ഇന്ത്യയുടെ അപ്പോസ്തോലിക് ന്യൂൺഷിയോ ആർച്ച്ബിഷപ്പ് ജിയാംബാത്തിസ്റ്റ ദിക്വാത്രോ ഇനി ബ്രസീലിലേക്ക്
2017 ജനുവരി 21 മുതൽ ഇന്ത്യയുടേയും നേപ്പാളിന്റെയും വത്തിക്കാൻ പ്രതിനിധി...
സ്വന്തം ലേഖകൻ
ബാഗ്ലൂർ: 2017 ജനുവരി 21 മുതൽ ഇന്ത്യയുടേയും നേപ്പാളിന്റെയും അപ്പോസ്തോലിക് ന്യൂൺഷിയോ (വത്തിക്കാൻ പ്രതിനിധി) യായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ആർച്ച്ബിഷപ് ജിയാംബാറ്റിസ്റ്റ ദിക്വാത്രോയെ ഫ്രാൻസിസ് പാപ്പ ബ്രസീലിലേക്ക് സ്ഥലം മാറ്റുന്നു. ഇതുസംബന്ധിച്ച തീരുമാനം പാപ്പാ ആഗസ്റ്റ് 29 നാണ് പുറപ്പെടുവിച്ചതെന്ന് സി.സി.ബി.ഐ. പറഞ്ഞു.
2019 മാർച്ച് 8 ന് കേരളം സന്ദർശിച്ചിരുന്നു: ഇന്ത്യൻ അപ്പസ്തോലിക് ന്യൂൺഷിയോ തിരുവനന്തപുരത്ത്
1954 മാർച്ച് 18-ന് ഇറ്റലിയിലെ ബൊളോഞ്ഞായിൽ ജനിച്ച അദ്ദേഹം, 1981 ഓഗസ്റ്റ് 24-ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന്, കത്താനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സിവിൽ നിയമത്തിൽ ബിരുദാന്തര ബിരുദവും, റോമിലെ ലാറ്ററൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും, റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂനിസിവേഴ്സിറ്റിയിൽ നിന്ന് ഡോക്മാറ്റിക് തിയോളജിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1985-ൽ സഭയുടെ ഡിപ്ലോമാറ്റിക് സർവീസിൽ പ്രവേശിച്ച അദ്ദേഹം വത്തിക്കാനെ പ്രതിനിധീകരിച്ച് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ-ചാഡ്, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ എന്നിവിടങ്ങളിലും, പിന്നീട് വത്തിക്കാന്റെ സെക്രട്ടേറിയേറ്റിലും, ഇറ്റലിയിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചറിലും പ്രവർത്തിച്ചു.
2005 ഏപ്രിൽ 2-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തെ ജിറോമോണ്ടിലെ ടീറ്റുലർ ആർച്ച് ബിഷപ്പായും, പനാമയിലെ അപ്പസ്തോലിക് ന്യൂൺഷിയോയായും നിയമിച്ചു. തുടർന്ന്, 2005 ജൂൺ 4-ന് ബിഷപ്പായി അഭിക്ഷിതനായി. പിന്നീട്, 2008-ൽ ബൊളീവിയയുടെ അപ്പോസ്തലിക് ന്യൂൺഷിയോയായി നിയമിതനായി.
ഫ്രഞ്ച്, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്.
1808-ലാണ് ബ്രസീലും വത്തിക്കാനും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചത്. അതുമുതൽ മുപ്പത്തിമൂന്ന് അപ്പസ്തോലിക് ന്യൂൺഷിയോമാർ ബ്രസീലിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.