ഇന്ധന വിലവർദ്ധനവിനെതിരെ ആലപ്പുഴ രൂപതാ യുവജ്യോതി കെ.സി.വൈ.എം.ന്റെ പ്രതിഷേധ ധർണ
കേന്ദ്രസർക്കാർ സ്ഥാപനമായ പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി...
ജോസ് മാർട്ടിൻ
ആലപ്പുഴ: ലോകം കോവിഡ് മഹാമാരിക്കിടയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും ജനങ്ങളെ ചൂഷണം ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ പെട്രോൾ – ഡീസൽ വിലവർദ്ധനവിനെതിരെ യുവജ്യോതി കെ.സി.വൈ.എം ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ ധർണ കെ.സി.വൈ.എം. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ ഉദ്‌ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് എം.ജെ. ഇമ്മാനുവേൽ അധ്യക്ഷത വഹിച്ചു. ജന ജീവിതത്തെ കൂടുതൽ ദുസഹമാക്കുന്ന നടപടിയായി മാത്രമേ ഈ വിലവർദ്ധനവിനെ കാണാനാവൂ എന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ പറഞ്ഞു.
പ്രതിഷേധം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനായി പരാതി നൽകുന്നതിനോടൊപ്പം, ഇ-മെയിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും രൂപത പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ അറിയിച്ചു. രൂപത ജനറൽ സെക്രട്ടറി അഡ്രിൻ ജോസഫ്, കെവിൻ ജൂഡ്, ജെസ്‌ല പീറ്റർ, നവീൻ റോയ്, ടോം ചെറിയാൻ, ജോൺ ബോസ്‌കോ, ആലപ്പുഴ മേഖല പ്രസിഡന്റ് കെ.സ്.പ്രവീൺ, ആനിമേറ്റർ ബിജു, എന്നിവർ സംസാരിച്ചു. പള്ളോട്ടി യൂണിറ്റ്, ആലപ്പുഴ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു.