ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷൻ സമ്മേളനം 30-ന് ആരംഭിക്കും
"തെരുവിലേക്ക് ഇറങ്ങുക, കേൾക്കുക, അഭിമുഖീകരിക്കുക, ഒപ്പമായിരിക്കുക" എന്നതാണ് ഈ വർഷത്തെ സമ്മേളന പ്രമേയം...
സ്വന്തം ലേഖകൻ
മുംബൈ: ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷന്റെ (ഐ.സി.പി.എ.) ഇരുപത്തിയാറാമത് വാർഷിക സമ്മേളനം മുംബൈയിൽ വച്ച് നടക്കും. “തെരുവിലേക്ക് ഇറങ്ങുക, കേൾക്കുക, അഭിമുഖീകരിക്കുക, ഒപ്പമായിരിക്കുക” എന്നതാണ് ഈ വർഷത്തെ സമ്മേളന പ്രമേയം. നവംബർ 30, ഡിസംബർ 1 തീയതികളിലായി മുംബൈയിലെ ബാദ്രാ വെസ്റ്റിലുള്ള സെന്റ് പോൾസ് മീഡിയാ കോംപ്ലക്സിൽ വച്ച് നടക്കുന്ന ഐ.സി.പി.എ.യുടെ വാർഷിക പൊതുസമ്മേളനവും മാധ്യമ പ്രവർത്തക സമ്മേളനവും ജസ്റ്റിസ് അലോഷ്യസ് ആഗ്വിയർ ഉദ്ഘാടനം ചെയ്യും.
ഐ.സി.പി.എ. പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗോൺസാൽവസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വച്ച് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദിനാൾ ഓസ്‌വാൾഡ് ഗ്രെഷ്യസ് വിവിധ പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും. ബിഷപ്പ് എമിരിത്തുസ് സാൽവദോർ ലോബോ, സൊസൈറ്റി ഓഫ് സെന്റ് പോൾ പ്രൊവിൻഷ്യൽ സുപ്പീരിയർ എന്നിവർ സന്ദേശങ്ങൾ നൽകും. പ്രമുഖ പത്രപ്രവർത്തകനും വാർത്താ അവതാരകനുമായ ഫായെ ഡിസൂസ, റീഡേഴ്സ് ഡിജസ്റ്റിന്റെ മുൻഎഡിറ്റർ മോഹൻ ശിവാനന്ദ്, അന്താരാഷ്‌ട്ര ശ്രദ്ധനേടിയ ഡോക്യുമെന്ററി നിർമ്മാതാവ് ഡോ.ഷൈസൺ പി.ഔസേപ്പ് എന്നിവർ ക്ളാസുകളും ചർച്ചകളും നയിക്കും.
റാഞ്ചിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഹിന്ദിവാരികയായ “നിഷ്ക്കളങ്കു”, ഫാ.സ്റ്റാൻസ്വാമിക്കൊപ്പം പ്രവർത്തിച്ച ഈശോസഭാംഗം ഫാ.സെഡ്രിക് പ്രകാശ്, കുടിയേറ്റ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സി.സുജാത ജെന എന്നിവർക്കാണ് പുരസ്‌ക്കാരങ്ങൾലഭിക്കുക.