Kazhchayum Ulkkazchayum

ഇന്റർവ്യൂ

കഥയിൽ ദൈവത്തിന് മനുഷ്യനെക്കുറിച്ച് സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട്...

സത്യസന്ധമായി മാധ്യമ ധർമ്മം നിർവഹിച്ച ഒരു മാധ്യമ പ്രവർത്തകൻ മരിച്ചു സ്വർഗ്ഗത്തിലേക്ക് പോയി. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും ആയിരുന്നു സ്വർഗത്തിൽ പോകണം, സ്വർഗ്ഗത്തിലെ വിശേഷങ്ങൾ ഭൂമിയിലെ ആൾക്കാരെ അറിയിക്കണം, അതുവഴി മനുഷ്യർ കുറച്ചുകൂടെ നല്ലവരായി ജീവിക്കാൻ ഇടവരുത്തണം. ഒരു പ്രളയകാലത്ത് ജനങ്ങളുടെ ദുഃഖങ്ങളും ദുരന്തത്തിന്റെ ഭീകരതയും ഒപ്പിയെടുക്കുന്നതിനിടയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടാണ് ഇദ്ദേഹം മരിച്ചത്. എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണിക്ക് പറുദീസയിൽ വെച്ച് സ്വർഗ്ഗത്തിലെ അന്തേവാസികൾക്ക് ദൈവവുമായി സൗഹൃദ സംഭാഷണം നടത്താനുള്ള അവസരം ഉണ്ടായിരുന്നു. തങ്ങൾ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ചെയ്ത നന്മ പ്രവർത്തികളെ വിശദീകരിക്കാനുള്ള അവസരങ്ങളും ഉണ്ടായിരുന്നു. അപ്രകാരം വീണുകിട്ടിയ ഒരു അവസരത്തിൽ പത്രപ്രവർത്തകൻ ദൈവത്തോട് തന്റെ തീവ്രമായ ആഗ്രഹം വെളിപ്പെടുത്തി: “സർവ്വചരാചരങ്ങളുടേയും സ്രഷ്ടാവും പരിപാലകനുമായ, സ്നേഹവത്സലപിതാവേ, ഒരു ഇന്റർവ്യൂ നടത്താനുള്ള അനുവാദം തരണം”. ദൈവത്തിന്റെ മുഖത്തെ പുഞ്ചിരി മാധ്യമപ്രവർത്തകന്റെ മനസ്സു കുളിർപ്പിച്ചു. അങ്ങനെയാണ് ഇത്തരത്തിലുള്ള ഒരു ഇന്റർവ്യൂവിന് അവസരം ലഭിച്ചത്.

മാധ്യമപ്രവർത്തകൻ: മനുഷ്യരെക്കുറിച്ച് അങ്ങയെ അത്ഭുതപ്പെടുത്തുന്നത് എന്താണ്?
ദൈവം: 1) പണം ഉണ്ടാക്കാൻ മനസ്സും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നു. നഷ്ടപ്പെടുത്തിയവ വീണ്ടെടുക്കാനുള്ള തത്രപ്പാടിൽ സമ്പാദിച്ച പണം നഷ്ടപ്പെടുത്തുന്നു.
2) മനുഷ്യർ ഭാവിയെ കുറിച്ച് ചിന്തിച്ച് ആകുലപ്പെടുന്നു. അതേസമയം “ഇന്ന്” ജീവിക്കാൻ മറന്നു പോകുന്നു.
3) മനുഷ്യർ ഒരിക്കലും മരിക്കുകയില്ല എന്ന പോലെ ജീവിക്കുന്നു, അതേസമയം ഒരിക്കലും ജീവിച്ചിട്ടില്ലാത്തവരെ പോലെ മരിക്കുന്നു. ദൈവത്തിന്റെ മറുപടികേട്ടപ്പോൾ മാധ്യമപ്രവർത്തകന് വല്ലാത്ത അസ്വസ്ഥതയുണ്ടായി…

എത്രയും വേഗം ഇന്റർവ്യൂ അവസാനിപ്പിക്കണം എന്ന ചിന്ത ശക്തിപ്രാപിച്ചു. മുൻകൂട്ടി തയ്യാറാക്കി വച്ചിരുന്ന തന്റെ ചോദ്യങ്ങൾക്കുള്ള മറുപടി ചുരുക്കം ചില വാക്കുകൊണ്ട് ദൈവം തന്നു കഴിഞ്ഞു.

ചോദ്യത്തിന്റെ ശൈലിയിൽ മാറ്റം വരുത്തി അദ്ദേഹം ദൈവത്തോട് ചോദിച്ചു: “ഞങ്ങൾ എക്കാലവും ഓർമ്മിച്ചു വെക്കേണ്ടതായ കാര്യങ്ങൾ എന്താണ്?
അദ്ദേഹത്തിന്റെ മുഖത്ത് നേരിയ മന്ദഹാസം. ദൈവം പറഞ്ഞു: 1) ആരെയും നിർബന്ധിപ്പിച്ച് നിങ്ങളെ സ്നേഹിക്കുവാൻ ആകില്ല.
2) മറ്റുള്ളവർക്ക് നിങ്ങളിൽ വിശ്വാസമുണ്ടാകണമെങ്കിൽ നിരവധി വർഷം വേണ്ടിവരും. അതേസമയം നിങ്ങളിലുള്ള വിശ്വാസം തകരാൻ ഒരു നിമിഷം മതി.
3) ഏറ്റവും കൂടുതലുള്ള ആൾ അല്ല മറിച്ച് ഏറ്റവും കുറച്ചുള്ള വരാണ് ധനികർ.
4) നിങ്ങൾ പറയാത്ത കാര്യങ്ങളുടെ ഉടമയും പറഞ്ഞ കാര്യങ്ങളുടെ അടിമയുമാണ്.
5) ലക്ഷ്യങ്ങൾ നേടുന്നതിൽ മാത്രമല്ല സന്തോഷം, അതിനുള്ള നിരന്തര ശ്രമവും സന്തോഷം തരുന്നതാണ്.
6) സ്നേഹം എപ്പോഴും ത്യാഗം ആവശ്യപ്പെടുന്നു.
7) ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് “എന്തുണ്ട്” എന്നല്ല “ആരുണ്ട്” എന്നതാണ് പ്രധാനം.

ഇന്റർവ്യൂ കഴിഞ്ഞപ്പോൾ താൻ ഭൂമിയിൽ ആയിരുന്നപ്പോൾ ചിന്തിച്ചതും, പറഞ്ഞതും, പ്രവർത്തിച്ചതും ഒക്കെ ഒരു നീർകുമിള പോലെ…! വരികൾക്കിടയിലൂടെ വായിച്ചെടുക്കാൻ, ധ്യാനിക്കാൻ, ജീവിതത്തെ വിശകലനം ചെയ്യാൻ, വിലയിരുത്താൻ ഒത്തിരി വസ്തുതകൾ കണ്ടെത്താനാവും. യുക്തിയും, ബുദ്ധിയും, ചിന്തയും, ദർശനങ്ങളും നമ്മിൽ രൂപപ്പെടുത്തിയ ചില “വിഗ്രഹങ്ങൾ” തച്ചുടക്കേണ്ടിവരും. കിണറ്റിലെ തവളയെ പോലെ “പരിമിതമായ സാഹചര്യത്തിലും, കാഴ്ചപ്പാടിലും” വസ്തുതകളെ വിലയിരുത്തിയാൽ മാർഗഭ്രംശം സംഭവിക്കും.

കഥയിൽ ദൈവത്തിന് മനുഷ്യനെക്കുറിച്ച് സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട്. മന:ശാസ്ത്രപരമായ, താത്വികമായ, ദാർശനികമായ ഒരു വീണ്ടു വിചാരം നമ്മിൽ സംജാതമാകണം. നാം നമ്മെ തന്നെ സ്വയം വിമർശനത്തിന് വിധേയമാക്കണം. നാം നിരന്തരം മാറ്റത്തിന് വിധേയമാകണം. തുരുമ്പിച്ച ചിന്താഗതികളും, മൂല്യങ്ങളെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകളും “പുനർവായന”യ്ക്ക് വിധേയമാക്കണം. ഈ കൊച്ചു ജീവിതം നിരന്തരമായ സഞ്ചാരമാണ്, പ്രയാണമാണ്. പുതിയ പുതിയ കാഴ്ചകൾ, മേച്ചിൽപ്പുറങ്ങൾ, സമതലങ്ങൾ, ഗിരിശൃംഗങ്ങൾ etc. etc… ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിലും ഉണ്ടാകും. സൂക്ഷ്മതയോടെ വിലയിരുത്താൻ ദൈവം അനുഗ്രഹിക്കട്ടെ!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker