India

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ഇന്ത്യന്‍ കറന്റ്‌സ് മുന്‍ എഡിറ്ററും കപ്പൂച്ചിന്‍ സഭാംഗവുമായ ഡോ. സുരേഷ് മാത്യുവാണ് പുതിയ പ്രസിഡന്റ്...

ജോസ് മാർട്ടിൻ

പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ ചാരിതാര്‍ത്ഥ്യവുമായി ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് പ്രസിഡന്റ് പദവി ഒഴിഞ്ഞു. 2016 മുതല്‍ 2019 വരെ വൈസ് പ്രസിഡന്റും, തുടര്‍ന്ന് 2019 മുതല്‍ 2025 വരെ തുടര്‍ച്ചയായി രണ്ടുതവണ പ്രസിഡന്റുമായിരുന്നു അദ്ദേഹം. എതിരില്ലാതെയായിരുന്നു ആ മൂന്നു തിരഞ്ഞെടുപ്പുകളുമെന്നത് തിളക്കമാർന്നൊരേടായി നിലനിൽക്കും. കൂടാതെ, ഇത്തരത്തില്‍ അംഗീകാരം ലഭിച്ച ഏക അല്‍മായന്‍ എന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തം.

മാധ്യമങ്ങള്‍ക്കായുള്ള സിബിസിഐ കാര്യാലയത്തിന്റെ അധ്യക്ഷനും ബെല്ലാരി രൂപതയുടെ ആര്‍ച്ച്ബിഷപ്പുമായ ഡോ. ഹെന്റി ഡിസൂസയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു: “മാറ്റു തെളിയിച്ച സീനിയര്‍ മാധ്യമപ്രവര്‍ത്തകനും രാജ്യാന്തര പ്രശസ്തനായ മാധ്യമ പരിശീലകനുമായ പ്രൊഫ. ഇഗ്നേഷ്യസ് ഗൊണ്‍സല്‍വസിനെപ്പോലൊരു അല്‍മായന്‍ തലപ്പത്ത് വന്നത് സംഘടനയുടെ അന്തസ്സും ആധികാരികതയും സ്വീകാര്യതയും വര്‍ധിപ്പിച്ചു”. ഭാരതസഭയുടെ പേരില്‍ അദ്ദേഹം ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസിനു നന്ദിയർപ്പിക്കുകയും ചെയ്തു.

പ്രൊഫ. ഗൊണ്‍സാല്‍വസിനൊപ്പം സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് “ധന്യമായൊരു പഠനപ്രക്രിയയായിരുന്നു”വെന്നായിരുന്നു പുതിയ പ്രസിഡന്റ് ഡോ. സുരേഷ് മാത്യുവിന്റെ പ്രസ്താവന. കൃത്യമായ ആസൂത്രണവും കണിശ്ശമായ നിര്‍വഹണവും സൂക്ഷ്മാംശങ്ങളില്‍ പോലുമുള്ള ശ്രദ്ധയും സഹപ്രവര്‍ത്തകരെ വളര്‍ത്തി ശക്തീകരിക്കാനുള്ള വ്യഗ്രതയുമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയുടെ മുഖമുദ്രകളെന്ന് ലോക്കല്‍ ഓര്‍ഗനൈസര്‍ ഫാ. ജോ എറുപ്പക്കാട്ട് വിലയിരുത്തി.

ഐസിപിഎയുടെ ഭരണഘടന ഭേദഗതി ചെയ്തിട്ടാല്‍പ്പോലും ഇഗ്നേഷ്യസിന് ഒരു ടേം കൂടി നല്‍കണമെന്നു ശുപാര്‍ശയുണ്ടായത് എഴുത്തുകാരനും മനുഷ്യവകാശ പ്രവര്‍ത്തകനുമായ ഫാ. സെഡ്രിക്ക് പ്രകാശ് എസ്‌ജെ പ്രത്യേകം സൂചിപ്പിച്ചു. ചുരുക്കത്തിൽ, അദ്ദേഹം പുലര്‍ത്തിയ “സിനഡല്‍ ശൈലി”യും അദ്ദേഹത്തിന്റെ ജനപ്രീതിയുമാണ് ഇതു വെളിവാക്കുകയെന്നതിൽ സംശയമില്ല.

ഇന്ത്യന്‍ കറന്റ്‌സ് മുന്‍ എഡിറ്ററും കപ്പൂച്ചിന്‍ സഭാംഗവുമായ ഡോ. സുരേഷ് മാത്യുവാണ് പുതിയ പ്രസിഡന്റ്. മറ്റ് ഭാരവാഹികള്‍ ഫാ. ജോ എറുപ്പക്കാട്ട് (വൈസ് പ്രസിഡന്റ്) സിസ്റ്റര്‍ ടെസ്സി ജേക്കബ് (സെക്രട്ടറി) രഞ്ജിത്ത് ലീന്‍ (ജോ. സെക്രട്ടറി) ഡോ. സജിത്ത് സിറിയക്ക് എസ്എസ്പി (ട്രഷറര്‍). നിര്‍വാഹക സമിതി അംഗങ്ങള്‍: രാജേഷ് ക്രിസ്റ്റ്യന്‍ (അഹമ്മദാബാദ്), ഫാ. ആന്റണി പങ്ക്‌റാസ് (ചെന്നൈ), ഫാ. ഗൗരവ് നായര്‍ (ഡല്‍ഹി), ഡോ. എസ്. രാജശേഖരന്‍ (ചെന്നൈ).

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker