Kerala

ആലപ്പുഴയിലെ സേക്രട്ട് ഹാർട്ട് സെമിനാരി 150 ന്റെ നിറവില്‍

ആലപ്പുഴ, കൊച്ചി രൂപതകളിലെ ആദ്യകാല മെത്രാന്മാർ വൈദിക വിദ്യാഭ്യാസം ആരംഭിച്ചത് ഈ സെമിനാരിയില്‍ നിന്ന്...

ജോസ് മാർട്ടിൻ

ആലപ്പുഴ: വിശ്വാസ സമൂഹംകെട്ടിപ്പടുത്ത ഭാരത്തിലെ ഏക തദേശീക സെമിനാരിയായ ആലപ്പുഴ സേക്രട്ട് ഹാർട്ട് സെമിനാരിക്ക്‌ 150 വയസ് തികയുന്നു. 1856-ൽ ആലപ്പുഴ പട്ടണത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥലം വാങ്ങി കെട്ടിടം വെയ്ക്കാൻ ആരംഭിക്കുകയും, പത്തു വർഷം കൊണ്ട് ഒരു ഇരുനില കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു. സ്ഥലവും, കെട്ടിടവും 1868 മെയ് 7-ന് ഗോവ മെത്രാപോലീത്ത വഴി പോർട്ടുഗീസ് രാജാവിന്റെ അധികാരത്തിലേക്കു വിട്ടുകൊടുത്തു. 1868 ഒക്റ്റോബര്‍ 14-Ɔο തീയതി സെമിനാരിക്കുള്ള കെട്ടിടവും സ്ഥലവും സ്വീകരിച്ചു കൊണ്ട് പോർട്ടുഗലിൽ നിന്നും രാജകല്പനയുണ്ടായി.

തുടർന്ന്, 1870 ഒക്റ്റോബര്‍ 16-Ɔο തീയതി ഞായറാഴ്ച രാവിലെ സെമിനാരിയുടെ വെഞ്ചരിപ്പും ഉൽഘാടനവും നടന്നു. പാദ്രുവാദെയുടെ പ്രതിനിധിയായി കൊച്ചിയുടെയും, കൊടുങ്ങല്ലൂരിന്റെയും ഭരണം നടത്തിയിരുന്ന ഗോവയുടെ വികാരി ജനറാൾ മോൺ.അന്തോണിയൊ വിന്‍സെന്റ് ലിസ് ബോവ കെട്ടിടം വെഞ്ചരിച്ചു. അന്നേ ദിവസം തന്നെ 15 പേരെ വൈദീക വിദ്യാർത്ഥികളായി സ്വീകരിച്ച്, അവർക്ക് പുരോഹിത വസ്ത്രവും നൽകി.

1870 മുതൽ 1886 വരെ ഗോവ അതിരൂപതയുടെ കീഴിലും, തുടർന്ന് കൊച്ചി രൂപതയുടെ കീഴിലുമായി പ്രവര്‍ത്തിച്ച സെമിനാരി 1952-ല്‍ ആലപ്പുഴ രൂപത നിലവില്‍ വന്നതോടെ ആലപ്പുഴ രൂപതയുടെ ഭാഗമായിമാറുകയായിരുന്നു.

സെമിനാരി സ്ഥാപന ചരിത്രം ഇങ്ങനെ:

അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ലത്തീന്‍ സമുദാത്തിലെ തന്നെ ഉന്നതര്‍ എന്ന് സ്വയം അവകാശപ്പെട്ടിരുന്ന ചിലരുടെ സങ്കുചിത താല്‍പ്പര്യത്താല്‍ ആലപ്പുഴ പ്രദേശങ്ങളിലുള്ളവര്‍ക്ക് വരാപ്പുഴ സെമിനാരിയിൽ പ്രവേശനം നിഷേധിക്കപ്പെടുകയും മറ്റ് സെമിനാരികളിൽ ചേർന്ന് പഠിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. അപ്പോൾ സ്വന്തം സമുദായത്തിലെ കുട്ടികൾക്കു പഠിക്കാന്‍ തദ്ദേശികമായി ഒരു സെമിനാരി സ്ഥാപിക്കാന്‍ വിശ്വാസികള്‍ ഫാ.പേതൃ കാസ്മീരു ദ പ്രസന്തസം (കാട്ടൂർ), ഫാ.പാവി ളു ദ കൊസെയ്സം അക്കീലസ് തേറാത്ത് (കണ്ടകടവ്), ശെമ്മാശനായ ജോസേ ദ അമ്പാര് ഫെയിരെ (ചെല്ലാനം) എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ച ആലപ്പുഴയിലെ ലത്തീന്‍ വിശ്വാസ സമൂഹം തങ്ങളാലാവും വിധം ഇല്ലായ്‌മയുടെ നാളുകളില്‍ കെട്ടു തെങ്ങുപിരിവ്, പിടി അരി പിരിവ് തുടങ്ങിയ പിരിവുകളിലൂടെ കെട്ടിപ്പടുത്തതാണ് ആലപ്പുഴ സേക്രട്ട് ഹാർട്ട് സെമിനാരി.

ആലപ്പുഴ, കൊച്ചി രൂപതകളിലെ ആദ്യകാല മെത്രാന്മാർ തുടങ്ങി അനേകം പ്രഗല്‍ഭരായ വൈദീകര്‍ തങ്ങളുടെ വൈദിക വിദ്യാഭ്യാസം ആരംഭിച്ചത് ഈ സെമിനാരിയില്‍ നിന്നായിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker