India

ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ സമ്മേളനം വത്തിക്കാൻ സ്ഥാനപതി ഉദ്ഘാടനം ചെയ്യും

ഫെബ്രുവരി 29, മാർച്ച് 1 തീയതികളിൽ ഡൽഹിയിൽ ഓഖ്‌ലയിൻ ഡോൺബോസ്കോ സെന്ററിലാണ് പരിപാടി...

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ (ICPA) 50-Ɔο അസംബ്ലിയും, മാധ്യമ പ്രവർത്തകരുടെ 25-Ɔο ദേശീയ കൺവെൻഷനും വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ഡോ.ജംബത്തിസ്റ്റ ഡിക്വത്രോ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 29, മാർച്ച് 1 തീയതികളിൽ ഡൽഹിയിൽ ഓഖ്‌ലയിൻ ഡോൺബോസ്കോ സെന്റെറിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ICPA പ്രസിഡന്റ് ഇഗ്നേഷ്യസ് ഗോൺസാൽവസ് അധ്യക്ഷതവഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഡൽഹി ആർച്ചുബിഷപ്പ് ഡോ.അനിൽ കൂട്ടോ മുഖ്യപ്രഭാഷണവും, ബറയ്പ്പൂർ ബിഷപ്പും സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾക്കായുള്ള സിബിസിഐ കമ്മീഷന്റെ ചെയർമാനുമായ ഡോ.സാൽവദോർ ലോബോ അനുഗ്രഹ പ്രഭാഷണവും, മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് പുരസ്കാര സമർപ്പണവും നടത്തും.

തുടർന്ന്, “മാധ്യമ പ്രവർത്തനം ഇന്ന്: തത്വങ്ങളുടെ മേൽ പ്രായോഗികാവാദത്തിന്റെ മേൽക്കോയ്മയോ? എന്ന വിഷയത്തെ ആസ്പദമാക്കി മുൻ എംപിയും ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ്, ദ് ട്രിബ്യൂൺ എന്നീ പത്രങ്ങളുടെ മുൻ മുഖ്യ പത്രാധിപരുമായ എച്ച്.കെ.ദുവ; ദ് വയർ സ്ഥാപക പത്രാധിപൻ എം.കെ.വേണു; ദ് ഫ്രണ്ട്ലൈൻ സീനിയർ ഡെപ്യൂട്ടി എഡിറ്റർ ടി.കെ.രാജലക്ഷ്മി; മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ സെഡ്രിക്ക് പ്രകാശ്; എൻഡിടിവി സീനിയർ ന്യൂസ് എഡിറ്ററും ആങ്കറുമായ രോഹിത് വെല്ലിങ്ടൺ; സിഗ്നിസ് ഇന്ത്യൻ നാഷണൽ പ്രസിഡന്റ് ഫാ.സ്റ്റാൻലി കോഴിച്ചിറ തുടങ്ങിയവർ വിഷയാവതരണം നടത്തും. അവതരണ പ്രബന്ധങ്ങളും, വിചിന്തന വിഷയവുമായി ബന്ധപ്പെട്ട് അംഗങ്ങളിൽ നിന്നുള്ള രചനകളും ഉൾപ്പെട്ട ഒരു ഗ്രന്ഥം സമ്മേളനത്തിൽ പ്രകാശനം ചെയ്യും.

വിശുദ്ധ ഗ്രന്ഥത്തിലും ഇന്ത്യയുടെ മഹിതമായ ഭരണഘടനയിലും ഊന്നിക്കൊണ്ടാണ് സമ്മേളന പരിപാടികൾ ക്രമീകരിച്ചിട്ടുള്ളതെന്ന് ICPA പ്രസിഡന്റ് ഗോൺസാൽവസ്, ജനറൽ സെക്രട്ടറി റവ.ഡോ.സുരേഷ് മാത്യു, ട്രഷറർ ഫാ.ജോബി മാത്യു എന്നിവർ അറിയിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്നും അവർ പറഞ്ഞു.

ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ളതും, പ്രാമാണികവുമായ മാധ്യമ കൂട്ടായ്മകളിൽ ഒന്നാണ് 1963-ൽ സ്ഥാപിതമായ ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ. രണ്ടാം വത്തിക്കാൻ കൗൺസിന്റെ ചൈതന്യമായിരുന്നു അതിന്റെ ചാലകശക്തി. ICPAയുടെ അധ്യക്ഷ സ്ഥാനത്ത് എത്തിയ ആദ്യ മലയാളി അൽമായനാണ് പ്രശസ്ത മാധ്യമ പ്രവർത്തകനും, മാധ്യമ പരിശീലകനും, ചരിത്രകാരനായ ശ്രീ.ഇഗ്നേഷ്യസ് ഗോൺസാൽവസ്. ഇദ്ദേഹം ഇപ്പോൾ ഷെക്കൈന വാർത്താ ചാനലിന്റെ ചീഫ് ന്യൂസ് ഡയറക്ടറായും സേവനം ചെയ്തുവരികയാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker