ഇനി അല്പം സമയത്തേയ്ക്ക് ഫേസ്ബുക്കും വട്സാപ്പും വിടാം, പ്രളയ പ്രദേശത്ത് ഒരു നേരത്തെ അന്നം എത്തിക്കാം
ഇനി അല്പം സമയത്തേയ്ക്ക് ഫേസ്ബുക്കും വട്സാപ്പും വിടാം, പ്രളയ പ്രദേശത്ത് ഒരു നേരത്തെ അന്നം എത്തിക്കാം
ദുരിതം അസഹനീയമാക്കി തീർത്ത ദിനങ്ങളിലാണ് നാം. ജീവനുവേണ്ടി പോരാടിയ ദിനങ്ങളിലായിരുന്നു നമ്മൾ. സോഷ്യൽ മീഡിയ നമ്മുടെ പ്രവർത്തനങ്ങളെ നല്ലൊരു പരിധിവരെ സഹായിച്ചു. ഒറ്റപ്പെട്ടു പോയവർക്ക് അഭയമായി തീർന്നത് പലപ്പോഴും വാട്സാപ്പ്, ഫേസ്ബുക് മെസ്സേജുകൾ ആയിരുന്നുവെന്നതിൽ സംശയമില്ല.
ഒട്ടേറെ രാജ്യങ്ങളിൽ പ്രളയമുൾപ്പെടെ ദുരന്തസാഹചര്യങ്ങൾ സമർത്ഥമായി നേരിട്ടിട്ടുള്ള മുരളി തുമ്മാരുകുടി എന്ന യു.എൻ. ദുരന്തലഘൂകരണ വിഭാഗം മേധാവിയുടെ വാക്കുകൾ ഓർക്കാം: “നമ്മുടെ മാധ്യമങ്ങള്‍ മുഴുവന്‍ സമയം ദുരന്തവാര്‍ത്തകള്‍ കാണിക്കുകയാണ്. പക്ഷെ സംഭവിക്കുന്നതില്‍ ഏറ്റവും ഗുരുതരവും നാടകീയവും ആയ കാര്യങ്ങള്‍ ആണ് മാധ്യമങ്ങള്‍ എടുത്ത് കാണിക്കുന്നത്. അപ്പോള്‍ അത് മാത്രം കണ്ടുകൊണ്ടിരുന്നാല്‍ കേരളം മൊത്തം വെള്ളത്തിലാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ അല്ല എന്നുമൊക്കെ നിങ്ങള്‍ക്ക് തോന്നും. അതിന്റെ ആവശ്യമില്ല. തല്‍ക്കാലം നിങ്ങളുടെ ചുറ്റുവട്ടത്തെ കാര്യം നിയന്ത്രണത്തില്‍ ആണോ എന്നുള്ളതാണ് നിങ്ങള്‍ക്ക് പ്രധാനം.
അതുപോലെ തന്നെ തെറ്റിദ്ധരണ പരത്തുന്ന ഏറെ വാട്ടസ്ആപ്പ് മെസേജുകള് നിങ്ങള്‍ക്ക് വരും… ഇതൊന്നും വിശ്വസിക്കരുത്, ഫോര്‍വേഡ് ചെയ്യുകയും അരുത്”.
ഇനി അല്പം സമയത്തേയ്ക്ക് ഫേസ്ബുക്കും വട്സാപ്പും വിടാം. കാരണം, കഴിഞ്ഞു പോയതിലും ഭീതിഇജനകമായ ദിനങ്ങളാണ് വരുവാനിരിക്കുന്നത്. ആഹാരവും, ജലവും ഇല്ലാതെ എങ്ങനെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നമ്മൾ കൊണ്ടെത്തിച്ചവർക്ക് ജീവിക്കാനാവുക?
അതിനാൽ, പ്രളയ പ്രദേശത്ത് ഒരു നേരത്തെ അന്നമെങ്കിലും എത്തിക്കാൻ ശ്രമിക്കാം. ഒരുപക്ഷെ, നിങ്ങളുടെ വീടിന്റെ 5 മുതൽ 8 വരെ കിലോമീറ്ററുകൾക്കുള്ളിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നെങ്കിൽ അവിടേയ്ക്ക് ഒരു സന്ദർശനം.
ദുരിതം ഏൽക്കാതെ അനുഗ്രഹിക്കപ്പെട്ടവർ, ഉദാഹരണമായി 5 കുടുംബങ്ങൾ ഒന്നു ചേർന്ന്, ഒരു കുടുംബം 10 ആഹാരപൊതി വീതം തയ്യാറാക്കി, ഏതെങ്കിലും സന്നദ്ധ സംഘടനകൾ വഴിയോ, സ്വന്തമായോ എത്തിക്കാം. അണ്ണൻ കുഞ്ഞും തന്നാലായത്.
ഇനിവരുന്ന, കുറഞ്ഞത് 10 ദിവസങ്ങൾ കൂടിയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കേണ്ടി വരും. നമ്മുടെ, സഹോദരങ്ങളെ സഹായിക്കേണ്ടത് നമ്മൾ തന്നെയാണ് എന്ന യാഥാർഥ്യം മറക്കാതിരിക്കാം.
മുരളി തുമ്മാരുകുടിയുടെ ഈ വാക്കുകൾ നമുക്ക് വലിയ പ്രചോദനമാവും :
“ഒരു ദുരന്തത്തെ സമൂഹത്തിലെ എല്ലാ ആളുകളും എങ്ങനെ കൂട്ടായും വ്യക്തിപരമായും നേരിടുന്നു എന്നത് ആ സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ അളവുകോലാണ്”.