ആലപ്പുഴ രൂപതയുടെ സപ്തതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് ത്രിദിന ആഘോഷ പരിപാടികൾ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു
ഞങ്ങൾ ഞങ്ങളുടെ ചരിത്രം പറയുകയാണ്. ഞങ്ങളുടെ മക്കളോടും തലമുറകളോടും പറഞ്ഞു കൊണ്ടേയിരിക്കും. കയ്യൂക്കുള്ളവർ കൈകാര്യം ചെയ്യുമ്പോൾ ചരിത്രം തെറ്റുന്നു... ഡോ. ജയിംസ് ആനാപറമ്പിൽ
ജോസ് മാർട്ടിൻ
ആലപ്പുഴ : ആലപ്പുഴ രൂപതയുടെ സപ്തതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ത്രിദിന ആഘോഷ പരിപാടികൾകൾക്ക് ഇന്ന് തുടക്കം. കർമസദൻ പാസ്റ്ററൽ സെന്ററിൽ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ. ജയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ചരിത്രം ഗവേഷണവും വ്യാഖ്യാനവും കൂടി കലർന്നതാണ്, കയ്യൂക്കൂള്ളവർ കൈകാര്യം ചെയ്യുമ്പോൾ ചരിത്രം തെറ്റുന്നു, ചരിത്രം സത്യാന്വേഷണത്തിന്റെ പാത കൂടിയാണ് ഞങ്ങൾ ഞങ്ങളുടെ ചരിത്രം പറയുകയാണ്, ഞങ്ങളുടെ മക്കളോടും തലമുറകളോടും പറഞ്ഞു കൊണ്ടേരിക്കും. പൂർവികർ ചെയ്ത തെറ്റ് ആവർത്തിക്കാതിരിക്കാൻ പറഞ്ഞു കൊണ്ടേയിരിക്കും. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുറമുഖങ്ങൾ ഉണ്ടായിരുന്നതിനാൽ എല്ലാ വിഭാഗം ആളുകളും സമ്മേളിച്ചിരുന്ന ബഹുസ്വരതയുടെ സംസ്കാരമായിരുന്നു കേരളത്തിന്റെ കടൽത്തീരത്തിന്റേതെന്നു മുഖ്യ പ്രഭാഷണം നടത്തിയ ജെ.എൻ.യു. മുൻ ചരിത്ര വിഭാഗം പ്രഫസറും, കോതമംഗലം രൂപതാ വികാരി ജനറലുമായ റവ.ഡോ. പയസ് മലേക്കണ്ടത്തിൽ പറഞ്ഞു.
ആലപ്പുഴ രൂപതാ വികാർ ജനറൽ മോൺ. ജോയി പുത്തൻ വീട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചരിത്ര സമ്മേളനത്തിൽ ‘ഫാ. ജാക്കൊമോ ഫെനീച്ചോ: ജീവിതവും മിഷനും, ആലപ്പുഴ രൂപതയുടെ വളർച്ചയും വികസനവും’ എന്ന വിഷയത്തിൽ റവ.ഫാ.പയസ് ആറാട്ടുകളുവും, ‘രൂപതാ വൈദിക രൂപീകരണവും ചരിത്രവും’ എന്ന വിഷയത്തിൽ കെ.സി. സേവ്യർകുട്ടിയും ക്ലാസ്സ്‌കൾ കൈകാര്യം ചെയ്തു.
റവ.ഡോ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ, ഫാ. നെൽസൺ തൈപ്പറമ്പിൽ, ഫാ.വി.പി.ജോസഫ് വലിയ വീട്ടിൽ, പി.ആർ. കുഞ്ഞച്ചൻ, സന്തോഷ് കൊടിയനാട്, ജോൺ ബ്രിട്ടോ, ബിജു ജോസി തുടങ്ങിയവർ പ്രസംഗിച്ചു. സമുദായ ചരിത്ര പണ്ഡിതൻ ഷെവലിയർ പ്രോഫ.ഏബ്രഹാം അറയ്ക്കൽ, മുൻ എം.എൽ.എ. പി.ജെ.ഫ്രാൻസിസ് എന്നിവരെ മുൻ എം. പി. ഡോ.കെ.എസ്. മനോജ് ആദരിച്ചു.