ആലപ്പുഴ: ആലപ്പുഴ രൂപതയുടെ കോ- അഡ്ജിത്തോർ ബിഷപ്പായി (പിന്തുടർച്ചാവകാശമുള്ള ബിഷപ്പ്- നിലവിലെ ബിഷപ് കാലാവധി പൂർത്തിയാകുന്നതനുസരിച്ച് ഇദ്ദേഹം ചുമതലയേൽക്കും) ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ നിയമിതനായി. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ വൈകുന്നേരം 4.30ന് ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലാണ് പ്രഖ്യാപനം നടത്തിയത്. ഇതേസമയം റോമിലും പ്രഖ്യാപനം നടന്നു.
ആലപ്പുഴ രൂപതയിലെ ചെല്ലാനത്ത് 1962 മാര്‍ച്ച് 7 നാണ് ആലപ്പുഴയുടെ പുതിയ ഇടയന്‍ ജനിച്ചത്.ആലുവ മേജര്‍ സെമിനാരിയിലെ പഠനത്തിന് ശേഷം റോമിലെ പൊന്തിഫിക്കല്‍ തിയേളജി കോളേജില്‍ തിയേളജിയില്‍ ഡോക്‌ടറേറ്റ് നേടി . 1986 ല്‍ ആലപ്പുഴ രൂപതയുടെ വൈദികനായി അഭിഷിക്‌തനായി, ആലപ്പുഴ സെയ്ന്റ് തോമസ് പളളി വികാരിയായും ആലപ്പുഴ സേക്രഡ് ഹാര്‍ട്ട് മൈനര്‍ സെമിനാരിയുടെ പ്രീഫെക്‌ടായും പ്രൊക്കുറേറ്ററായും പ്രവര്‍ത്തിച്ചു. കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയില്‍ ഹീബ്രുവിന്റെയും ബിബ്ലിക്കല്‍ തിയോളജിയുടേയും പ്രൊഫസറായി സേവനമനുഷ്‌ടിച്ചു. 2003 മുതല്‍ 2006 വരെ കാര്‍മ്മല്‍ഗിരി സെയ്‌ന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്‌ടറായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ ഡോ. അത്തിപ്പൊഴിയിൽ ഡിക്രി വായിച്ചു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്‍റ് സാമുവേൽ, കൊല്ലം ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ, പുനലൂർ ബിഷപ്പ് ഡോ. സിൽവെസ്റ്റർ പൊന്നുമുത്തൻ തുടങ്ങിയവർ ചടങ്ങിന് സന്നിഹിതരായിരുന്നു.