ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ
ഇന്ത്യൻ ക്രിസ്ത്യാനികൾ അഭിമാനികളായ ഇന്ത്യക്കാരാണ് എന്നാൽ ഹിന്ദുക്കളല്ല...

ജോസ് മാർട്ടിൻ
ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ.) ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കാണെന്നും ഒരു ഹിന്ദു രാഷ്ട്രമല്ലെന്നും സി.ബി.സി.ഐ. പ്രസ്താവന. ഇന്ത്യൻ ക്രിസ്ത്യാനികൾ അഭിമാനികളായ ഇന്ത്യക്കാരാണ് എന്നാൽ ഹിന്ദുക്കളല്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനും രാഷ്ട്രനിർമ്മാണത്തിനും ക്രിസ്ത്യൻ സമൂഹത്തിന്റെ സംഭാവനകൾ വളരെ വലുതാണെന്നും പ്രസ്താവനയിൽ വിവരിക്കുന്നുണ്ട്.
ആർ.എസ്.എസിന്റെ തീവ്രവാദ മനോഭാവത്തോടും ഭയപ്പെടുത്തൽ, ഭരണത്തിലേക്കുള്ള നുഴഞ്ഞുകയറ്റം, ആയുധ പരിശീലനം, കിംവദന്തികൾ പ്രചരിപ്പിച്ച് വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ രീതികളെക്കുറിച്ചും സി.ബി.സി.ഐ. ആശങ്ക പ്രകടിപ്പിച്ചു. 1982-ൽ കന്യാകുമാരിയിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമത്തെക്കുറിച്ചുള്ള ജസ്റ്റിസ് വേണുഗോപാൽ കമ്മീഷന്റെ റിപ്പോർട്ടും പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ട്.
രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളെ ചെറുത്തുനിൽക്കാനും ഇന്ത്യയുടെ മതേതരവും ജനാധിപത്യപരവുമായ സ്വഭാവം സംരക്ഷിക്കുന്നതിന് ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കാനും എല്ലാ പൗരന്മാരോടും പ്രത്യേകിച്ച് ക്രിസ്ത്യാനികളോട് ഭാരത കത്തോലിക്കാ മെത്രാൻ സമിതി അഭ്യർത്ഥിച്ചു.



