: ക്രിസ്മസ്
മാനവ രക്ഷയ്ക്കുവേണ്ടി ദൈവം മനുഷ്യനായി അവതരിച്ചതിന്റെ പുണ്യസ്മരണ ക്രൈസ്തവ ലോകം ഇന്ന് സാഘോഷം കൊണ്ടാടുന്നു. “ദൈവം മനുഷ്യനായി ജനിച്ചു”. ഇതിനേക്കാൾ എന്തു മഹത്വമാണ് മനുഷ്യന് ലഭിക്കുക. മനുഷ്യനു രൂപം നൽകിയ ദൈവം, തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യരൂപത്തിൽ പിറവിയെടുക്കുന്നു.
വിശുദ്ധ പൗലോസ് അപ്പോസ്തലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ ക്രിസ്തുവിന്റെ ജനനം രക്ഷാകര ദൗത്യമായി ബന്ധപ്പെടുത്തി ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്: അവൻ ദൈവമായിരിക്കെ മനുഷ്യന്റെ രൂപം സ്വീകരിച്ച് “തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്നു” (ഫിലിപ്പി 2:7). “ദാസന്റെ രൂപം സ്വീകരിച്ച്, തന്നെത്തന്നെ താഴ്ത്തി” എന്നുള്ളത്, ക്രിസ്തുവിന്റെ ജനനം മുതലേ അവിടുത്തെ പിന്തുടരുന്ന കാര്യമാണ്. ജനിക്കുവാനായിട്ട് സത്രത്തിൽ അവനു ഇടം ലഭിച്ചില്ല. കാലിത്തൊഴുത്തിൽ പിറന്നു വീഴുന്നു. സന്ദർശിക്കുവാനായിട്ട് എത്തുന്നത്, പാവപ്പെട്ടവരും സാധാരണക്കാരുമായ ആട്ടിടയന്മാർ! എന്നാൽ, ക്രിസ്തുവിൽ ദൈവത്വവും രാജത്വവും പൗരോഹിത്യവും തിരിച്ചറിഞ്ഞ അവിടു ത്തെ കണ്ടുമുട്ടുന്ന ജ്ഞാനികളും ഈ ക്രിസ്മസ് കാലത്ത് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നു.
“ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു” (യോഹന്നാന്‍ 1:1). യോഹന്നാന്റെ സുവിശേഷത്തിൽ ക്രിസ്തുവിന്റെ ജനനത്തെ വചനവുമായിട്ടാണ് ഉപമിക്കുന്നത്. ലോകാരംഭം മുതലേ വചനം ഉണ്ടായിരുന്നുവെന്ന് ഗ്രീക്ക് തത്വചിന്തകന്മാർ കുറിച്ചു വെക്കുന്നു. യോഹന്നാൻ സുവിശേഷകനും, ക്രിസ്തുവിനെ ലോകാരംഭമായി ചിത്രീകരിക്കുന്നു.
വചനം മാംസമായി നമ്മുടെയിടയിൽ വസിക്കുകയാണ്. യോഹന്നാൻ സുവിശേഷകൻ എന്താണ് ക്രിസ്മസ് എന്ന് വളരെ ദാർശനികമായും ദൈവശാസ്ത്രപരമായും ഇവിടെ വ്യക്തമാക്കുന്നു. ദൈവം നമ്മുടെ ഇടയിൽ വസിക്കുന്ന ഉത്സവമാണ് ക്രിസ്മസ്. അവിടുത്തെ നാമം തന്നെ ഇമ്മാനുവൽ “ദൈവം നമ്മോടു കൂടെ” എന്നാണല്ലോ. ഏശയ്യാ പ്രവാചകനിലൂടെ പ്രവചിക്കപ്പെട്ട “കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവൽ എന്ന് വിളിക്കപ്പെടും” എന്നതിന്റെ പൂർത്തീകരണമാണല്ലോ ക്രിസ്തുവിൽ സഫലീകൃതമാകുന്നത്.
ദൈവം നമ്മോടൊപ്പം വസിക്കുമ്പോൾ ഭൂമി സ്വർഗ്ഗമായി മാറുകയാണ്. ആ ദൈവ സാന്നിധ്യത്തിന്റെ സുഗന്ധം ലോകം മുഴുവനും പകർന്നു നൽകുവാനുള്ള ഏറ്റവും വലിയ ദൗത്യമാണ് ഈ ക്രിസ്മസ് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ദൈവമില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണുന്ന നിരീശ്വരവാദികൾക്കുള്ള മറുപടിയാണ് ക്രിസ്മസ്. നമ്മുടെ സമൂഹം അരാജകത്വത്തിലും, അക്രമത്തിലും, പീഡനങ്ങളിലുമൊക്കെ വളരുമ്പോൾ നഷ്ടപ്പെടുന്നത് ഈ ദൈവസാന്നിധ്യമാണ്.
ദൈവം നമ്മുടെ ഇടയിൽ വസിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും, ദൈവത്തിനു മുൻപിൽ കൊട്ടിയടക്കപ്പെട്ട സത്രത്തിലെ വാതിലുകൾ പോലെ മനുഷ്യന്റെ ഹൃദയ വാതിലുകൾ പലപ്പോഴും അടഞ്ഞാണ് കിടക്കാറുള്ളത്. ഈ ക്രിസ്മസ് പുതിയൊരു തുറവിയാകുന്നു. പാപാന്ധകാരത്തിൽ മൂടിക്കിടക്കുന്ന നമ്മുടെ ഹൃദയങ്ങളിൽ ദൈവ സാന്നിധ്യത്തിന്റെ പ്രകാശം നിറയ്ക്കുവാൻ; ആഡംബരത്തിന്റെയും അധികാരത്തിന്റെയും ഗർവ്വിഷ്ടിനു മുമ്പിൽ നിസ്സഹായനായ മനുഷ്യ കുഞ്ഞിന്റെ ഹൃദയമുൾക്കൊള്ളുവാൻ ആരുമി ല്ലാശ്രയിക്കുവാൻ; നിർഭാഗ്യ ജന്മങ്ങളെന്ന് സ്വയം ശപിക്കുമ്പോൾ എന്നോടൊപ്പം വസിക്കുന്ന എന്നിലെ ദൈവത്തെ തിരിച്ചറിയുവാൻ ക്രിസ്മസ് ഒരു നിമിത്തമാകുന്നു. അവിടെയാണ്, പുതിയ തുടക്കമാവുന്നത്; ഉത്സവത്തിന്റെ നിറം പകരുന്നത്. മണ്ണിനെ വിണ്ണാക്കി, പാപാന്ധകാരത്തിൽ വസിച്ച മനുഷ്യകുലത്തെ ദൈവ ചൈതന്യത്താൽ നിറച്ച ക്രിസ്തുവിന്റെ ജനനം നമുക്കെല്ലാവർക്കും പുതുവത്സരത്തിൽ നവീകൃതമായ പുതു സൃഷ്ടികളാകാനുള്ള ദൈവീകപാത തുറക്കട്ടെ എന്നാശംസിക്കുന്നു.
കാത്തലിക് വോക്സിന്റെ എല്ലാ വായനക്കാർക്കും, എല്ലാ ക്രൈസ്തവർക്കും സമാധാനത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും ഒരായിരം ക്രിസ്മസ് ആശംസകൾ…!