ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതിൽക്കൽ നിന്ന് കല്ല് ഉരുട്ടിമാറ്റുക
ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതിൽക്കൽ നിന്ന് കല്ല് ഉരുട്ടിമാറ്റുക
ഉയിർപ്പ് ഞായർ
സുവിശേഷം: വിശുദ്ധ മാർക്കോസ് 16:1-7
ദൈവവചന പ്രഘോഷണ കർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,
മൂന്നു സ്ത്രീകൾ അതിരാവിലെ യേശുവിന്റെ കല്ലറയിൽ സുഗന്ധദ്രവ്യങ്ങളുമായി എത്തുന്നു. യേശുവിന്റെ തിരുശരീരം സാബത്തു തുടങ്ങുന്നതിനുമുൻപ് ധൃതിയിൽ സംസ്‌കരിച്ചതിനാൽ, സാബത്തിനു ശേഷം മൃതശരീരത്തിലെ അവസാന ശുശ്രുഷകൾ പൂർത്തിയാക്കാനായി അതിരാവിലെ അവർ കല്ലറയിൽ വരുന്നു. എന്നാൽ ഈ സ്ത്രീകൾ, യേശു ഉയിർത്തെഴുന്നേറ്റു എന്ന സത്യം ആദ്യമായി ദൈവദൂതനിൽ നിന്ന് ശ്രവിച്ച്, അത് ശിഷ്യരോടും ഈ ലോകത്തോടും വിളിച്ചു പറയുവാൻ നിയുക്തരാകുന്നു.
സ്ത്രീകളുടെ സാക്ഷ്യത്തിനു ഒരു വിലയും കല്പ്പിക്കാത്ത പുരുഷ ആധിപത്യം നിറഞ്ഞുനിന്നിരുന്ന യഹൂദ സമൂഹത്തിൽ യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്ന സുപ്രധാന സത്യത്തിനു ആദ്യമായി സാക്ഷ്യം നൽകുന്നത് സ്ത്രീകളാണ്! ഇതാണ് ഈ ഈസ്റ്റെറിന്റെ ഒന്നാമത്തെ സന്ദേശം.
ക്രിസ്തുവിന്റെ ഉയിർപ്പോടുകൂടി ഈ ലോകത്തിലെ പഴയ ജീവിതക്രമം തകർന്നു പുതിയത് നിലവിൽ വരുന്നു. ഇത്രയും കാലം അപ്രധാനമായിരുന്നവ സുപ്രധാനമാകുന്നു. പഴയ ജിവിതം മാറി പുതിയത് വരുന്നു.
നാം ആശിർവദിച്ച പുത്തൻതീയും പുതിയ മെഴുകുതിരിയും പുതുവെള്ളവും ജ്ഞാനസ്നാന നവീകരണവുമെല്ലാം, ഇന്ന് നമ്മുടെ ഉള്ളിൽ തുടങ്ങുന്ന പുതിയ ജീവിതത്തിന്റെ അടയാളങ്ങളാണ്.
യേശുവിന്റെ കാലത്തെ കല്ലറകൾ ഗുഹപോലുള്ളതായിരുന്നു. സ്വാഭാവികമായും സംസ്കാരത്തിനു ശേഷം ഭാരമേറിയ കല്ലുകൊണ്ട് കല്ലറ അടയ്ക്കുമായിരുന്നു. അക്കാരണത്താലാണ് കല്ലറയിലേയ്ക്ക് പോയ സ്ത്രീകൾ സംശയത്തോട് പറയുന്നത് “ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതിക്കൽ നിന്ന് കല്ല് ഉരുട്ടി മാറ്റുക”. മറ്റൊരു വിധത്തിൽ പറഞ്ഞാൽ: “നാം നേരിടാൻ പോകുന്ന പ്രതിസന്ധി പരിഹരിക്കാൻ ആര് നമ്മെ സഹായിക്കും”. അവർ പ്രതീക്ഷിച്ചത് അടയ്ക്കപ്പെട്ട കല്ലറയായിരുന്നു. എന്നാൽ അവർ കാണുന്നത് തുറക്കപ്പെട്ട കല്ലറയും ഉദ്ധാനത്തിന്റെ മഹത്വവുമാണ്. ഇതാണ് ഈ ഈസ്റ്റെറിന്റെ രണ്ടാമത്തെ സന്ദേശം.
ഭാവിയിലേയ്ക്ക് നോക്കി നമ്മുടെ പ്രതിസന്ധികളെയും പ്രശ്നങ്ങളേയും കുറിച്ച് വേവലാതിപെടുമ്പോൾ, നമ്മുടെ സഹായത്തിനു ആരുണ്ട് എന്ന് ഉത്കണ്ഠപെടുമ്പോൾ നാം ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ദൈവം നമ്മെ സഹായിക്കും.
ദൈവദൂതൻ സ്ത്രീകളോട് പറയുന്നത് : “നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രോസിനോടും പറയുക, അവൻ നിങ്ങൾക്ക് മുൻപേ ഗലീലിയായിലേക്ക് പോകുന്നു. അവൻ നിങ്ങളോട് പറഞ്ഞിരുന്നത് പോലെ അവിടെ വച്ച് നിങ്ങൾ അവനെ കാണും”.
ഇവിടെ ശ്രദ്ധേയമായ കാര്യം ഉത്ദ്ധിതനായ യേശു, ശിഷ്യന്മാരെ കല്ലറയക്ക് അടുക്കൽവച്ചോ, പ്രധാന നഗരമായ ജെറുസലെമിൽവച്ചോ കാണാമെന്നല്ല, മറിച്ച് യേശു തന്റെ പ്രവർത്തനം ആരംഭിച്ച, ആദ്യമായി ശിഷ്യന്മാരെ വിളിച്ച ഗലീലിയായിൽവച്ച് തന്നെ അവരെ വീണ്ടും കാണുമെന്നാണ്. ഇത് ഉയിർത്തെഴുന്നേറ്റ ക്രിസ്തു ശിഷ്യന്മാർക്ക് നൽകുന്ന ശിഷ്യത്വത്തിന്റെ ഒരു പുതിയ അവസരം കൂടിയാണ്. ഇതാണ് ഈ ഈസ്റ്റെറിന്റെ മൂന്നാമത്തെ സന്ദേശം.
ഈ ഉയിർപ്പുതിരുനാളിൽ ഉയർത്തെഴുന്നേറ്റ ക്രിസ്തു നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും ഭവനത്തിലും കടന്ന് വന്ന് നമുക്ക് ഒരു പുതിയ അവസരം കൂടി നൽകുകയാണ്.
ആമേൻ.
ഫാ. സന്തോഷ് രാജൻ