Vatican

അമലോത്ഭവമാതാവിന്‍റെ തിരുനാളില്‍ പ്രാര്‍ഥനക്കിടെ പൊട്ടിക്കരഞ്ഞ് ഫ്രാന്‍സിസ് പാപ്പ

ഉക്രൈന്‍ ജനതക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോഴാണ് വികാരാധീനനായി പാപ്പ കരഞ്ഞത്

അനില്‍ ജോസഫ്

റോം : ഇന്നലെ വൈകിട്ട് അമലോത്ഭവ മാതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് നടന്ന ഫ്രാര്‍ഥനക്കിടെ വികാരഭരിതമായ നിമിഷങ്ങള്‍. പ്രാര്‍ഥനക്കിടെ ഫ്രാന്‍സിസ് പാപ്പ പൊട്ടിക്കരഞ്ഞു. റോമിലെ പിയാസ ഡി സ്പാഗ്നയില്‍ അമലോത്ഭവമാതാവിന്‍റെ തിരുസ്വരൂപത്തിന് മുന്നിലെ പ്രാര്‍ഥനയിലാണ് ലോക ജനതക്ക് മുന്നില്‍ പാപ്പയുടെ കണ്ണിര്‍വാര്‍ക്കല്‍.

കൊവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സന്ദര്‍ശനം അതിരാവിലെ ആയിരുന്നുവെങ്കിലും ഇത്തവണ തിരുനാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെയാണ് പാപ്പയെത്തിയത്.

പരമ്പരാഗതമായി, പ്പാപ്പ തിരുസ്വരൂപത്തിന് കീഴില്‍ വെളുത്ത റോസാപ്പൂക്കള്‍ സമര്‍പ്പിക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. നടക്കാന്‍ സാധിക്കാത്തതിനാല്‍ പാപ്പക്കുവേണ്ടി സഹായികള്‍ കൂറ്റന്‍ റോസ് ബൊക്കെ സമര്‍പ്പിച്ചു.

ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ഥിച്ച പാപ്പ രോഗികളെയും വയോധികരെയും തന്‍റെ പ്രാര്‍ഥനയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഉക്രൈന്‍ ജനതക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോഴാണ് വികാരാധീനനായി പാപ്പ കരഞ്ഞത്. പ്രാര്‍ഥനക്കിടെ വാക്കുകള്‍ മുറിഞ്ഞ പാപ്പ അല്‍പ്പ സമയം നിശബ്ദനായി നിന്ന ശേഷം ഇടറിയ സ്വരത്തില്‍ പ്രാര്‍ഥന തുടര്‍ന്നു.

സ്നേഹം വിദ്വേഷത്തെ കീഴടക്കുമെന്നും സത്യം അസത്യത്തെ കീഴടക്കുമെന്നും ക്ഷമ കുറ്റങ്ങളെ കീഴടക്കുമെന്നും പ്പാപ്പ തന്‍റെ പ്രാര്‍ത്ഥനയില്‍ ഉരുവിട്ടു. റോമിലെ മേയറും ഇവാഞ്ചലൈസേഷന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ടാഗ്ളെയാമുള്‍പ്പെടെയുളളവര്‍ പ്രാര്‍ഥനയില്‍ സന്നിഹിതരായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇരുപതിനായിരം പേര്‍ ഇന്നലെ പാപ്പയോടെപ്പം പ്രാര്‍ഥനയില്‍ പങ്ക് ചേര്‍ന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker