ആകാശ വിളക്കുകൾ കാലഹരണപ്പെടാത്ത വെളിച്ചം
ജോസ് മാർട്ടിൻ
ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുമായി ബന്ധപ്പെട്ടുള്ള ക്രിസ്തുമസ് ആഘോഷത്തിന്റെ ഒഴിച്ചു കൂടാൻ കഴിയാത്തതാ ഭാഗമാണല്ലോ മരത്തിനു മുകളിലും, വിളക്കുകാലുകളിലും വീട്ടിനു പുറത്തും മറ്റും കുത്തി നിര്‍ത്തുന്ന ക്രിസ്തുമസ് നക്ഷത്ര വിളക്കുകള്‍ ഈ വിളക്കിനുമുണ്ട് ഒരു കഥ പറയാൻ.
പതിമൂന്നാം നൂറ്റാണ്ടിലാണ് യൂറോപ്പിൽ ക്രിസ്തുമസ് വിളക്കുകളുടെ പിറവി ഫ്രാന്‍സിസ് അസീസിയാണ് ഇതിന്റെ പിതാവ് എന്ന് പറയപ്പെടുന്നു. കവി കൂടിയായിരുന്ന അദ്ദേഹം ഒരു ക്രിസ്തുമസ് ഗാനമെഴുതി കല്‍വിളക്ക് കത്തിച്ചു പിടിച്ച് അതിനു മുമ്പിലിരുന്നു ആവോളം ഉച്ചത്തില്‍ പാടി, ആ പാട്ടിന്റെ സ്വാധീനമായിരിക്കാം വൈകാതെ ഫ്രാന്‍സ്, സ്‌പെയിന്‍ എന്നു മാത്രമല്ല യൂറോപ്പ് മുഴുവന്‍ ക്രിസ്തുമസ് വിളക്കുകൾ പ്രചരിച്ചത്.
നമ്മുടെ കൊച്ചു കേരളത്തിൽ കടലാസ് തൂക്കുവിളക്കുകൾ, ക്രിസ്തുമസ് ആകാശവിളക്കുകൾ, ചീനവിളക്ക്, അങ്ങനെ പല പേരുകളിലാണ് ക്രിസ്തുമസ് നക്ഷത്ര വിളക്കുകൾ അറിയപ്പെട്ടിരുന്നത്. ഈ നക്ഷത്രവിളക്കുകൾക്ക് നത്താൽ വിളക്കുകൾ എന്നും പേരുണ്ടായിരുന്നു. പഴയ തലമുറ പ്രത്യേകിച്ച് തീരദേശവാസികൾ നത്താൽ വിളക്ക് എന്നാണ് പറഞ്ഞിരുന്നത് (നത്താൽ എന്നാൽ നാത്തൂസ്’, ലത്തീൻ പദമാണ്. ബോൺ പിറവി എന്നർത്ഥം). കേരളത്തിൽ ചൈനക്കാരുമായിട്ടുള്ള കച്ചവട ബന്ധങ്ങൾ ക്രിസ്തുവിന് മുമ്പേ നിലനിന്നിരുന്നു. അതിന്റെ ഭാഗമായി നമുക്ക് ലഭിച്ചത്, ചീനഭരണിയും, ചീനവലയും കൂടെ ചീന വിളക്കും ഒക്കെയാണ്.
ചീനവിളക്ക് എന്ന് പറയാൻ കാരണം ചൈനാ പേപ്പർ ഉപയോഗിക്കുന്നതുകൊണ്ടാണ്. വർണ്ണക്കടലാസുകൾക്ക് പണ്ട് പറഞ്ഞിരുന്നത് ചൈനാ പേപ്പർ എന്നാണ്,ചൈനക്കാരുടെ ജങ്ക് കപ്പലുകളിലാണ് ഈ പേപ്പർ ഇവിടെ എത്തിക്കൊണ്ടിരുന്നത്. വളരെ മാർദ്ദവമുള്ള ടിഷ്യൂവിനെ ക്കാൾ കുറച്ചുകൂടി ബലമുള്ള വ്യത്യസ്തങ്ങളായ കളറുകളിലുള്ള തോരണങ്ങൾ അഥവാ ഫെസ്റ്റ്യൂൺസ്, ടിബറ്റൻ, ചൈനീസ്, മംഗോളിയൻ ബുദ്ധിസ്റ്റ് പാരമ്പര്യത്തിൽ നിന്നാകാം നമുക്ക് ലഭിച്ചത്.
രണ്ടാം ചേരവംശരാജാക്കന്മാരുടെ കാലത്ത് മതപീഢനം ഉണ്ടായ സമയത്ത് ഒട്ടേറെ ബുദ്ധമത വിശ്വാസികൾ ക്രിസ്ത്യാനികൾ ആയി മത പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. (മുസ്ലീങ്ങൾ ആയും കുറേപ്പേർ മതം മാറിയിട്ടുണ്ട് )അപ്രകാരം ബുദ്ധമതക്കാരായിരുന്നവർ ക്രിസ്ത്യാനികൾ ആയപ്പോൾ അവരുടെ ബോൾഗ്ലാസ്സ് വിളക്കിന്റെ പാരമ്പര്യം ക്രിസ്ത്യാനിറ്റിലേയ്ക്കും കടന്നു വന്നു. ബോളിനുപകരം ഓല മടലിന്റെ അഴുക ചെത്തി മിനുസപ്പെടുത്തി അഞ്ചു നക്ഷത്രത്തിന്റെ ആകൃതി ഉണ്ടാക്കി അതിൽ ചൈനാ വർണ്ണ കടലാസ് പൊതിഞ്ഞ് അകത്ത് മണ്ണെണ്ണ വിളക്ക് കത്തിച്ച് അഞ്ചുകാലുള്ള നക്ഷത്രമായിട്ട് ഉയർത്തിയത് ക്രിസ്ത്യൻ പാരമ്പര്യമാണ്.
യേശുവിന്റെ ജന്മദിനത്തോട് ബന്ധപ്പെട്ട് സുവിശേഷത്തിൽ കാണുന്ന നക്ഷത്രത്തിന്റെ തിളങ്ങുന്ന കടലാസ് രൂപങ്ങൾ ഒരു പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ദൈവിക ജന്മത്തിന്റെ ഓർമ്മയാണ് അതിന്റെ സന്തോഷം, പ്രകാശം ഇന്നും ജനഹൃദയങ്ങളിൽ പരത്തുന്ന ക്രിസ്തുമസിന്റെ പ്രതീകമായി ഇന്നും ജനപദങ്ങൾ ആഘോഷിക്കുന്ന കാലഹരണപ്പെടാത്ത ഒരു വെളിച്ചമാണ് ആകാശ വിളക്കുകൾ, കടലാസ് നക്ഷത്രങ്ങൾ, കടലാസ് വിളക്കുകൾ, തൂക്കുവിളക്കുകൾ, നത്താൽ വിളക്കുകൾ.
കടപ്പാട് :
റവ.ഡോ.വി. പി.ജോസഫ് വലിയവീട്ടിൽ
ഡയറക്ടർ കൃപാസനം പൗരാണിക കലാ പഠന കേന്ദ്രം