Kerala

“ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വചനം പോലെ എന്നിലാകട്ടെ”

"ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വചനം പോലെ എന്നിലാകട്ടെ"

ആഗമനകാലം നാലാം ഞായർ

ഒന്നാം വായന : മിക്കാ. 5:1-4
രണ്ടാം വായന : ഹെബ്രാ. 10:5-10
സുവിശേഷം : വി. ലൂക്കാ. 1:39-45

ദിവ്യബലിയ്ക്ക് ആമുഖം

ആഗമനകാലം നാലാം ഞായറിൽ രണ്ട് സ്ത്രീകളുടെ സമാഗമത്തെ സുവിശേഷത്തിൽ നാം ശ്രവിക്കുന്നു. പരിശുദ്ധ മറിയം എലിസബത്തിനെ സന്ദർശിക്കുകയാണ്. ബന്ധങ്ങളിലും, പരസ്പര സഹകരണത്തിലും, സഹായത്തിലും, വിശ്വാസത്തിലും നാം സ്വീകരിക്കേണ്ട നിലപാടുകൾക്ക് ഇവരുടെ ജീവിതം ഒരു മാതൃകയാണ്. ഈ മാതൃകയെ അടിസ്ഥാനമാക്കി നമുക്കും ആത്മപരിശോധനയ്ക്ക് വിധേയമാകാം. ദിവ്യബലിയർപ്പിക്കാനായി ഒരുങ്ങാം.

ദൈവവചന പ്രഘോഷണ കര്‍മ്മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരേ,

രണ്ട് പ്രധാനപ്പെട്ട സ്ത്രീകള്‍ ഇന്നത്തെ സുവിശേഷത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു. പരിശുദ്ധ കന്യകാമറിയവും വി. എലിസബത്തും. ഗബ്രിയേല്‍ ദൂതനില്‍ നിന്നു മംഗളവാര്‍ത്ത സ്വീകരിച്ചയുടനെ പരിശുദ്ധ അമ്മ ഏകദേശം 70 കിലോമീറ്ററുകള്‍ക്കപ്പുറമുളള യൂദായായിലെ മലമ്പ്രദേശത്തുളള തന്‍റെ ചാര്‍ച്ചക്കാരിയെ സന്ദര്‍ശിക്കാനായി പോകുന്നു. ഗര്‍ഭിണിയായിരുന്നിട്ടും വൃദ്ധയും ഗര്‍ഭിണിയുമായ എലിസബത്തിനെ ശുശ്രൂഷിക്കാനായി ഇറങ്ങിത്തിരിച്ച പരിശുദ്ധ അമ്മ നമുക്കൊരു മാതൃകയാണ്. നാം ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുമ്പോള്‍ ആര്‍ക്കാണോ നമ്മുടെ സഹായം ആവശ്യമുളളത് അവരെ സഹായിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുക മാത്രമല്ല, മറിച്ച് അതിനു വേണ്ടി ഇറങ്ങി തിരിക്കാന്‍ നമുക്കു സാധിക്കണം.

ഒരു പുരോഹിതന്‍റെ ഭാര്യ ആയിരുന്നിട്ടും എലിസബത്ത് ഒരു പ്രവാചകന്‍റെ അമ്മയാകാന്‍ തെരഞ്ഞെടുക്കപ്പെടുന്നു. നസ്രത്തിലെ ഒരു സാധാരണ ഗ്രാമീണ യുവതിയായിട്ടും മറിയം ദൈവപുത്രന്‍റെ അമ്മയാകാന്‍ തെരഞ്ഞെടുക്കപ്പെടുന്നു.യോഹന്നാന്‍റെ പിതാവായ സഖറിയാസാകട്ടെ ഗബ്രിയേല്‍ മാലാഖയോടു തന്‍റെ അവിശ്വാസം പ്രകടിപ്പിക്കുന്നു. പരിശുദ്ധ മറിയമാകട്ടെ തന്‍റെ സംശയം ചോദിക്കുന്നുവെങ്കിലും ഗബ്രിയേല്‍ മാലാഖയോട് “ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വചനം പോലെ എന്നിലാകട്ടെ” എന്നു പറയുന്നു. ഒരു വലിയ ജീവിത യാഥാര്‍ത്ഥ്യം ഇതിലൂടെ വ്യക്തമാകുന്നു. നമ്മുടെ ജീവിതവും ഈ ലോക ചരിത്രവും മുന്നോട്ടു പോകുന്നത് നമ്മുടെ യുക്തിക്കും ചിന്തകള്‍ക്കും പദ്ധതികള്‍ക്കുമനുസരിച്ചല്ല മറിച്ച്, ദൈവത്തിന്‍റെ പദ്ധതി അനുസരിച്ചാണ്. അപ്രകാരം നമ്മുടെ പ്രതീക്ഷകള്‍ക്കപ്പുറമുളളത് സംഭവിക്കുമ്പോഴൊക്കെ പരിശുദ്ധ അമ്മയെപ്പോലെ “ഇതാ കര്‍ത്താവിന്‍റെ ദാസി/ ഇതാ കര്‍ത്താവിന്‍റെ ദാസന്‍” എന്ന് നമുക്കും പറയാന്‍ സാധിക്കണം.

മറിയത്തിന്‍റെ അഭിവാദന സ്വരം ശ്രവിച്ചപ്പോള്‍ ശിശു തന്‍റെ ഉദരത്തില്‍ സന്തോഷാല്‍ കുതിച്ചു ചാടി എന്ന് എലിസബത്ത് പറയുന്നു. ഗര്‍ഭസ്ഥാവസ്തയിലുളള ശിശുവിന്‍റെ സാധാരണ ചലനങ്ങള്‍ക്കുപരിയായി ബിബ്ലിക്കലായ മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്.
മലാക്കി പ്രവാചകന്‍റെ പുസ്തകത്തിലും (മലാക്കി 4:2) സങ്കീര്‍ത്തനത്തിലും (സങ്കീ. 114:4-6) കര്‍ത്താവിന്‍റെ ദിനത്തില്‍ ആസന്നനാകുന്ന അഭിഷിക്തനെ കാണുമ്പോള്‍ മൃഗങ്ങളെപ്പോലെ സന്തോഷത്താല്‍ കുതിച്ചു ചാടുന്ന മനുഷ്യരെക്കുറിച്ചും, പര്‍വതങ്ങളെക്കുറിച്ചും പറയുന്നുണ്ട്. തന്‍റെ കുതിച്ചു ചാടലിലൂടെ ആസന്നമാകുന്ന അഭിഷിക്തന്‍റെ ആഗമനം ഉടനെയുണ്ടാകുമെന്ന് ലോകത്തിന് സാക്ഷ്യം നല്‍കുന്നു.

എലിസബത്ത് രണ്ട് തവണ പരിശുദ്ധ മറിയത്തെ വ്യക്തിപരമായി പുകഴ്ത്തുന്നുണ്ട്. ഒന്നാമതായി; നീ സ്ത്രീകളില്‍ അനുഗ്രഹീതയെന്നും നിന്‍റെ ഉദര ഫലം അനുഗ്രഹീതം എന്നും (ലൂക്ക1:42) മരിയ ഭക്തിയിലെ ഏറ്റവും സുപ്രധാനമായ “നന്മനിറഞ്ഞ മറിയമേ നിനക്കു സ്വസ്തി” എന്ന പ്രാര്‍ഥന രൂപപ്പെടുത്തിയിരിക്കുന്നതും ഈ തിരുവചനങ്ങളുടെ അടിസ്ഥാനത്തിലാണ്. രണ്ടാമതായി; “കര്‍ത്താവ് അരുളിചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി” (ലൂക്ക 1:45). ഈ തിരുവചനം പരിശുദ്ധ അമ്മയ്ക്ക് മാത്രമല്ല നമുക്കും ബാധകമാണ്. പരിശുദ്ധ മറിയവും എലിസബത്തും യേശുവിനെയും സ്നാപകയോഹന്നാനെയും ഗര്‍ഭാവസ്ഥയില്‍ അനുഭവിക്കുന്നതേയുളളൂ മനുഷ്യരായി കണ്ടിട്ടില്ല, ഈ കാത്തിരിപ്പിന്‍റെ കാലത്ത് അവര്‍ ദൈവവചനത്തില്‍ വിശ്വസിക്കുന്നു. അതില്‍ ആനന്ദിക്കുന്നു.

നാം തിരുപ്പിറവിയോട് അടുക്കുമ്പോള്‍ ഈ രണ്ടുപേരുടെയും സമാഗമവും സംഭാഷണവും യേശുവിനായുളള നമ്മുടെ കാത്തിരിപ്പിനും ധൈര്യം പകരുന്നു. തിരുപ്പിറവിയ്ക്ക് മുമ്പായി നാം മറ്റുളളവരെ കണ്ടുമുട്ടാനായി ഇറങ്ങിത്തിരിക്കണം, അവരെ സഹായിക്കണം, എല്ലാറ്റിനുമുപരി ദൈവം അരുളിചെയ്തവ സംഭവിക്കുമെന്ന് വിശ്വസിക്കുകയും വേണം.

ആമേന്‍.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker