ആലപ്പുഴയുടെ ജീവിക്കുന്ന വിശുദ്ധൻ ഫാ. മാത്യു നൊറോണയ്ക്ക് മോൺസിഞ്ഞോർ പദവി
ഡിസംബർ 11 ഞായറാഴ്ച വൈകുന്നേരം 4.30-ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ വച്ച് ഔദ്യാഗിക ബഹുമതി ചിഹ്നങ്ങൾ സ്വീകരിക്കും...

ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതാംഗമായ ഫാ.മാത്യു നൊറോണക്ക് “പരിശുദ്ധ പിതാവിന്റെ ചാപ്ലിൻ” (The Chaplain of His Holiness) എന്ന ഔദ്യോഗിക സഭാ ബഹുമതിയോടെ മോൺസിഞ്ഞോർ പദവി നൽകി ആദരിച്ചു. ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ പിതാവിന് കഴിഞ്ഞ ദിവസം അപ്പസ്തോലിക് നൂൺഷ്യേച്ചറിൽ നിന്ന് ലഭിച്ച അറിയിപ്പ് ആഗോള തുമ്പോളി തീർത്ഥാടനകേന്ദ്രമായ അമലോത്ഭവമാതാവിന്റെ തിരുനാൾദിനമായ ഡിസംബർ 8-ന് ഉച്ചകഴിഞ്ഞ് 3.30 നുള്ള ദിവ്യബലിമദ്ധ്യേ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
ഡിസംബർ 11 ഞായറാഴ്ച വൈകുന്നേരം 4.30-ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ വച്ച് അഭിവന്ദ്യ ജയിംസ് റാഫേൽ ആനാപറമ്പിൽ പിതാവ് അദ്ദേഹത്തെ ഔദ്യാഗിക ബഹുമതി ചിഹ്നങ്ങൾ അണിയിക്കുന്ന ചടങ്ങ് നിർവഹിക്കും. തുടർന്ന്, ദൈവത്തിന് നന്ദിയർപ്പിച്ചുകൊണ്ട് സമൂഹദിവ്യബലിക്ക് മോൺ. മാത്യു നൊറോണ നേതൃത്വം നൽകുമെന്ന് വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ അറിയിച്ചു.
1939 സെപ്റ്റംബർ 21-ന് തകഴിയിലെ കുന്നുമ്മേൽ ഹോളിഫാമിലി ഇടവകയിലുള്ള ജോർജ് നൊറോണ മേരി നൊറോണ ദമ്പതികളുടെ 11 മക്കളിൽ രണ്ടാമനായി ജനിച്ച അദ്ദേഹം പൂന പേപ്പൽസെമിനരിയിൽ വൈദിക പഠനം പൂർത്തിയാക്കിയശേഷം 1964-ൽ ബോംബെയിൽ ദിവ്യകാരുണ്യ കോൺഗ്രസിൽ വെച്ച് വൈദികപട്ടം സ്വീകരിച്ചു. പിന്നീട്, ആലപ്പുഴ എസ്.ഡി. കോളജിൽനിന്ന് ബി.എസ്.സി. ഫിസിക്സിൽ ബിരുദം നേടി.
1965 ജൂൺ 1-ന് ആലപ്പുഴ സെന്റ് ആന്റണീസ് ഓർഫണേജിൽ തന്റെ വൈദികശുശ്രൂഷ ആരംഭിച്ച അദ്ദേഹം സെന്റ് മൈക്കിൾസ് കോളജ് ഗവേണിംഗ് ബോഡി സെക്രട്ടറിയായും, നീണ്ട 26 വർഷം സെന്റ് മൈക്കൾസ് കോളജ് മാനേജമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ, കത്തോലിക്കാ ജീവിതം മാസികയുടെ മാനേജിംഗ് എഡിറ്ററായും, മൗണ്ട് കാർമ്മൽ കത്തീഡ്രൽ സഹവികാരിയായും തങ്കി പോളി ക്രോസ്, കോൺവെന്റ് ഹോസ്റ്റൽ എന്നിവിടങ്ങളിലെ ചാപ്ലിനായും തന്റെ സേവനം നൽകിയിട്ടുണ്ട്. അതുപോലെതന്നെ, രൂപതയിലെ അഡ്മിനിസ്ട്രേറ്റിവ് കൗൺസിൽ മെമ്പറായും മായിത്തറ വില്ലയുടെ സൂപ്പർവൈസറായും മായിത്തറ സേക്രഡ് ഹാർട്ട്, വണ്ടാനം മേരി ക്വീൻസ്, എഴു എന്ന സെന്റ് ആന്റണീസ് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ്, സൗദെ ആരോഗ്യ മാതാ, എന്നീ ഇടവകകളിലെയും കാട്ടൂർ സെന്റ് മൈക്കൾസ് ഫൊറോന ഇടവകയിലേയും വികാരിയായും സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. 2014-ൽ വിരമിച്ചശേഷം മായിത്തറ തിരുഹൃദയ സെമിനാരിയിൽ ആത്മീയപിതാവായും ആദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.