ആഗോളസഭയ്ക്ക് രണ്ടു വിശുദ്ധരെക്കൂടി ലഭിക്കുന്നു, കേരളത്തിൽ നിന്ന് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധ പദവിയിലേയ്ക്ക്
ആഗോളസഭയ്ക്ക് രണ്ടു വിശുദ്ധരെക്കൂടി ലഭിക്കുന്നു, കേരളത്തിൽ നിന്ന് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധ പദവിയിലേയ്ക്ക്
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ആഗോളസഭയ്ക്ക് പുതിയ രണ്ടു വിശുദ്ധരെക്കൂടി ലഭിക്കുന്നു, അതിൽ ഒരു വിശുദ്ധ കേരളത്തിൽ നിന്നാണ്. ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യയും, കർദിനാളും ദൈവശാസ്ത്രജ്ഞനും കവിയുമായ ജോൺ ഹെൻറി ന്യൂമാനും വിശുദ്ധരാകുമ്പോൾ വിക്റ്റർ എമിലിയോ മോസ്ക്കോസോ കാർഡെനാസ് വാഴ്ത്തപ്പെട്ടവനായും, ഇറ്റലിയക്കാരായ രണ്ട് പേരടക്കം അഞ്ചുപേർ ധന്യരാക്കപ്പെട്ടവരുടെ ഗാനത്തിലേയ്ക്കും ഉയർത്തപ്പെടും.
വിശുദ്ധരുടെ നടപടിക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കർദിനാൾ ജിയോവാന്നി ആഞ്ചലോ, നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകൊണ്ടുള്ള വിവരങ്ങൾ പരിശുദ്ധപിതാവിന് കൈമാറിയിരുന്നു. തുടർന്ന്, ഇതു സംബന്ധിച്ച ഡിക്രി ഫെബ്രുവരി 13-Ɔο തിയതി ബുധനാഴ്ച പ്രസിദ്ധപ്പെടുത്തി.
വിശുദ്ധരായി ഉയർത്തപ്പെടുന്നവർ:
1) വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ (1876-1926):
1999 ജൂണ്‍ 28 – ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ദൈവദാസിയായിരുന്ന മറിയം ത്രേസ്യയെ ധന്യയായും, 2000 ഏപ്രില്‍ 9 – ന് വാഴ്ത്തപ്പെട്ടവളായും പ്രഖ്യാപിച്ചത്. ജന്മനാ മുടന്തനായ മാത്യു പെല്ലിശ്ശേരി എന്ന വ്യക്തിക്കുണ്ടായ അത്ഭുത രോഗശാന്തിയായിരുന്നു മറിയം ത്രേസ്യായെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള അത്ഭുതമായി സഭ പരിഗണിച്ചത്. എന്നാൽ, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ തൃശൂര്‍ പെരിഞ്ചേരിയില്‍ ക്രിസ്റ്റഫര്‍ എന്ന കുഞ്ഞിന് ലഭിച്ച അദ്ഭുത രോഗശാന്തിയാണ് വിശുദ്ധ പദവിയിലേക്കുള്ള കാരണമായത്.
ക്രിസ്റ്റഫറിനുണ്ടായ സൗഖ്യം ഇങ്ങനെ:
മാസം തികയുംമുൻപേ ജനിച്ച ക്രിസ്റ്റഫറിന് ശ്വാസകോശത്തിനും ഹൃദയത്തിനും ഗുരുതരമായ തകരാർ ഡോക്ടര്‍മാര്‍ കണ്ടെത്തി. ജനിച്ച അന്നു മുതല്‍ ഐസിയുവിലായിരുന്നുവെങ്കിലും പ്രതീക്ഷയും വിശ്വാസവും കൈവിടാന്‍ മാതാപിതാക്കളായ ജോഷിയും ഷിബിയും മറ്റ് കുടുംബാംഗങ്ങളും തയാറായിരുന്നില്ല. അവരുടെ ഭവനത്തില്‍ ഉണ്ടായിരിന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് ആശുപത്രിയിലെ ഐസിയുവില്‍ മകന്റെ കിടക്കയുടെ താഴെ വച്ച് ശക്തമായി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന്, രണ്ടാം ദിവസം മുതല്‍ രോഗസൗഖ്യം കുഞ്ഞിൽ പ്രകടമായി കണ്ടുതുടങ്ങി. അടഞ്ഞ നിലയിലായിരുന്ന ശ്വാസകോശം തുറന്നു. ശ്വാസോച്ഛാസം സാധ്യമായി. അങ്ങനെ, പൂര്‍ണമായ സൌഖ്യത്തിലേക്ക് ആ കുഞ്ഞ് കടന്നുവന്നു. കുഞ്ഞിനു സംഭവിച്ച പെട്ടെന്നുള്ള മാറ്റം വലിയ അദ്ഭുതമാണെന്ന് കുട്ടിയെ പരിശോധിച്ച ഡോ.ശ്രീനിവാസന്‍ തങ്ങളോടു പറഞ്ഞതായി പിതാവ് ജോഷി ഓർക്കുന്നു. തുടർന്ന്, വിദഗ്ധ മെഡിക്കല്‍ സംഘം അഞ്ചു വര്‍ഷം മുന്പാണ് മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി വത്തിക്കാന്റെ സ്ഥിരീകരണത്തിനായി ഈ സംഭവം സമര്‍പ്പിച്ചത്. ക്രിസ്റ്റഫര്‍ ഇപ്പോള്‍ പെരിഞ്ചേരി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ ക്രിസ്റ്റഫറിന് ലഭിച്ച അദ്ഭുത രോഗശാന്തിയെ സംബന്ധിച്ച എല്ലാ ശാസ്ത്രീയ, ദൈവശാസ്ത്ര പഠനങ്ങളും പൂർത്തിയായി.
ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപനം:
തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായി 1876 -ലാണ് മറിയം ത്രേസ്യാ ജനിച്ചത്. രണ്ട് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ച് മക്കളില്‍ മൂന്നാമത്തവളായിരിന്നു മറിയം ത്രേസ്യ. ത്രേസ്യാക്ക് 12 വയസ്സായപ്പോള്‍ അവളുടെ അമ്മ മരണപ്പെട്ടു. അത് അവളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അവസാനം കൂടിയായിരുന്നു. പിന്നീട്, തന്റെ ദൈവനിയോഗം തിരിച്ചറിയുവാനുള്ള നീണ്ട അന്വേഷണത്തിലായിരുന്നു അവള്‍. ക്രിസ്തുവിനെ അനുകരിക്കുവാനുള്ള ആഴമായ ആഗ്രഹം കൊണ്ട് പാവങ്ങളേയും, രോഗികളേയും സഹായിക്കുകയും, തന്റെ ഇടവകയില്‍ ഏകാന്തവാസം നയിക്കുന്നവരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് സാന്ത്വനം നല്‍കുകയും ചെയ്യുന്നതിൽ അവൾ സന്തോഷം കണ്ടെത്തി. കുഷ്ഠരോഗികളേയും, ചിക്കന്‍പോക്സ് പിടിപ്പെട്ടവരേയും വരെ അവള്‍ ശുശ്രൂഷിച്ചിരുന്നു. രോഗികളായവര്‍ മരിക്കുന്ന സാഹചര്യങ്ങളില്‍ അവരുടെ അനാഥരായ മക്കളെ ത്രേസ്യാ സന്തോഷത്തോടെ പരിപാലിച്ചു. മദര്‍ തെരേസക്കും അര നൂറ്റാണ്ടിനുമുൻപേയാണ് മറിയം ത്രേസ്യ പാവങ്ങള്‍ക്കായി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചത് എന്നത് ഓർക്കപ്പെടേണ്ട വസ്തുതയാണ്.
താമസിക്കാതെ, ത്രേസ്യായും അവളുടെ മുൻസഹചാരികളും കൂടി ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പ് ഉണ്ടാക്കുകയും ഒരു പ്രേഷിത സംഘം രൂപീകരിക്കുകയും ചെയ്തു. 1903-ല്‍ മറിയം ത്രേസ്യാ ഏകാന്തമായ ഒരു പ്രാര്‍ത്ഥനാ ഭവനം നിര്‍മ്മിക്കുവാനുള്ള അനുവാദത്തിനായി തൃശൂര്‍ ജില്ലയിലെ അന്നത്തെ അപ്പസ്തോലിക വികാര്‍ ആയിരുന്ന മാര്‍ ജോണ്‍ മേനാച്ചേരിയുടെ പക്കല്‍ അപേക്ഷ സമര്‍പ്പിച്ചു. എന്നാൽ, പുതിയതായി രൂപമെടുത്ത ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭയില്‍ ചേരുവാന്‍ അദ്ദേഹം അവളോടു ആവശ്യപ്പെട്ടു. അങ്ങനെ, 1912-ല്‍ അവള്‍ ഒല്ലൂരിലുള്ള കര്‍മ്മലീത്താ മഠത്തില്‍ പ്രവേശിച്ചു. എന്നാല്‍ താന്‍ അതിനായിട്ടല്ല വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അവള്‍ക്കറിയാമായിരുന്നു, ഇതല്ല തന്റെ ദൈവവിളിയെന്ന കാര്യം അവള്‍ക്കറിയാമായിരുന്നു.
തുടർന്ന്, 1913-ല്‍ മാര്‍ ജോണ്‍ മേനാച്ചേരി ഒരു പ്രാര്‍ത്ഥനാ ഭവനം നിര്‍മ്മിക്കുവാന്‍ അവളെ അനുവദിച്ചു. അധികം വൈകാതെ ത്രേസ്യാ അങ്ങോട്ടേക്ക് മാറുകയും, അവളുടെ മുൻസഹചാരികളും അവളോടൊപ്പം ചേർന്നു. അവര്‍ പ്രാര്‍ത്ഥനയും കഠിനമായ ഉപവാസവും നിറഞ്ഞ ജീവിതം നയിച്ചു പോന്നു. രോഗികളെ സന്ദര്‍ശിക്കുക, ജാതിയും മതവും നോക്കാതെ പാവങ്ങളെ സഹായിക്കുക തുടങ്ങിയ പ്രവര്‍ത്തികളിലായിരുന്നു കൂടുതൽ ശ്രദ്ധ. ഏറെതാമസിയാതെ, മറിയം ത്രേസ്യയുടെ നേതൃത്വത്തിലുള്ള ഈ പ്രവര്‍ത്തനങ്ങളിൽ കുടുംബങ്ങളെ സേവിക്കുവാന്‍ വേണ്ടിയുള്ള ഒരു ആത്മീയസഭയുടെ സാധ്യത മെത്രാന്‍ കണ്ടെത്തി. അങ്ങനെ 1914 മെയ് 14 – ന് മറിയം ത്രേസ്യാ നിത്യവ്രതവാഗ്ദാനം സ്വീകരിച്ചു കൊണ്ട് “ഹോളി ഫാമിലി” (C.H.F) എന്ന സന്യാസിനീ സഭക്ക് സ്ഥാപനം കുറിച്ചു, വിതയത്തിലച്ചന്‍ സഹസ്ഥാപകനുമായി. അവളുടെ മൂന്ന് മുൻസഹചാരികളും ആ സഭയിൽ ചേര്‍ന്നു.
ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പും പിമ്പുമുള്ള ബുദ്ധിമുട്ടേറിയ വര്‍ഷങ്ങളില്‍ ദൈവീക പരിപാലനയിലുള്ള വിശ്വാസത്തോടും അതിയായ ഊര്‍ജ്ജസ്വലതയോടും കൂടി പ്രവര്‍ത്തിച്ചതിന്റെ ഫലമായി, 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്ന് പുതിയ മഠങ്ങളും, സ്കൂളുകളും, രണ്ട് പാര്‍പ്പിട സൗകര്യങ്ങളും, പഠനത്തിനുള്ള ഒരു ഭവനവും, ഒരു അനാഥാലയവും സ്ഥാപിക്കുവാന്‍ ത്രേസ്യായുടെ നേതൃത്വത്തിൽ കഴിഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മറിയം ത്രേസ്യാ വളരെയേറെ പ്രാധ്യാന്യം കൊടുത്തിരുന്നു. അവളുടെ ലാളിത്യവും, എളിമയും, വിശുദ്ധിയും നിരവധി പെണ്‍കുട്ടികളെ അവളിലേക്കാകര്‍ഷിച്ചുവെന്നതിൽ സംശയമില്ല.
ഒടുവിൽ, അമ്പതാമത്തെ വയസ്സില്‍ മറിയം ത്രേസ്യാ മരിക്കുമ്പോള്‍ 55 കന്യാസ്ത്രീകളും, 30 താമസക്കാരും, 10 അനാഥരും അവളുടെ പരിപാലനയില്‍ ഉണ്ടായിരുന്നു. 1964 – ല്‍ സഹസ്ഥാപകനായ വിതയത്തിലച്ചന്റെ മരണം വരെ ഈ സഭയുടെ അമരത്ത് അദ്ദേഹം ഉണ്ടായിരുന്നു. രണ്ടായിരമാണ്ടായപ്പോഴേക്കും ഈ സന്യാസിനീ സഭക്ക് കേരളത്തിലും, വടക്കെ ഇന്ത്യയിലും, ജര്‍മ്മനിയിലും, ഘാനയിലുമായി 1584 ഓളം നിത്യവൃതമെടുത്ത കന്യാസ്ത്രീകള്‍ സേവനനിരതരായി ഉണ്ടായി. നിലവില്‍ 7 പ്രോവിന്‍സുകളും, 119 നോവീസുകളും, 176 ഭവനങ്ങളും ഹോളി ഫാമിലി (C.H.F) സഭക്കുണ്ട്.
2) കർദിനാൾ ജോൺ ഹെൻട്രി ന്യൂമാൻ (1801-1890):
ഒരു ആംഗ്ലിക്കൻ പുരോഹിതനായിരുന്ന ജോൺ ഹെൻട്രി ന്യൂമാൻ, 1845 ഒക്റ്റോബർ 9 – ന് റോമൻ കത്തോലിക്കാ സഭയിൽ ചേർന്നു. ഡൊമിനിക്കൻ ബാർബെറി എന്ന ഇറ്റാലിയൻ പാഷനിസ്റ്റ് സഭാ വൈദീകനാണ് അദ്ദേഹത്തെ കത്തോലിക്കാ സഭയിലേക്ക് സ്വീകരിച്ചത്. റോമൻ കത്തോലിക്കാ സഭയിലേക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം നഷ്‌ടമാക്കിയിരുന്നു. ഒരു ദൈവശാസ്ത്രജ്ഞനും, എഴുത്തുകാരനും, കവിയുമായ ഇദ്ദേഹം പിന്നീട് ഒരു കത്തോലിക്കാ പുരോഹിതനും, ഒടുവിൽ കർദ്ദിനാളായും ഉയർത്തപ്പെട്ടു.
വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് വലിയൊരടിത്തറ നൽകിയിരുന്നു ജോൺ ഹെൻറി ന്യൂമാൻ. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വിവിധങ്ങളായ വിഷയങ്ങളെ പ്രത്യേകിച്ച് വിദ്യാഭ്യാസ വെല്ലുവിളി, ക്രൈസ്തവേതര മതങ്ങളുമായും – അകത്തോലിക്ക ക്രൈസ്‌തവ വിഭാഗങ്ങളോടുമുള്ള സംഭാഷണം, അല്മായ പ്രാതിനിധ്യം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ വലിയ സംഭാവനകൾ നൽകി. അതുപോലെ പ്രസിദ്ധനായ എഴുത്തുകാരനും കവിയുമായ അദ്ദേഹമാണ് ഇംഗ്ലണ്ടിൽ സെന്റ് ഫിലിപ്പുനേരിയുടെ പേരിലുള്ള പ്രസംഗ പരിശീലന കേന്ദ്രസ്ഥാപകൻ.
2010 -ൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ, ഇംഗ്ലണ്ടിൽ നടത്തിയ അപ്പസ്തോലിക സന്ദർശനത്തിലായിരുന്നു, കർദിനാൾ ജോൺ ഹെൻട്രി ന്യൂമാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. “ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നു” എന്ന വാക്കിനെ കേന്ദ്രീകരിച്ചായിരുന്നു പാപ്പായുടെ അന്നത്തെ വചന വ്യാഖ്യാനം. തിരുസഭയോട് ഹെൻട്രി ന്യൂമാന് ഉണ്ടായിരുന്ന ആഴമായ ബന്ധത്തിന്റെ വിളിച്ചുപറയലായിരുന്നു അത്.
വാഴ്ത്തപ്പെട്ടതായി ഉയർത്തപ്പെടുന്നത്:
വിക്റ്റർ എമിലിയോ മോസ്ക്കോസോ കാർഡെനാസ് (1846-1897): വിക്റ്റർ എമിലിയോ മോസ്ക്കോസോ കാർഡെനാസ് ഒരു ഇക്വഡോറിയൻ ജെസ്യൂട്ട് ആയിരുന്നു. ലാറ്റിൻ അമേരിക്കയിലുണ്ടായ ലിബറൽ വിപ്ലവത്തിൽ രക്തസാക്ഷിത്വം വരിച്ചു.
ധന്യരായി ഉയർത്തപ്പെടുന്നവർ:
1) കർദ്ദിനാൾ ജൊസെഫ് മിന്‍സേന്തി: കർദ്ദിനാൾ ജൊസെഫ് മിന്‍സേന്തി, ഹങ്കറിയിലെ കർദ്ദിനാളും എസ്സറ്റെർഗോമിന്റെ മുൻ ആർച്ച് ബിഷപ്പും ആയിരുന്നു. 1892 മാർച്ച് 29 – ന് ഹങ്കറിയിൽ ജനനം, 1975 മെയ് 6 – ന് ഓസ്ട്രിയയിലെ വിയെന്നയിൽ കമ്യൂണിസ്റ്റുകാരുടെ വിപ്ലവത്തിന്റെ ഇര.
2) ജൊവാന്നി ബാറ്റിസ്റ്റ സുവോബോനി: ഒരു ബ്രെഷ്യൻ പുരോഹിതനായ ജൊവാന്നി ബാറ്റിസ്റ്റ സുവോബോനി 1880 ജനുവരി 24-ന് വെസ്റ്റോണിൽ ജനിച്ചു. ഇദ്ദേഹമാണ് സെക്കുലർ സൊസൈറ്റി ഓഫ് ദി ഹോളി ഫാമിലിയുടെ സ്ഥാപകൻ.1939 ഡിസംബർ 12 -ന് ബ്രെഷിയായിൽ മരിച്ചു.
3) ഇമ്മാനുവേൽ ഗാര്‍ഷ്യാ നിയേത്തോ: സ്പാനിഷ് ജെസ്യൂട്ട് സഭാഅംഗമായ ഇമ്മാനുവേൽ ഗാര്‍ഷ്യാ നിയേത്തോ,1894 ഏപ്രിൽ 5 -ന് മാകോടെരയിൽ ജനിച്ചു, 1974 ഏപ്രിൽ 13 ന് കൊമിലാസിൽ അന്തരിച്ചു.
4) സെറഫിനാ ഫോർമായ്: കോൺഗ്രിഗേഷൻ ഓഫ് ദി മിഷനറി സിസ്റ്റേഴ്സ് ഓഫ് ദി ഗുഡ് മെസ്സേജിന്റെ സ്ഥാപകയാണ് സെറഫിനാ ഫോർമായ്. അവർ 1876 ഓഗസ്റ്റ് 28-ന് കസോളാ ലുനിയാനയിൽ ജനിച്ചു, 1954 ജൂൺ 1-ന് പോൺട്രേമോളിൽ മരണമടഞ്ഞു.
5) മരിയ ബെറേനിസ് ഡൂക് ഹെൻകർ (അന്ന ജൂലിയ): കൊളംബിയന് സന്യാസിനിയായ മരിയ ബെറേനിസ് ഡൂക് ഹെൻകറാണ് “കൊൺഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ദി അനൻസിയേഷ”ന്റെ സ്ഥാപക. 1898 ഓഗസ്റ്റ് 14-ന് സലാമിനയിൽ ജനിച്ചു, 1993 ജൂലൈ 25 -ന് മെഡെലിനിൽ മരണമടഞ്ഞു.