Sunday Homilies

അവൻ വിനയാന്വിതനായി കഴുത കുട്ടിയുടെ പുറത്ത് കയറി വരുന്നു

അവൻ വിനയാന്വിതനായി കഴുത കുട്ടിയുടെ പുറത്ത് കയറി വരുന്നു

കുരുത്തോല തിരുനാൾ

കുരുത്തോല പ്രദിക്ഷണം
വി. മാർക്കോസ് 11:1-10

ദിവ്യബലി
ഒന്നാം വായന: എശയ്യ 50: 4-7
രണ്ടാം വായന: ഫിലിപ്പി 2:6-11
സുവിശേഷം: വി. മാർക്കോസ് 14:1-15: 47

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

ജറുസലേമിലേയ്ക്കുള്ള രാജകീയ പ്രവേശനത്തിൽ യേശുവിനെ ആർപ്പുവിളികളോടുകൂടി എതിരേറ്റവരിൽ ഭൂരിഭാഗവും പെസഹാ തിരുനാളിനായി ദേവാലയത്തിൽ വന്നവരായിരുന്നു.  കൂടാതെ യേശുവിനെ അനുഗമിച്ചിരുന്ന ജനാവലിയും സ്ഥലവാസികളും ഇതിൽ പങ്കെടുക്കുന്നു.  സാഘോഷമായ ജറുസലേം നഗരപ്രവേശനത്തെ വിവരിച്ചുകൊണ്ട് യേശുവിലൂടെ സംജാതമായ ദൈവരാജ്യത്തിന് സുവിശേഷകൻ സാക്ഷ്യം നൽകുകയാണ്.  അതിന്റെ വ്യക്തമായ സൂചനയാണ് രാജാവായ യേശുവിന്റെ കുഴുതകുട്ടിയുടെ പുറത്ത് കയറിയുള്ള യാത്ര.  യേശുവിന്റെ കാലത്തെ റോമൻ സാമ്രാജ്യത്തിലെ അധികാരികൾ മേന്മയേറിയ കുതിരപ്പുറത്തും രഥങ്ങളിലും സഞ്ചരിക്കുമ്പോൾ യേശുവിനും അഞ്ഞൂറു വർഷങ്ങൾക്ക് മുൻപ് “സീയോൻ പുത്രി അതിയായി ആനന്ദിക്കുക, ജറുസലേം പുത്രി അതിയായി ആർപ്പുവിളിക്കുക ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേയ്ക്ക് വരുന്നു. അവൻ പ്രതാപവാനും ജയശാലിയുമാണ്.  അവൻ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുത കുട്ടിയുടെ പുറത്ത് കയറി വരുന്നുവെന്ന്” സഖറിയാ പ്രവാചകൻ വരാനിരിക്കുന്ന രാജാവിനെക്കുറിച്ച് പറഞ്ഞതുപോലെ (സഖറിയ 9: 9) യേശു കഴുത കുട്ടിയുടെ പുറത്ത് കയറി വരുന്നു.

താൻ രാജാവാണന്നും എന്നാൽ അധികാരം കൈയ്യാളുന്ന റോമാക്കാരെപ്പോലയോ, അധികാരത്തെ അക്രമത്തിലൂടെ തോൽപ്പിക്കാൻ ശ്രമിക്കുന്ന ഗലീലിയൻ വിപ്ലവകാരികളെ (zealots) പോലെയോ അല്ല, തന്റെ ശൈലിയും രാജത്വവുമെന്ന് കഴുത കുട്ടിയുടെ പുറത്തുള്ള യാത്രയിലൂടെ യേശു വ്യക്തമാക്കുന്നു.

തന്റെ യാത്രയ്ക്കായി ഗ്രാമത്തിൽ നിന്നഴിച്ചെടുക്കുന്ന കഴുതക്കുട്ടിയെ കർത്താവിന്റെ ആവശ്യം കഴിഞ്ഞാൽ ഉടനെ തിരിച്ചയയ്ക്കുന്നതാണെന്ന് ശിഷ്യന്മാരിലൂടെ മുൻകൂട്ടി പറഞ്ഞ് കൊണ്ട് തന്റെ രാജത്വത്തിലെ മര്യാദയും, മാന്യതയും കാണിക്കുന്നു. തന്റെ അധികാരം മറ്റുള്ളവരുടെ സമ്പത്ത് കൈക്കലാക്കുന്നതിലല്ലന്നും യേശു വെളിപ്പെടുത്തുന്നു.

കർത്താവിന്റെ നാമത്തിൽ ദാവീദിന്റെ രാജ്യം പുന:സ്ഥാപിക്കാൻ വരുന്ന യേശുവിനെ പഴയ നിയമത്തിൽ എലീഷ പ്രവാചകന്റെ കാലത്ത് അഭിഷേകം ചെയ്യപ്പെട്ട ഇസ്രായേൽ രാജാവായ യേഹുവിനെപ്പോലെ (2രാജാക്കന്മാർ 9, 13) ജനങ്ങൾ വസ്ത്രം നിലത്ത് വിരിച്ച് സ്വീകരിക്കുകയാണ്.

ജീവിതത്തിന്റെ വ്യത്യസ്ത അവസ്ഥകളിലും സമസ്ത മേഖലകളിലും ക്രൈസ്തവൻ സ്വീകരിക്കേണ്ട നിലപാട് കഴുത കുട്ടിയുടെ പുറത്ത് വരുന്ന യേശു നമ്മെ പഠിപ്പിക്കുകയാണ്. ഈ ലോകത്തിന്റെ ശക്തിക്കും അധികാരഗർവ്വിനുമെതിരെ ലാളിത്യത്തിന്റെയും സൗമ്യതയുടേയും പാഠവും, വിജയിയാകുമ്പോൾ വിനയമുള്ളവനാകാനും, ജയിക്കുന്നവനേക്കാർ സ്നേഹിക്കുന്നവനാകാനും യേശുവിന്റെ ഈ രാജകീയ യാത്ര നമ്മെ പഠിപ്പിക്കുന്നു.

ഈ ലോക രാജാക്കന്മാരും അവരുടെ രാജത്വവും നശിച്ച്പോയിട്ടും യേശുവിന്റെ ആത്മീയ സ്നേഹ സാമ്രാജ്യം ഇന്നും വളരുന്നത് ഇക്കാരണത്താലാണ്.

ആശീർവദിച്ച കുരുത്തോലകൾ നമ്മുടെ ഭവനങ്ങളിൽ സൂക്ഷിച്ച് ഓരോ ദിവസവും അത് കാണുമ്പോൾ യേശു പഠിപ്പിക്കുന്ന ഈ പാഠം നമുക്കോർമിക്കാം.
ആമേൻ.

ഫാ. സന്തോഷ് രാജൻ

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker