നാഗ്പൂർ: അതിരുകളും അളവുകളിലുമില്ലാതെ നിസ്വാർഥമായ സേവനങ്ങളിലൂടെ ജാതിമതഭേദമന്യെ അനേകായിരങ്ങളുടെ ഹൃദയത്തിൽ ഇടംനേടിയ ആർച്ച്ബിഷപ് ഡോ. എബ്രഹാം വിരുത്തക്കുളങ്ങരയുടെ ഭൗതികശരീരം നാഗ്പൂർ സെന്റ് ഫ്രാൻസിസ് സാലസ് കത്തീഡ്രലിൽ ഇന്നലെ വൈകുന്നേരം കബറടക്കി.
നാലു പതിറ്റാണ്ട് ഖാണ്ഡ്വ, നാഗ്പൂർ രൂപതകളിൽ അജപാലകനായിരിക്കെ ഏവരുടെയും ബിഷപ് സ്വാമിജിയും സ്നേഹ സഹോദരനുമായി ആദരവു നേടിയ ആർച്ച്ബിഷപ്പ് വിരുത്തക്കുളങ്ങരയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ ഒരു ലക്ഷത്തോളം ജനങ്ങളാണ് നാഗ്പൂരിൽ എത്തിച്ചേർന്നത്.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരും അൻപതിലേറെ ബിഷപ്പുമാരും ഒട്ടേറെ സന്യസ്തരും കുടുംബാംഗങ്ങളും അന്തിമോപചാരമർപ്പിച്ചു.
കബറടക്കത്തിനു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. ലിയോ കൊർണേലിയോ, ഗോവ ആർച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറോ എന്നിവർ വിവിധ ഘട്ടങ്ങളിലായി കാർമികത്വം വഹിച്ചു.
എല്ലാവരിലും സന്തോഷവും പ്രത്യാശയും സമ്മാനിച്ച പിതാവായിരുന്നു ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. കഷ്ടപ്പാടുകളും ത്യാഗങ്ങളും അനുഷ്ഠിച്ച് അദ്ദേഹം അർപ്പിച്ച ശുശ്രൂഷാശൈലി ഒട്ടേറെ സമർപ്പിതർക്കു പ്രവർത്തനമാതൃകയായിട്ടുണ്ട്. ഭാരതസഭയുടെ വളർച്ചയ്ക്കും ഐക്യത്തിനുമായി പിതാവ് എക്കാലവും നിലകൊണ്ടു. സി.ബി.സി.ഐ. സമ്മേളനങ്ങളിൽ നാൽപതു വർഷമായി പിതാവിന്റെ സാന്നിധ്യവും ഇടപെടലും ശ്രദ്ധേയമായിരുന്നു. വിരുത്തക്കുളങ്ങര പിതാവിന്റെ സേവനങ്ങളെ എക്കാലവും ഭാരതസഭയും നാനാജാതി മതസ്തരും നന്ദിയോടെ അനുസ്മരിക്കുമെന്നും അനുശോചന പ്രസംഗത്തിൽ കർദിനാൾ മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.
ഭാരതത്തിന്റെ മതേതര മൂല്യങ്ങളിൽ ഉറച്ചുനിലകൊണ്ട് പാവങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും ഒൗന്നത്യത്തിലേക്കു നയിച്ച വലിയ മിഷനറിയായിരുന്നു ഡോ. എബ്രഹാം വിരുത്തക്കുളങ്ങര. സഹനങ്ങളും ദുരിതങ്ങളും ജീവിതബലിയായി അർപ്പിച്ച വിരുത്തക്കുളങ്ങര പിതാവ് എക്കാലത്തും ജനഹൃദയങ്ങളിൽ ജീവിക്കുമെന്നും മാർ ക്ലീമിസ് ബാവ അനുസ്മരിച്ചു. വിശുദ്ധ കുർബാനയിൽ കാണ്ഠ്വ ബിഷപ് ഡോ. അരോക്യ സെബാസ്റ്റ്യൻ ദുരൈരാജ് സുവിശേഷ പാരായണം നടത്തി.
ഫ്രാൻസിസ് പാപ്പായുടെയും വിശ്വാസപ്രചാരണ തിരുസംഘത്തിന്റെയും അനുശോചനം വിവിധ പ്രതിനിധികൾ വായിച്ചു. സി.ബി.സി.ഐ.യുടെ അനുശോചനം സി.ബി.സി.ഐ. വൈസ്പ്രസിഡന്റും മാവേലിക്കര ബിഷപ്പുമായ ജോഷ്വ മാർ ഇഗ്നാത്തിയോസും മുംബൈ ആർച്ച്ബിഷപ്പും സി.ബി.സി.ഐ. പ്രസിഡന്റുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ അനുശോചനം മുംബൈ സഹായ മെത്രാൻ ഡോ. ഡൊമിനിക് സാവിയോ ഫെർണാണ്ടസും വായിച്ചു. നാഗ്പൂർ അതിരൂപതയെ പ്രതിനിധീകരിച്ചു വികാരി ജനറാൾ ഫാ. ജെറോം പിന്റോയും കുടുംബാംഗങ്ങളുടെ പ്രതിനിധിയായി ഫാ. അലക്സ് വിരുത്തക്കുളങ്ങരയും കൃതജ്ഞതാ പ്രകാശനം നടത്തി.
Related