“അവൻ സ്നേഹത്തിൽ എന്നോട് ഒട്ടിനിൽക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും. അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും.”
"അവൻ സ്നേഹത്തിൽ എന്നോട് ഒട്ടിനിൽക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും. അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും."
2 പത്രോസ്:- 1: 2 – 7
മാർക്കോസ് :- 12: 1 – 12
“അവൻ സ്നേഹത്തിൽ എന്നോട് ഒട്ടിനിൽക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും. അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും.”
പിതാവായ ദൈവത്തെ സ്നേഹിക്കുകയും, അവിടുത്തോട് ചേർന്നിരിക്കുകയും ചെയ്യുന്ന ദൈവമക്കളെ ദൈവം കരുതലോടെ കാക്കുമെന്ന ഉറപ്പ് നൽകുകയാണ് സങ്കീർത്തകൻ.
ക്രിസ്തുനാഥൻ തന്റെ പരസ്യജീവിതത്തിൽ കൂടി പഠിപ്പിച്ചത് ദൈവത്തെ അറിയുവാനും, സ്നേഹിക്കുവാനുമാണ്. പുത്രൻ നൽകിയ ഈ സന്ദേശം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോൾ നാം ഒന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല. കാരണം, നമ്മുടെ രക്ഷകനായും, സംരക്ഷകനായും ദൈവം എപ്പോഴും നമ്മോടൊപ്പം ഉണ്ടാകും.
സ്നേഹമുള്ളവരെ, ദൈവസ്നേഹം എന്നും അനുഭവിച്ചറിയുന്നവരാണ് നാമോരോരുത്തരും. എന്നാൽ പലപ്പോഴും നാം മനഃപൂർവം മറക്കുന്ന ഒരു കാര്യമാണ് ദൈവത്തെ സ്നേഹിക്കണമെന്നത്. ഇങ്ങനെ ചെയ്യുമ്പോൾ നാം നഷ്ടമാക്കുന്നത് ദൈവീക രക്ഷയും, സംരക്ഷണവുമാണ്.
ദൈവത്തെ സ്നേഹിച്ച് അവിടുത്തോടൊപ്പം ചേർന്നു നിൽക്കുമ്പോൾ അവിടുത്തെ കൂടുതൽ അറിയാനായി നമുക്ക് സാധിക്കും. അതുപോലെ, നമുക്ക് ചുറ്റും ദൈവീക രക്ഷാകവചം ഉണ്ടാകുകയും, എല്ലാ പൈശാചിക ശക്തിയിൽനിന്നും ഈ രക്ഷകവചം സംരക്ഷണം നൽകുകയും ചെയ്യും.
സ്നേഹത്തിൽ ദൈവത്തോട് ഒട്ടിനിൽക്കണമെന്നതാണ് നമ്മിൽ നിന്ന് ദൈവം ആഗ്രഹിക്കുന്നത്. അതായത്, നമ്മെ സ്നേഹിക്കുന്നവനെ നാം സ്നേഹിക്കണം, നമ്മെ അറിയുന്നവനെ നാം അറിയണം.
പരസ്പര സ്നേഹത്തിലും, പരസ്പര ഐക്യത്തിലും നാമും, ദൈവവും ആയിരിക്കുമ്പോൾ ഭയത്തിന് സ്ഥാനമില്ല. പിശാചിനെ ഓടിക്കാൻ ദൈവസ്നേഹത്തിൽ ഒട്ടിനിൽക്കണം. ദൈവികശക്തിയിൽ നാം ആയിരിക്കുമ്പോൾ പൈശാചിക പ്രവർത്തനങ്ങളിൽ നിന്നകലാൻ സാധിക്കും.
ദൈവസ്നേഹം തിരിച്ചറിഞ്ഞ്, അവന്റെ രക്ഷയിൽ നാം ആയിരിക്കാൻ നമ്മുടെ വിശ്വാസത്തെ സുകൃതംകൊണ്ടും, സുകൃതത്തെ ജ്ഞാനംകൊണ്ടും, ജ്ഞാനത്തെ ആത്മസംയമനംകൊണ്ടും, ആത്മസംയമനത്തെ ക്ഷമകൊണ്ടും, ക്ഷമയെ ഭക്തികൊണ്ടും, ഭക്തിയെ സഹോദരസ്‌നേഹംകൊണ്ടും, സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂർണമാക്കി ജീവിക്കനായി നമുക്ക് പരിശ്രമിക്കാം.
സ്നേഹനാഥാ, അങ്ങയുടെ സ്നേഹം അനുഭവിച്ചറിഞ്ഞുകൊണ്ട് അങ്ങേ രക്ഷ സ്വീകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.