Kerala

ആലപ്പുഴ രൂപതയുടെ നാലാമത്തെ ബിഷപ്പായി സഹായമെത്രാന്‍ ഡോ.ജെയിംസ് ആനാപറമ്പിൽ

പിതാവിന്റെ ആപ്തവാക്യം "കർത്താവേ, ഞങ്ങളുടെ ദിനങ്ങളിൽ സമാധാനം കനിവാർന്നു നൽകണേ" എന്നാണ്...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങില്‍ വിശ്വാസ സമൂഹത്തെ സാക്ഷിനിര്‍ത്തി ബിഷപ്പ് ഡോ.സ്റ്റീഫന്‍ അത്തിപൊഴിയില്‍ പിതാവ് അധികാര കൈമാറ്റം പ്രഖ്യാപിച്ചു.

ആലപ്പുഴ രൂപതയിലെ കണ്ടക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകയിലെ, ആനാപറമ്പിൽ റാഫേൽ- ബ്രിജിത് ദമ്പതികളുടെ മകനായി 1962 മാർച്ച് ഏഴിന് ജെയിംസ്‌ പിതാവ് ജനിച്ചു. 1986 ഡിസംബര്‍ 17-ന് ആലപ്പുഴ രൂപതാ അധ്യക്ഷന്‍ ഡോ.പീറ്റര്‍ ചേനപറമ്പില്‍ പിതാവില്‍ നിന്നും പാരോഹത്യം സ്വീകരിച്ചു. 2017 ഡിസംബര്‍ 7 -ന് പിന്തുടര്‍ച്ചാ അവകാശമുള്ള സഹായമെത്രാനായി വത്തിക്കാന്‍ നിയമിക്കുകയും 2018 ഫെബ്രുവരി 11-ന് അര്‍ത്തുങ്കല്‍ ബസലിക്കായില്‍ വച്ച് പിന്തുടര്‍ച്ചാ അവകാശമുള്ള സഹായ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു.

കെ.സി.എസ്.എൽ, ടീച്ചേഴ്സ് ഗിൽഡ്, കേരള വൊക്കേഷൻ സെന്റർ എന്നിവയുടെ രൂപതാ ഡയറക്ടർ; ആലപ്പുഴ രൂപതയുടെ മായിത്തറ തിരുഹൃദയ സെമിനാരി പ്രീഫക്റ്റ്; പ്രൊക്യൂറേറ്റര്‍; ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകന്‍; കാർമലഗിരി മേജർ സെമിനാരി റെക്റ്റര്‍; കോട്ടയം വടവാതൂര്‍ സെന്റ്. തോമസ്‌ അപ്പോസ്തലിക് സെമിനാരിയില്‍ ലത്തീന്‍ ആരാധനാക്രമ അധ്യാപകന്‍ തുടങ്ങി വിവിധ മേഘലകളില്‍ പിതാവ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

റോമിലെ ഉർബാനിയ സർവകലാശാലയിൽ നിന്നും ബിബ്ലിക്കൽ തിയോളജിയിൽ പി.എച്ച്.ഡി. നേടിയിട്ടുണ്ട്. ബൈബിള്‍ വിജ്‍ഞാനീയ-ദൈവശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ള, ബഹുഭാഷാ പണ്ഡിതനായ പിതാവ് കെ.സി.ബി.സി. യുടെ പരിഷ്കരിച്ച ബൈബിള്‍ തർജ്ജിമയുടെ ചുമതലയും വഹിച്ചിട്ടുണ്ട്‌.

കടലിന്റെ ഗന്ധമുള്ള ഇടയന്‍

പിതാവിന്റെ ആപ്തവാക്യം “കർത്താവേ, ഞങ്ങളുടെ ദിനങ്ങളിൽ സമാധാനം കനിവാർന്നു നൽകണേ” എന്നാണ്.

ലാളിത്യത്തിന്റെ പ്രതീകമായ പിതാവ് രൂപതയുടെ വികാരി ജനറല്‍ ആയിരിക്കുമ്പോഴും ബിഷപ്പ്സ് ഹൌസില്‍ നിന്നും സ്വന്തം സൈക്കിളില്‍ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പോവുക പതിവായിരുന്നു. കഴിഞ്ഞ കടലാക്രമണവുമായി ബന്ധപ്പെട്ട് ചെല്ലാനം, ഒറ്റമശേരി ഭാഗങ്ങളിലെ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ അരയോളം വെള്ളത്തില്‍ നടന്നു ചെന്ന് തന്റെ അജഗണങ്ങളെ കരുതുന്ന ഇടയനെ നമ്മള്‍ അനുഭവിച്ചറിഞ്ഞു. രൂപതയിലെ ഒരു പരിപാടി ഉത്ഘാടനം ചെയ്യാന്‍ കത്തീഡ്രലില്‍ എത്തിയ പിതാവ്, തനിക്ക് അപരിചിതരായ എന്നാല്‍ തന്റെ അജഗണത്തില്‍പ്പെട്ട രണ്ടു കുട്ടികളുടെ മാമോദീസ നടത്തികൊടുക്കുന്നതിന് മനസുകാണിച്ചത് ആ മാതാപിതാക്കൾക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഇടയന്റെ സ്നേഹമായി അവശേഷിക്കും എന്ന് കേട്ടത് പിതാവിന്റെ ലാളിത്യത്തിന്റെ തെളിവാണ്.

കൂടാതെ, തന്റെ മെത്രാഭിഷേക പ്രഖ്യാപന ചടങ്ങില്‍ സംബന്ധിക്കാൻ ചെല്ലാനത്തെ സമരപന്തലില്‍ നിന്നുമാണ് പിതാവ് എത്തിയത് എന്നത് പിതാവിന്റെ ഇടയധർമ്മത്തിലെ മുൻഗണനയിലേക്ക് വിരൽ ചൂണ്ടുന്നു. മുന്‍ഗാമികളെ പോലെതന്നെ ആലപ്പുഴ രൂപതയിലെ വിശ്വാസിസമൂഹം കരുതലുള്ള ഈ ഇടയന്റെ കൈകളില്‍ ഭദ്രമായിരിക്കും എന്നതിൽ സംശയമില്ല.

Show More

2 Comments

  1. ജെയിംസ് ആനാപറമ്പിൽ പിതാവ് ആലപ്പുഴ രൂപതയുടെ സഹമെത്രാൻ ആയിരുന്നു. സഹായമെത്രാൻ അല്ല, സഹമെത്രാൻ എന്നതാണ് ഇവിടെ ശരി.

    1. ദയവായി തിരുത്തി മനസിലാക്കുക: പിൻതുടച്ചാവകാശമുള്ള സഹായ മെത്രാൻ (സഹമെത്രാൻ അല്ല) ആയിരുന്നു. ഇപ്പോൾ നാലാമത്തെ മെത്രാനായി പ്രഖ്യാപിച്ചു, അവരോധിക്കപ്പെടുന്നു.

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker