Kerala

ആലപ്പുഴ രൂപതാ പ്രവാസി സംഘടന രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു

സംഘടനാ പ്രസിഡന്റ് സാലസ് ആന്റണി കാക്കരിയിലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ ചുമതലയേറ്റു...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതയിൽ നിന്നും വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്കും, പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ മടങ്ങി എത്തിയവർക്കുമായി ആലപ്പുഴ രൂപതാ പ്രവാസി കമ്മീഷന്റെ കീഴിൽ രൂപീകരിച്ച ആലപ്പുഴ ഇന്റർനാഷണൽ മൈഗ്രന്റ്സ് (AIM ) എന്ന സംഘടന രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ കർമ്മ സദൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഥമ പ്രവാസി സംഗമത്തിൽ എ.എം ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ., വികാരി ജനറൽ ജോയ് പുത്തൻവീട്ടിൽ, ആലപ്പുഴ രൂപതാ പ്രവാസി കമ്മിഷൻ ഡയറക്ടർ ഫാ.തോമസ് ഷൈജു ചിറയിൽ, രൂപത പി.ആർ.ഒ. സേവ്യർ കുടിയാംശേരിൽ, മുൻ എം.പി. ഡോ. കെ.എസ്. മനോജ്‌, ബീന ഔസെപ്പച്ചൻ, വിൻസെന്റ് സി.പി., പോൾ ഗ്രിഗറി എന്നിവർ പ്രസംഗിച്ചു.

പ്രഥമ പ്രവാസി സംഗമത്തിൽ രൂപതാ വികാർ ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ സംഘടനാ നിയമാവലി പ്രകാശനം ചെയ്തു. തുടർന്ന് സംഘടനാ പ്രസിഡന്റ് സാലസ് ആന്റണി കാക്കരിയിലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ ചുമതലയേറ്റു.

കോവിഡ് 19 മഹാമാരിയുടെ കാലഘട്ടത്തിൽ രൂപതയിലെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക്  രൂപതാദ്ധ്യക്ഷൻ ജെയിംസ് പിതാവുമായി ഓൺ ലൈനിൽ ബന്ധപ്പെടാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ രൂപതാ പി.ആർ.ഒ.യും റേഡിയോ നെയ്തലിന്റെ സാരിഥിയുമായ റവ.അഡ്വ.സേവ്യർ കുടിയാംശ്ശേരിയുടെ ആശയം രൂപതാ പ്രവാസി കമ്മീഷന്റെ കീഴിൽ ഇന്ന് ഒരു സംഘടനയായി നിലവിൽ വരുമ്പോൾ കേരളത്തിലെ ലത്തീൻ റീത്തിൽ അംഗീകാരമുള്ള പ്രഥമ സംഘടനയായി തീരും.

അറേബ്യൻ-ഗൾഫ്  ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോഡിനേറ്റർമാർ ഉണ്ടായിരിക്കുമെന്നും, പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ മടങ്ങി എത്തിയവർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള മാർഗ നിർദേശങ്ങളും, അവസരങ്ങളും രൂപതയുമായി ചേർന്ന് ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker