ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ
ക്രിസ്ത്യാനികള്‍ ഒരുമിച്ച് നടക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു, ഒരിക്കലും ഏകാന്ത യാത്രക്കാരല്ല...

അനിൽ ജോസഫ്
വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍ പാപ്പ. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന സിനഡല്‍ സംഘത്തിന്റെ ജൂബിലി ആഘോഷ സമാപന ദിവ്യബലിയിലെ വചന സന്ദേശത്തിലാണ് പാപ്പയുടെ ഈ പരാമർശം. ആരും അവരുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്, നാമെല്ലാവരും പരസ്പരം ശ്രവിക്കണം; ആരും ഒഴിവാക്കപ്പെടുന്നില്ല, നാമെല്ലാവരും പങ്കുചേരുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു; ആര്‍ക്കും മുഴുവന്‍ സത്യവും ലഭ്യമല്ല, നാമെല്ലാവരും താഴ്മയോടെ, കൂട്ടായ്മയില്‍ അത് അന്വേഷിക്കണമെന്ന് പാപ്പാ പറഞ്ഞു.
ക്രിസ്ത്യാനികള്‍ ഒരുമിച്ച് നടക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു, ഒരിക്കലും ഏകാന്ത യാത്രക്കാരല്ല. ദൈവത്തിലേക്കും നമ്മുടെ സഹോദരീസഹോദരന്മാരിലേക്കും പോകാന്‍ നമ്മില്‍ നിന്ന് പുറത്തുപോകാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനവും പാപ്പാ അടിവരയിട്ടു പറഞ്ഞു. ചുങ്കക്കാരനും, ഫരിസേയനും ദേവാലയത്തില്‍ നടത്തിയ പ്രാര്‍ത്ഥനയുടെ ആത്മീയ വിശകലനം നമുക്കുണ്ടാകണം. മറ്റുള്ളവരെക്കാള്‍ മെച്ചമാണെന്ന അവകാശവാദം, ഈ വചനത്തിലെ വ്യക്തികളെപോലെ, വിഭജനം സൃഷ്ടിക്കുകയും സമൂഹത്തെ ന്യായവിധിയുടെയും ബഹിഷ്കരണത്തിന്‍റെയും സ്ഥലമാക്കി മാറ്റുകയും ചെയ്യുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതിനാല്‍, സഭയില്‍ നാമെല്ലാവരും ദൈവത്തെ ആവശ്യമുള്ളവരാണെന്നും, പരസ്പരം ആവശ്യമുള്ളവരാണെന്നും പരസ്പര സ്നേഹത്തില്‍ കൂട്ടായ്മയില്‍ വളരേണ്ടവരാണെന്നുമുള്ള ബോധ്യം വളര്‍ത്തിയെടുക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.
ഐക്യവും വൈവിധ്യവും, പാരമ്പര്യവും പുതുമയും, അധികാരവും പങ്കാളിത്തവും തമ്മിലുള്ള പിരിമുറുക്കങ്ങളെ ആത്മവിശ്വാസത്തോടെയും പുതിയ ചൈതന്യത്തോടെയും ജീവിക്കാന്‍ ക്രിസ്തുവിന്‍റെ ചിന്തകള്‍ നമ്മുടേതാക്കി മാറ്റുവാനും പാപ്പാ ആഹ്വാനം ചെയ്തു. മാനവികതയുടെ പാദങ്ങള്‍ കഴുകാന്‍ സ്വയംതാഴ്ന്ന ഒരു സഭയായിരിക്കണം നമ്മുടേതെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.



