സ്വന്തം ലേഖകൻ
തിരുവനന്തപുരം: മനുഷ്യജീവനെന്ന അമൂല്യനിധിയെ ആദരിക്കാനും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള കടമ ആതുരശുശ്രൂഷാ പ്രവർത്തകരായ ഡോക്ടർമാർക്കും ജീവസംരക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രോലൈഫ് പ്രവർത്തകർക്കും ഉണ്ടെന്ന് കെ.സി.ബി.സി. പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം. ജീവനെയും ജീവിതത്തെയും പരിപോഷിപ്പിക്കുന്നതിലൂടെ ആനന്ദം കണ്ടെത്താൻ നമുക്ക് കഴിയണമെന്നും സ്നേഹമാണ് ഇതിന്റെ ആധാരശിലയെന്നും മരിക്കുമെന്ന് ഉറപ്പായവരെപ്പോലും സ്നേഹ സാന്ത്വനത്തിലൂടെ പുഞ്ചിരിച്ചു കൊണ്ടു മരിക്കാൻ പ്രാപ്തരാക്കിയ വിശുദ്ധ മദർ തെരേസയുടെ പ്രവർത്തന ശൈലി നമുക്കു മാതൃകയാകണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസും തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയും സംയുക്തമായി കേരളത്തിലെ ഡോക്ടർമാർക്കും പ്രോലൈഫ് പ്രവർത്തകർക്കുമായി സംഘടിപ്പിച്ച ഏകദിന സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ ദൈവിക നിയമങ്ങൾക്കും പ്രകൃതി നിയമങ്ങൾക്കും സന്മാർഗിക നിയമങ്ങൾക്കും വിധേയനായി ജീവിക്കണം. മനുഷ്യകുലത്തിനും മനുഷ്യജീവനും വെല്ലുവിളിയായ ഭ്രൂണഹത്യ, കൊലപാതകം, ദയാവധം, ഭീകരാക്രമണം, വർഗീയലഹള, രാഷ്ട്രീയ കൊലപാതകം, മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യതിന്മകൾ, പ്രകൃതിയുടെ അനിയന്ത്രിതമായ ചൂഷണം തുടങ്ങിയവ ജീവൻ സംരക്ഷണത്തിന്റെ വ്യാപ്തിയും ആഴവും മനുഷ്യസ്നേഹികളായ നമുക്ക് മനസിലാക്കിത്തരുന്നുവെന്നും ആർച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു.
ഡോ. ബൈജു ജൂലിയൻ, ഡോ. മാമ്മൻ പി. ചെറിയാൻ, ഫാ. എ. ആർ. ജോൺ, ഡോ. ഫിന്റോ ഫ്രാൻസിസ്, ഡോ. ടോണി ജോസഫ് തുടങ്ങിയവരും പ്രസംഗിച്ചു.
രാവിലെ നടന്ന സെമിനാറിൽ ഡോ. അഗസ്റ്റിൻ ജോണ്, ഡോ. ഏബ്രഹാം ജോസഫ്, ഡോ. ബൈജു ജൂലിയൻ, ഡോ. ഫിന്റോ ഫ്രാൻസിസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
Related