ഇനിയും തെരുവില്‍ വലിച്ചിഴക്കണോ സഭയെ ??? ഒരു നേർചോദ്യം
ഇനിയും തെരുവില്‍ വലിച്ചിഴക്കണോ സഭയെ ??? ഒരു നേർചോദ്യം
ജോസ് മാർട്ടിൻ
ഇന്നലെ കാനോന്‍ നിയമം പറഞ്ഞു ഒരാളെ വിലക്കുന്നു. ഇന്ന്‍ പൊതുജനാ അഭിപ്രയം മാനിച്ചു നടപടികള്‍ പിന്‍വലിക്കുന്നു. തെരുവില്‍ അപഹാസ്യരാകുന്നത് പാവം വിശ്വാസികള്‍. ചട്ടവും നിയമവും നിരത്തി ഘോരഘോരംവാദിച്ചവര്‍ ഏതു മാളത്തില്‍ പോയൊളിച്ചു?
നിങ്ങളുടെ അന്യോന്ന്യമുള്ള പകതീര്‍ക്കാന്‍ ഉള്ളതല്ല കത്തോലിക്കാ സഭ.
ഇനിയും പോരാടുമെന്നു സിസ്റ്റര്‍? വിശ്വാസികളുടെ എതിര്‍പ്പിനെ മാനിച്ചാണ് വിലക്ക് പിന്‍വലിച്ചതെന്നു വികാരി…
സഭാ നിയമങ്ങള്‍ അനുസരിച്ചാണ് വിലക്കിയതെങ്കില്‍ അതില്‍ ഉറച്ചു നില്‍ക്കണമായിരുന്നു…
സിസ്റ്റര്‍ നിങ്ങള്‍ ആരോട് പോരാടാന്‍? സഭയോടോ, അതോ സഭസ്ഥാപിച്ച കര്‍ത്താവിനോടോ? നിങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ആണ് തെരുവില്‍ ഇറങ്ങിയതെന്നു ഞങ്ങള്‍ വിശ്വസിക്കാം, കൂടെ നില്‍ക്കാം. പക്ഷെ, നിങ്ങള്‍ കൂടെകൂട്ടിയതോ കത്തോലിക്കാ വിശ്വാസങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരെ. സഭാ വിശ്വാസത്തിന്‍റെ ഒരു ചെറിയ കണിക എങ്കിലും നിങ്ങളില്‍ ഉണ്ടായിരുന്നുവെങ്കില്‍ ‘വികലമായി ചിത്രീകരിച്ച പിയാത്ത’ ചിത്രത്തിനു മുന്‍പില്‍ ഇരുന്നു നിങ്ങള്‍ സമരം നടത്തുമായിരുന്നില്ല.
നിങ്ങള്‍ കരുതുന്നുണ്ടോ നിങ്ങളുടെ സമരം കൊണ്ടാണ് അറസ്റ്റ് നടന്നതെന്ന്? അത് വെറും മിഥ്യാ ധാരണയാണ് നാട്ടിന്‍പുറങ്ങളില്‍ ഒരുതരം പക്ഷിയുണ്ട്, ഭൂമികുലുക്കി പക്ഷി. അത് വാല്‍ ആട്ടുമ്പോള്‍ അതിനു തോന്നും ഭുമിമുഴുവന്‍ കുലുങ്ങുന്നുവെന്ന്. അത്രേ ഉള്ളൂ.
നിങ്ങളെ അച്ചന്മാര്‍ ആകാനും കന്യാസ്ത്രികള്‍ ആകാനും ഞങ്ങള്‍ വിശ്വാസികള്‍ നിങ്ങളുടെ വീട്ടില്‍ വന്നു വിളിച്ചിറക്കി സെമിനാരിയിലോ മഠത്തിലോ നിര്‍ബന്ധിച്ചു കൊണ്ടുചെന്നാക്കിയതല്ലല്ലോ?
ഓർക്കുക, പരിശുദ്ധവും പരിപാവനവുമായ വിശുദ്ധ ജീവിതം നയിക്കുന്ന കുറേ നല്ല വൈദീകര്‍/ കന്യാസ്ത്രികള്‍ സഭയില്‍ ഇന്നും ഉണ്ട്. എണ്ണത്തില്‍ കുറവാണെങ്കിലും അവരാണ് ഞങ്ങളുടെയും സഭയുടെയും ശക്തി. അതുമതി ഞങ്ങള്‍ക്ക്.
സഭാ വസ്ത്രമിട്ടുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പുലയാട്ടാതെ, വിശ്വാസികളുടെ ക്ഷമയെ പരീഷിക്കാതെ, ഞങ്ങള്‍ ഇടുന്ന പിച്ചകാശു കൊണ്ട് തിന്നു കുടിച്ചു ദുര്‍മേദസ് കൂട്ടാതെ, ഏറ്റെടുത്ത ദൗത്യം സന്തോഷത്തോടും, ക്രിസ്തുവിനെപ്രതിയും ജീവിക്കുവാൻ നോക്കുക. അല്ലെങ്കിൽ, എത്രയും പെട്ടെന്ന് ഇറങ്ങിപോയി അധ്വാനിച്ചു ജീവിക്കാന്‍ നോക്ക്.