Kerala

അവസരങ്ങൾ ഫലവത്തായി ഉപയോഗിക്കുന്നതിൽ സമുദായാംഗങ്ങൾ പരാജയപ്പെടുന്നതാണ് പിന്നോക്കാവസ്ഥയ്ക്ക് കാരണം; ബിഷപ്പ് ഡോ.അലക്സ് വടക്കുംതല

സഹോദരന്റെ കാവലാളാവുക...

സ്വന്തം ലേഖകൻ

കണ്ണൂർ: ലഭ്യമായ അവസരങ്ങൾ ഫലവത്തായി ഉപയോഗിക്കുന്നതിൽ സമുദായ അംഗങ്ങൾ പരാജയപ്പെടുന്നുവെന്നും, പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സമുദായ അംഗങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നും ബിഷപ്പ് ഡോ.അലക്സ് വടക്കുംതല. സമുദായ ദിനത്തിൽ കണ്ണൂർ രൂപതാ ഭദ്രാസന ദേവാലയമായ ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ അങ്കണത്തിൽ, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമുദായ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ധ്യാത്മികവും, സാമൂഹികവും, രാഷ്ട്രീയവുമായ രംഗങ്ങളിൽ വളർച്ച കൈവരിക്കാൻ നമ്മുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ തയ്യാറാകണമെന്നും, ദൈവ രാജ്യത്തിന്റെ സന്തോഷം മറ്റുള്ളവർക്ക് പങ്കുവെക്കാൻ കഴിയുന്ന വ്യക്തിത്വങ്ങളായി രൂപപ്പെടാൻ ഓരോ സമുദായ അംഗത്തിനും കഴിയണമെന്നും, അതിനായി സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ-അദ്ധ്യാത്മിക രംഗങ്ങളിൽ ഒരു മുന്നേറ്റത്തിന് തയ്യാറെടുക്കാനും ലത്തീൻ സമുദായ അംഗങ്ങളോട് ബിഷപ്പ് ആഹ്വാനം ചെയ്തു.

കെ.എൽ.സി.എ. കണ്ണൂർ രൂപത പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ പതാക ഉയർത്തുകയും, ബിഷപ്പ് സംവരണ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ആഘോഷമായ ദിവ്യബലിക്ക് കത്തീഡ്രൽ വികാരി മോൺ.ക്ലമന്റ് ലെയ്ഞ്ചൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ.തങ്കച്ചൻ, ഫാ.റിജേഷ്, പാരീഷ് കൗൺസിൽ സെകട്ടറി ആൽഫ്രഡ് സെൽവരാജ്, രൂപതാ യൂണിറ്റ് ഭാരവാഹികളായ റിനേഷ് ആന്റണി, ജോയി പീറ്റർ, ഷീജ ഗിൽബർട്ട്, സീമ ക്ലിറ്റസ്, റീജ സ്റ്റീഫൻ, ലിജി സുധീർ, റെജി, ആൽഫ്രഡ് ഫെർണാണ്ടസ്, പീറ്റർ കണ്ണാടിപറമ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker