Kerala

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് സർക്കാരിനോട് ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

50 വിശ്വാസികൾക്ക് വീതമെങ്കിലും പ്രവേശനം നൽകി പള്ളികളിൽ ബലിയർപ്പിക്കാനുള്ള അനുവാദം നൽകണം...

സ്വന്തം ലേഖകൻ

കൊച്ചി: ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് സർക്കാരിനോട് ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ ആവശ്യം. 50 വിശ്വാസികൾക്ക് വീതമെങ്കിലും പ്രവേശനം നൽകി പള്ളികളിൽ ബലിയർപ്പിക്കാനുള്ള അനുവാദം നൽകണമെന്നാണ് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. ദുരന്തങ്ങളും ദുരിതങ്ങളും സമൂഹത്തെ അലട്ടുമ്പോൾ മനുഷ്യൻ തലമുറകളായി അഭയം കണ്ടെത്തുന്ന പള്ളികൾ, സമൂഹത്തിന് അതിജീവനത്തിന്റെയും ആശ്വാസത്തിന്റെയും പ്രതീകങ്ങളാണെന്നും, മഹാമാരിയുടെ കൊടുംഭീതിയിൽ നിസ്സഹായരും നിരാലംബരുമായ മനുഷ്യർക്ക് പ്രത്യാശയുടെയും, വിശ്വാസത്തിന്റെയും സാന്ത്വനം പകരാൻ ആരാധനാലയങ്ങൾ കൂടിയേതീരൂവെന്നും മെത്രാൻ സമിതി പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു മെത്രാൻ സമിതി യോഗത്തിൽ ബിഷപ്പുമാർ പങ്കെടുത്തതെന്ന് സമുദായ വക്താവ് ഷാജി ജോർജ് പറഞ്ഞു.

വൈറസ് പ്രതിരോധത്തിനായുള്ള ജാഗ്രതാ നിർദേശങ്ങളും, ആരോഗ്യപരിപാലനത്തിന്റെ മാർഗ്ഗരേഖകളും കൃത്യമായി പാലിക്കാനും അവ യഥാവിധി ക്രമീകരിക്കാനുമുള്ള സംവിധാനങ്ങൾ കത്തോലിക്കാസഭയ്ക്കുണ്ടെന്നും, അതുകൊണ്ട് ചുരുങ്ങിയത് 50 വിശ്വാസികൾക്ക് വീതം ആഴ്ചയിൽ ഒരു ദിവസമെങ്കിലും ശാരീരിക അകലം പാലിച്ച് പള്ളികളിലെ തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് കെ.ആർ.എൽ.സി.ബി.സി. ആവശ്യമുന്നയിച്ചിരിക്കുന്നത്. ജനങ്ങൾക്കാവശ്യമായ പൊതുമാർക്കറ്റുകൾ, വ്യാപാരസ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവ തുറക്കുകയും, പരീക്ഷകൾ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ അനുവദിച്ചു കൊടുക്കാൻ ഇനിയും വൈകരുതെന്നും മെത്രാൻ സമിതി പറഞ്ഞു.

വീഡിയോ കോൺഫറൻസിലൂടെ ചേർന്ന മെത്രാൻ സമിതി യോഗത്തിൽ കേരള ലത്തീൻ സഭാദ്ധ്യക്ഷനും കെ.ആർ.എൽ.സി.സി. പ്രസിഡന്റുമായ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ മോഡറേറ്ററായിരുന്നു. ആർച്ച് ബിഷപ്പ് ഡോ.സൂസപ്പാക്യം, ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ എന്നിവരുൾപ്പെടെ 12 രൂപതാദ്ധ്യക്ഷന്മാർ യോഗത്തിൽ പങ്കുചേർന്നു. കോവിഡ് 19-നെ പ്രതിരോധിക്കാൻ സഭയിലും, സമുദായത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ യോഗം വിശകലനം ചെയ്തു. ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

രൂപതകളുടെ കീഴിലുള്ള പാസ്റ്റൽ സെന്റെറുകളും, ധ്യാനകേന്ദ്രങ്ങളും, ആശുപത്രികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തിട്ടുണ്ടെന്നും; കേരളത്തിലെ ലത്തീൻ സഭയിലെ ഇടവകപള്ളികളും, സ്ഥാപനങ്ങളും, സംഘടനകളും ദുരിതാശ്വാസ പ്രതിരോധ പ്രവർത്തനങ്ങകളിൽ സജീവമായി പങ്കുചേരുന്നുണ്ടെന്നും; ഭക്ഷണവിതരണം, ദുരിതാശ്വാസ പദ്ധതികൾ എന്നിവയ്ക്കായി കീഴ്‌ഘടകങ്ങളിലൂടെ 10 കോടി രൂപയോളം ലത്തീൻ സഭ ചെലവഴിച്ചു കഴിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker