അവർ വിവാഹിതരാകാൻ ഒരുങ്ങി, എന്നാൽ ദൈവഹിതം അവരെ പുരോഹിതനും സന്യസ്തയും ആക്കിമാറ്റി
അവർ വിവാഹിതരാകാൻ ഒരുങ്ങി, എന്നാൽ ദൈവഹിതം അവരെ പുരോഹിതനും സന്യസ്തയും ആക്കിമാറ്റി
ബ്യുണസ് അയേഴ്സ് / അർജന്റീന: ഫാദർ ജാവിയർ ഒലിവേരയും സിസ്റ്റർ മേരി ദലാ സാഗസും തങ്ങളുടെ ദൈവവിളി കണ്ടെത്തുന്നതിന് മുൻപ് വിവാഹ നിശ്ചയം ചെയ്യപ്പെട്ടു, വിവാഹത്തിനായി ഒരുങ്ങുകയായിരുന്നു. എന്നാൽ അവരെ പറ്റിയുള്ള ദൈവീക പദ്ധതി മറ്റൊന്നായിരുന്നു. ഫാ. ഒലിവേര സി.എൻ.എ.യുടെ സ്പാനിഷ് ഭാഷാ ഏജൻസിയായ എ.സി.ഐ. പ്രേൻസയ്ക്കു നൽകിയ അഭിമുഖത്തിൽ ഇത് പങ്കു വയ്ക്കുന്നു.
പരസ്പരം അറിയാവുന്ന കത്തോലിക്കാ കുടുംബങ്ങളിൽ നിന്നായിരുന്നതിനാൽ ഒലിവേരയും സാഗസും കുട്ടിക്കാലം മുതൽ തന്നെ കൂട്ടുകാരായിരുന്നു. മുതിർന്നപ്പോൾ അവർക്കിടയിൽ ഉണ്ടായ ഒരു സംവാദം തന്നിൽ വരുത്തിയ മാറ്റം ഒലിവേര ഇങ്ങനെ വിവരിച്ചു. വിവാഹം വരെയും കന്യാത്വം സംരക്ഷിക്കുന്ന കത്തോലിക്കാ വിശ്വാസ പാരമ്പര്യത്തെ വിശ്വാസം കൊണ്ടും യുക്തികൊണ്ടും സ്ഥാപിക്കുന്നതിൽ വിജയിച്ച സാഗസ് 19-ആം വയസിൽ കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ച തന്നെ അത്യധികം സ്വാധീനിച്ചു എന്നും ആ സംവാദത്തിനു ശേഷം അവർ ഒരുമിച്ചു പുറത്ത് പോകുവാനും തുടങ്ങി. അക്കാലത്ത് അവർ നിയമ വിദ്യാർഥികളായി. ഒലിവേര ബ്യുണസ് അയേഴ്സിലെ നാഷണൽ യൂണിവേഴ്സിറ്റിയിലും സാഗസ് ലാ പ്ലാറ്റയിലെ നാഷണൽ യൂണിവേഴ്സിറ്റിയിലും പഠിക്കുകയായിയുന്നു. അവർ തങ്ങളുടെ ഒരു കൂട്ടം സഹൃത്തുക്കളോടൊപ്പം അർജന്റീനിയൻ കത്തോലിക്കാ എഴുത്തുകാരുടെ കോൺഫെറൻസിൽ പങ്കെടുക്കുകയും ഒരുമിച്ചു ലൈബ്രറിയിൽ സമയം ചിലവഴിക്കുകയും വായന, സാഹിത്യം, തത്വചിന്ത, സംഗീതം എന്നിവ വഴി സാംസ്കാരിക ജീവിതത്തെ അത്യധികം പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു.
ക്രമേണ ഒലിവേര വിശ്വാസം അഭ്യസിക്കാനും ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാനും സാഗസുമൊരുമിച്ച് ജപമാല ചൊല്ലുവാനും തുടങ്ങി. ഈ മാറ്റത്തിന് അദ്ദേഹം ദൈവത്തോടും അതിനു ദൈവം സാഗസിനെ ഉപകരണമാക്കിയതിനാൽ സാഗസിനോടും കടപ്പെട്ടിരുന്നു. 21-ആം വയസിൽ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച അവർ രണ്ടരവർഷക്കാലത്തെ പഠനശേഷം വിവാഹിതരാവാൻ ഒരുങ്ങുകയായിരുന്നു.
ദൈവവിളിയുടെ കണ്ടെത്തൽ: തന്റെ ദൈവവിളിയുടെ കഥ സി സാഗസ് ഇപ്രകാരം വെളിപ്പെടുത്തി. ഒരിക്കൽ തന്റെ ജ്യേഷ്ഠ സഹോദരൻ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് സെമിനാരിയിൽ ചേരാൻ പോകുന്നുവെന്ന തന്റെ ആഗ്രഹം വെളുപ്പെടുത്തി. തന്റെ കാറിൽ പ്രതിശ്രുത വരനോടൊപ്പം സഹോദരനെ സാൻ റാഫേലിലെ സെമിനാരിയിൽ വിട്ട ശേഷം രണ്ടുപേരും കുറച്ചുനാൾ അവിടെ തങ്ങുവാൻ തീരുമാനിച്ചു. ഒലിവേര സെമിനാരിയിലെ തന്റെ ചില കൂട്ടുകാരെ കാണുവാനും സാഗസ് മഠത്തിൽ ചേർന്ന തന്റെ കൂട്ടുകാരെ സന്ദർശിക്കാനും ആ സമയം ഉപയോഗിച്ചു. തിരികെ പോരുമ്പോൾ അവരുടെ സംസാരം, എല്ലാം ഉപേക്ഷിച്ചു സെമിനാരിയിൽ ചേർന്ന സഹോദരനെകുറിച്ചും, തങ്ങളെ ദൈവം സന്യസ്ത ജീവിതത്തിലേക്ക് വിളിച്ചാൽ തങ്ങൾക്ക് എന്ത് സംഭവിക്കും എന്നും ആയിരുന്നു. ആദ്യം അവരുടെ ഉത്തരം ‘അതൊരിക്കലും സംഭവിക്കില്ല’ എന്നായിരുന്നു കാരണം അപ്പോഴേക്കും അവരുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ അവർ തുടങ്ങിയിരുന്നു.
ആഴ്ചകൾ പലതു കഴിഞ്ഞിട്ടും ഒലിവേരയുടെ മനസ്സിൽ ആ ചോദ്യം ഉയർന്നു കേട്ടു. തനിക്കു സ്വർഗത്തിലേക്കുള്ള ഏറ്റവും നല്ല വഴി പൗരോഹിത്യ ജീവിതം ആണോ അതോ വിവാഹ ജീവിതമോ? എവിടെ തനിക്കു കൂടുതൽ നന്മ ചെയ്യുവാൻ സാധിക്കും? ഏറെ ചിന്തകൾക്കൊടുവിൽ അദ്ദേഹം തന്റെ കൂട്ടുകാരിയോട് തന്റെ ഉത്കണ്ഠകളെപ്പറ്റി പറയുവാൻ തീരുമാനിച്ചു. തന്നെ അതിശയിപ്പിച്ചു കൊണ്ട് സാഗസും പറഞ്ഞു, “താനും ഇതേ ചിന്തകളിലൂടെ കടന്നു പോകുകയായിരുന്നു” എന്ന്.
അവർക്ക് വിവേകിയായ ഒരു ആത്മീയ ഉപദേഷ്ടാവ് ഉണ്ടായിരുന്നു. അദ്ദേഹം അവർക്ക് അവരുടെ ദൈവവിളിയെ പറ്റിയുള്ള വ്യക്തത നൽകി. അദ്ദേഹം പറഞ്ഞു : ‘ദൈവവിളി നിങ്ങളും ദൈവവും തമ്മിലുള്ള കണ്ടുമുട്ടലാണ്; മറ്റൊരാൾക്ക് നിങ്ങളുടെ ആത്മാക്കളിൽ ഇടപെടാൻ സാധിക്കില്ല’.
ദൈവം തന്നെ സന്യസ്ത ജീവിതത്തിലേക്ക് പൂർണ്ണ സമർപ്പണത്തിനായി ക്ഷണിക്കുന്നു എന്ന് നിസംശയം ബോധ്യപ്പെട്ടത് രണ്ടു വർഷത്തിലധികം നീണ്ട ചിന്തകൾക്കും ഒരുക്കങ്ങൾക്കും ഒടുവിലായിരുന്നു എന്ന് സി. മേരി ദലാ സാഗസ്, എ.സി.ഐ. പ്രേൻസയോട് പറഞ്ഞു.
തങ്ങളുടെ പഠന ശേഷം രണ്ടു പേരും ദൈവവിളി സ്വീകരിച്ചു. 2018-ൽ 31 വയസുള്ളപ്പോൾ ഒലിവേര സാൻ റാഫേൽ രൂപതയിൽ വൈദീകപ്പട്ടം സ്വീകരിക്കുകയും സാഗസ് ‘സിസ്റ്റേഴ്സ് ഓഫ് ദി മേഴ്സിഫുൾ ജീസസ് ‘ എന്ന സഭയിൽ നിത്യവൃതം സ്വീകരിക്കുകയും ചെയ്തു.
ഫാ. ഒലിവേര ഇപ്പോൾ യൂണിവേഴ്സിറ്റി പ്രോഫസർ ആയും, സി മേരി ദലാ സാഗസ് സതേൺ ഫ്രാൻസിലെ ഫ്രേജസ് ടൂളാൻ രൂപതയിൽ സെൻറ് ലോറെൻറ് ഇടവകയിലും തങ്ങളുടെ ശുശ്രൂഷ നിർവഹിക്കുന്നു. ഒരേ സമയമുള്ള അവരുടെ ദൈവവിളിയെ ദൈവത്തിന്റെ പ്രത്യേക കൃപയായാണ് അവർ കരുതുന്നത്. അവരും അവരുടെ കുടുംബങ്ങളും ഇന്നും അതേ സുഹൃത്ബന്ധം തുടരുന്നു.
വിവർത്തനം : ഫാ. ഷെറിൻ ഡൊമിനിക് സി. എം., ഉക്രൈൻ.