” അവൻ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാർ അവനെ ശുശ്രൂഷിച്ചു”.
" അവൻ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാർ അവനെ ശുശ്രൂഷിച്ചു".
തപസുകാലം: ഒന്നാം ഞായർ
ഒന്നാംവായന: ഉത്പത്തി 9:8-15
രണ്ടാംവായന: 1 പത്രോസ് 3:18-22
സുവിശേഷം: വി.മാർക്കോസ് 1:12-15
ദിവ്യബലിയ്ക്ക് ആമുഖം
നമ്മുടെ ജീവിതത്തെ പതിവിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു വീക്ഷണത്തിലൂടെ ദർശിക്കാനും ദൈവോന്മുഖമാക്കാനും ഈ തപസ്സു കാലം നമ്മെ സഹായിക്കുന്നു. നോഹയുടെ കാലത്ത് പ്രളയത്തിന് ശേഷം മാനവരാശിയോട് രക്ഷയുടെ ഉടമ്പടിയുണ്ടാക്കുന്ന ദൈവം ആ രക്ഷ യേശുവിന്റെ മരണത്തിലുടെയും ഉത്ഥാനത്തിലൂടെയും സകല മനുഷ്യർക്കും നല്കിയെന്നും ജ്ഞാനസ്നാനത്തിലൂടെ ഇന്നും സകലർക്കും പ്രാപ്യമാണെന്നും ഇന്നത്തെ ഒന്നും രണ്ടും വായനകൾ നമ്മെ പഠിപ്പിക്കുന്നു. ആ രക്ഷ പൂർണ്ണമായി ഉൾക്കൊള്ളാനായി അനുതപിക്കാനും സുവിശേഷത്തിൽ വിശ്വസിക്കാനും യേശു നമ്മെ ക്ഷണിക്കുന്നു. ഈ ക്ഷണം സ്വീകരിച്ച് നിർമ്മലമായൊരു ഹൃദയത്തോടെ നമുക്ക് ഈ ബലിയർപ്പിക്കാം.
ദൈവവചന പ്രഘോഷണകർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
തപസ്സുകാലത്തിനനുയോജ്യമായ രീതിയിൽ നമ്മെ അനുതാപത്തിലേയ്ക്ക് ക്ഷണിക്കുന്ന യേശുവിന്റെ വാക്കുകളാണ് ഇന്നത്തെ സുവിശേഷത്തിൽ നാം ശ്രവിച്ചത്. തിരുവചനത്തിൽ നാം ശ്രവിച്ച മരുഭൂമി, നാല്പപതു ദിവസം, പരീക്ഷണം എന്നീ വാക്കുകളും തപസ്സുകാലവുമായി ഈ വാക്കുകൾക്കുള്ള ബന്ധവും നമുക്ക് വ്യക്തമാണ്. എന്നാൽ മറ്റു സുവിശേഷകന്മാർ പറയാത്ത ഒരു സുവിശേഷ വാക്യം വി.മാർക്കോസ് യേശുവിന്റെ മരുഭൂമി അനുഭവത്തെക്കുറിച്ച് പറയുന്നു. “അവൻ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാർ അവനെ ശുശ്രൂഷിച്ചു”. വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ ഈ വിവരണത്തെക്കുറിച്ചുണ്ട്. മരുഭൂമിയിലെ യേശുവിന്റെ അവസ്ഥ പ്രകൃതിയും, മനുഷ്യനും, ദൈവദൂതന്മാരും, ദൈവവും ഒത്തുചേർന്ന ഉത്പത്തി പുസ്തകത്തിലെ പറുദീസയുടെ അവസ്ഥയെ ഓർമിപ്പിക്കുന്നു. യേശു പുതിയനിയമത്തിലെ പുതിയ ആദാമായി വിശേഷിപ്പിക്കുന്നതിന് ആക്കം കൂട്ടുന്നതാണ് ഈ വ്യാഖ്യാനം. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ “ചെന്നായും ആട്ടിൻകുട്ടിയും ഒന്നിച്ച് വസിക്കും” (ഏശയ്യ 11:6-9) എന്ന് തുടങ്ങുന്ന ദൈവരാജ്യത്തെ സംബന്ധിക്കുന്ന വചനവുമായി ഇതിന് ബന്ധമുണ്ട്.
തപസ്സുകാലത്തെ നമ്മുടെ ദൈനംദിന ജീവിതത്തെ കാണിക്കുന്നതാണ് ഈ വചനഭാഗം. വന്യമൃഗങ്ങളുടെ സാന്നിദ്യം ഒരു വ്യക്തിയുടെ ഏകാന്തതയെ സൂചിപ്പിക്കുന്നു. സാധാരണയായി ജനവാസ പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ വരാറില്ല. സാധാരണ ജീവിതത്തിൽ നിന്നകന്നു നിൽക്കുന്നവനാണ് വന്യമൃഗങ്ങളുടെ അടുക്കൽ എത്തിച്ചേരുന്നത് . ഉപവാസവും പ്രാർത്ഥനയും, നോമ്പും അനുഷ്ഠിക്കുമ്പേൾ നമ്മുടെ സഹപ്രവർത്തകരിൽ നിന്നും മറ്റുള്ളവരിൽ നിന്നും, സാധാരണ ജീവിതത്തിൽ നിന്നും മാറിനിൽക്കുന്നതുകൊണ്ട് നമുക്കും ഒരു “ഏകാന്തത”യനുഭവപ്പെടാറുണ്ട്. നാം ഭയപ്പെടേണ്ട ആവശ്യമില്ല കാരണം ദൈവദൂതന്മാർ ശുശ്രൂഷിക്കുന്നതിന് തുല്യമായ ആത്മീയാനന്ദം ഈ നോമ്പ് കാലത്ത് നാം അനുഭവിക്കും. യേശുവിന്റെ മരുഭൂമിയനുഭവത്തിൻ നമ്മുടെ ഓരോരുത്തരുടേയും നോമ്പുകാല വിശ്വാസ ജീവിതമാണ് നാം കാണുന്നത്.
വന്യമൃഗങ്ങളും, ദൈവദൂതമാരും രണ്ട് വ്യത്യസ്തയാഥാർത്ഥ്യങ്ങളാണ്. ഒരു മനുഷ്യന് തന്റെ ഇടവകയിലും സമൂഹത്തിലും വന്യമൃഗവുമാകാം, മാലഖയുമാകാം. നമ്മുടെ നാട്ടിലെ ഏറ്റവും ക്രൂരമായ പ്രവർത്തികളെ മൃഗീയ പ്രവർത്തി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. വലിയ തിന്മകൾ ചെയ്യുന്നവരെക്കുറിച്ച് “അവനിലെ / അവളിലെ മൃഗം പുറത്തു വന്നു” എന്നാണ് പറയാറുള്ളത്. അത് പോലെ തന്നെ നന്മ ചെയ്യുന്നവരേയും അത്യാവശ്യഘട്ടങ്ങളിൽ നമ്മെ സഹായിക്കുന്നവരെ “ദൈവദൂതനെപ്പോലൊരുവൻ / ദൈവദൂതനെപ്പോലൊരുവൾ” എന്ന് നാം വിശേഷിപ്പിക്കാറുണ്ട്.
അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവാനാണ് യേശു നന്മെ ആഹ്വാനം ചെയ്യുന്നത്. അനുതാപം വൈകാരിക തലത്തിൽ മാത്രമുള്ള പ്രവർത്തിയല്ല മറിച്ച് ബൗദ്ധികവും, ആഴമേറിയ ദൈവാശ്രയ ബോധവും നിറഞ്ഞതാണ്. അതുകൊണ്ട്തന്നെ അനുതാപനത്തിലൂന്നി നാമെടുക്കുന്ന തീരുമാനങ്ങൾ താത്കാലികവും, ഈ നാല്പത് ദിവസത്തേയ്ക്ക് മാത്രമുള്ളതുമല്ല മറിച്ച് നമ്മുടെ ജീവിതം മുഴുവൻ സ്വാധീനം ചെലുത്തുവാൻ കഴിയുന്നതായിരിക്കണം. യേശുവിന്റെ ക്ഷണം സ്വീകരിച്ച് അനുതാപത്തിലേയ്ക്ക് തിരിഞ്ഞ് നമുക്ക് മറ്റുള്ളവരുടെ ജീവിതത്തിലെ “ചിറകുകളില്ലാത്ത മാലാഖമാരാകാം”.
ആമേൻ
റവ.ഫാ. സന്തോഷ് രാജൻ