Kerala

ആസന്നമാകുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രശ്‌നാധിഷ്ഠിത-മൂല്യാധിഷ്ഠിത രാഷ്ട്രീയ നിലപാട് സ്വീകരിക്കും; കെ.ആര്‍.എല്‍.സി.സി.

കെ.ആര്‍.എല്‍.സി.സി.യുടെ സംസ്ഥാന നിര്‍വ്വാഹക സമിതിയും, രാഷ്ട്രീയ കാര്യസമിതിയും രാഷ്ട്രീയ നിജസ്ഥിതികൾ വിലയിരുത്തി...

ജോസ് മാർട്ടിൻ

കൊച്ചി: പ്രശ്‌നാധിഷ്ഠിത-മൂല്യാധിഷ്ഠിത സമദൂരമെന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്ക ജനസമൂഹത്തിന്റെ രാഷ്ട്രീയ നയം എക്കാലത്തും സ്ഥിരമായ ഒന്നല്ലെന്ന് കെ.ആര്‍.എല്‍.സി.സി. രാഷ്ട്രീയ കാര്യസമിതി. കോട്ടയത്ത് വിമലഗിരിയില്‍ ചേര്‍ന്ന കെ.ആര്‍.എല്‍.സി.സി.യുടെ സംസ്ഥാന നിര്‍വ്വാഹക സമിതിയും, രാഷ്ട്രീയ കാര്യസമിതിയും രാഷ്ട്രീയ നിജസ്ഥിതികൾ വിലയിരുത്തി.

ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും അവയുടെ പരിഹാര മാര്‍ഗ്ഗങ്ങളും സര്‍ക്കാരുകളുടെയും കേരളത്തിലെ വിവിധ രാഷ്ട്രീയ മുന്നണികളുടെയും പരിഗണനയ്ക്കായി ആവര്‍ത്തിച്ച് അവതരിപ്പിച്ചിട്ടുള്ളതാണ്, ഇവയോടുള്ള സര്‍ക്കാരിന്റെയും രാഷ്ട്രീയ മുന്നണികളുടെയും പ്രതികരണങ്ങളുടെയും നടപടികളുടെയും അടിസ്ഥാനത്തില്‍ ആസന്നമാകുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതായി കെ.ആര്‍.എല്‍.സി.സി. ലത്തീൻ കത്തോലിക്ക സഭാ വക്താവ് ജോസഫ് ജൂഡ് അറിയിച്ചു.

വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാഷ്ട്രീയകാര്യസമിതി കണ്‍വീനര്‍ ജോസഫ് ജൂഡ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഡോ.ജിജു ജോര്‍ജ് അറക്കത്ത, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ബിജു ജോസി, കെഎല്‍സിഡബ്‌ള്യുഎ പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, കെസിവൈഎം ലാറ്റിന്‍ പ്രസിഡന്റ് കാസി പൂപ്പന, കെആര്‍എല്‍സിസി സെക്രട്ടറിമാരായ പാട്രിക് മൈക്കിള്‍, പ്രബല്ലദാസ്, മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.

സമുദായിക തലത്തിലെ ജനസംഖ്യാ കണക്കെടുപ്പ് (ജാതി സെന്‍സസ്സ്), സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ സമുദായിക പ്രാതിനിദ്ധ്യത്തെ സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍, ലത്തീന്‍ കത്തോലിക്കരുടെ സമുദായ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച തടസ്സങ്ങള്‍, തീരദേശ ഹൈവേ ഉയര്‍ത്തുന്ന പ്രതിസന്ധികള്‍, ഇഡബ്ല്യുഎസ് സംവരണത്തിലെ അപാകതകള്‍, ജെബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍, തിരദേശ പരിപാലന പദ്ധതിയിലെ കാലതാമസം ദളിത് ക്രൈസ്തവരുടെയും ആംഗ്ലോ ഇന്ത്യരുടെയും പ്രത്യേക വിഷയങ്ങള്‍, വിഴിഞ്ഞം, മുതലപ്പൊഴി പ്രശ്‌നങ്ങള്‍, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അന്യായമായ കേസുകള്‍, തീരശോഷണം തടയുന്നതിലെ അലംഭാവം തുടങ്ങി നിരവധിയായ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ മുന്നണികളുടെയും പരിഗണനയ്ക്കായി ഉന്നയിച്ചിട്ടുള്ള വിഷയങ്ങളാണ്. അധികാരത്തിലും ഉദ്യോഗങ്ങളിലും അര്‍ഹവും നീതിയുക്തവുമായ പങ്കാളിത്തവും പ്രാതിനിധ്യവും നിരന്തരം നിഷേധിക്കപ്പെടുന്നതും ഗൗരവതരമായ പ്രശ്‌നമായി കെ.ആര്‍.എല്‍.സി.സി. വിലയിരുത്തുന്നതായും പത്ര കുറിപ്പിൽ അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker