ആലപ്പുഴയിൽ കടലാക്രമണം അതിരൂക്ഷം; ആലപ്പുഴ രൂപത സഹായ മെത്രാൻ സർവകക്ഷി യോഗം വിളിച്ചു
ആലപ്പുഴയിൽ കടലാക്രമണം അതിരൂക്ഷം, യോഗത്തിൽ സോഷ്യൽ ആക്ഷൻ ടീം രൂപീകരിച്ചു.
ജോസ് മാർട്ടിൻ
ആലപ്പുഴ: ഒറ്റമശ്ശേരിയിൽ രണ്ട് ദിവസങ്ങളായി കോസ്റ്റൽ ഹൈവേ സ്ത്രീകൾ ഉപരോധിക്കുന്നു. ആലപ്പുഴ രൂപത സഹായ മെത്രാൻ ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ 11/06/2019 രാത്രി 8 മണിക്ക് സർവകക്ഷി യോഗം വിളിച്ചുചേർത്തു.
ഒറ്റമശ്ശേരിയിലും മറ്റ് തീരദേശ പ്രദേശങ്ങളിലും കടൽക്ഷോഭം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ രൂപത സഹായ മെത്രാൻ ജെയിംസ് റാഫേൽ ആനാപറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത സംഘടനകളുടേയും സാമൂഹിക-സാമുദായിക -രാഷ്ട്രീയ നേതാക്കളുടേയും യോഗത്തിൽ മുന്നോട്ടുള്ള പ്രവർത്തനങ്ങളും ഇപ്പോഴുള്ള പ്രവർത്തനങ്ങളുടെ വിലയിരുത്തലുകളും നടത്തുകയുണ്ടായി. നൽകിയ ഉറപ്പ് കളക്ടർ പാലിക്കാത്ത പക്ഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുകയും, രൂപതയുടെ സോഷ്യൽ ആക്ഷൻ ടീമിന്റെ തുടർ പ്രവർത്തനങ്ങൾക്കു വേണ്ട മാർഗ്ഗ നിർദേശങ്ങൾ നൽകുകയും ചെയ്തു.
യോഗത്തിൽ സോഷ്യൽ ആക്ഷൻ ടീം രൂപീകരിച്ചു. ചെയർമാനായി വികാരി ജനറൽ മോൺസിഞ്ഞോർ പയസ് ആറാട്ടുകുളത്തെ തെരഞ്ഞെടുത്തു. യോഗത്തിൽ അർത്തുങ്കൽ ഫെറോന വികാരി ഫാ.ക്രിസ്റ്റഫർ അർത്തശ്ശേരിൽ, രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ.സേവ്യർ കുടിയാംശ്ശേരി, ഫാ.ജസ്റ്റിൻ കുരിശിങ്കൽ; രൂപതയിലെ വിവിധ സംഘടന ഭാരവാഹികളായ രാജു ഈരേശ്ശേരിൽ, ജോൺ ബ്രിട്ടോ, ബിജു ജോസി, ജസ്റ്റീന, സാബു, ഇമ്മാനുവൽ, കിരൺ ആൽബിൻ, കെവിൻ, അനീഷ് ആറാട്ടുകുളം, തങ്കച്ചൻ ഈരേശ്ശേരിൽ, സോഫി രാജു; ജനപ്രതിനിധികളായ ജയിംസ് ചിങ്കുതറ, ജെമ്മ മാതു, ഫാ.വർഗീസ് പീറ്റർ, ചെറിയാശ്ശേരി, ഫാ.ജോർജ്ജ് മാവും കൂട്ടത്തിൽ, ഫാ.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.