ആലപ്പുഴ രൂപതയിലെ ഫാ.ജൂഡ് ജോസഫ് കൊണ്ടപ്പശ്ശേരിയ്ക്ക് മിസിയോളജിയിൽ ഡോക്ടറേറ്റ്
"ഇവഞ്ചേലിയം ഗൗദിയത്തിലെ നവീന സഭാദർശനം, ആലപ്പുഴ രൂപതയുടെ പശ്ചാത്തലത്തിൽ" എന്ന വിഷയത്തിലാണ് പഠനം നടത്തിയത്
ഫാ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ
റോം: ആലപ്പുഴ രൂപതാംഗം ഫാ.ജൂഡ് ജോസഫ് കൊണ്ടപ്പശ്ശേരിൽ മിസിയോളജിയിൽ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി. റോമിലെ പ്രശസ്തമായ ഉർബാനിയാ യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച ഉർബാനിയാ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന പ്രബന്ധാവതരണം വിജയകരമായി പൂർത്തിയാക്കുകയും, ‘സുമ്മ കും ലൗദെ’ എന്ന ഉയർന്ന മാർക്ക് കരസ്ഥമാക്കുകയും ചെയ്തു. ഇനിമുതൽ ഫാ.ജൂഡ് ജോസഫ് കൊണ്ടപ്പശ്ശേരിൽ അറിയപ്പെടുക ‘റവ.ഡോ.ജൂഡ് ജോസഫ് കൊണ്ടപ്പശ്ശേരിൽ’ എന്നായിരിക്കും.
ഫ്രാൻസിസ് പാപ്പയുടെ അപ്പോസ്തോലിക പ്രബോധനമായ “ഇവഞ്ചേലിയം ഗൗദിയത്തിലെ നവീന സഭാദർശനം, ആലപ്പുഴ രൂപതയുടെ പശ്ചാത്തലത്തിൽ” എന്ന വിഷയത്തിലാണ് ഫാ.ജൂഡ് പഠനം നടത്തിയത്. പ്രൊഫസർമാരായ സബേത്ത ഗൈത്താനോ, ബറേദാ ജെസുസ്, ബെനഡിക്ട് കനകപ്പള്ളി എന്നിവരടങ്ങിയ സമിതിക്കു മുമ്പിലായിരുന്നു ഡോക്ടറേറ്റ് പ്രബന്ധം അവതരിപ്പിക്കപ്പെട്ടത്.
ചുരുക്കത്തിൽ, വർഷങ്ങൾ നീണ്ട തീവ്ര പരിശ്രമവും, പണ്ഡിതരായ ഗൈഡുമാരുടെ നിർദ്ദേശങ്ങളും സൂക്ഷ്മതയോടെ അപഗ്രഥിച്ച്, വ്യക്തതയോടെ ഒരു പ്രബന്ധമായി പൊതുവേദിയിൽ അവതരിപ്പിച്ച്, തന്റെ പഠനത്തിന്റെ ആധികാരികത തെളിയിച്ച് ഡോക്ടറേറ്റ് എന്ന അംഗീകാരം നേടിയെടുത്തിരിക്കുകയാണ് ഫാ.ജൂഡ് ജോസഫ്.
ഫാ.ജൂഡ് ജോസഫ് തന്റെ ബിരുദാനന്തര ബിരുദവും രണ്ടു വർഷം കൊണ്ട് “മിസ്സിയോളോജി” വിഷയത്തെ അടിസ്ഥാനമാക്കി ഉർബാനിയാ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ തന്നെയാണ് പൂർത്തിയാക്കിയതും.
ആലപ്പുഴ കണ്ടക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന ഇടവകയിൽ ശ്രീമാൻ ജോസെഫും, ശ്രീമതി അൽഫോൻസയുമാണ് മാതാപിതാക്കൾ.